Skip to main content

ഹരിത പെരുമാറ്റചട്ടം പാലിച്ച് വൈക്കത്ത് അഷ്ടമി ആഘോഷം

  വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവം ഹരിതാഭമായി ആഘോഷിക്കുന്നതിന് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ വിജയത്തിലേക്ക്. ഹരിതപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിച്ച്  ഇത് ആദ്യമായാണ് വൈക്കത്തഷ്ടമി ആഘോഷിക്കുന്നത്. ഹരിതകേരള മിഷന്‍, ജില്ലാ ശുചിത്വ മിഷന്‍, വൈക്കം നഗരസഭ എന്നിവ സംയുക്തമായാണ് ക്ഷേത്ര പരിസരത്ത് ഹരിത ചട്ട പാലനത്തിന് നേതൃത്വം നല്‍കുന്നത്.

ഫ്ളക്സ് ബോര്‍ഡുകള്‍, 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്ക് വസ്തുക്കള്‍, ഡിസ്പോസിബിള്‍ പാത്രങ്ങള്‍, ഗ്ലാസുകള്‍ എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും പ്രകൃതി സൗഹൃദ വസ്തുക്കള്‍കൊണ്ടുള്ള ബോര്‍ഡുകളാണ്  സ്ഥാപിച്ചിരിക്കുന്നത്.

അന്നദാന വിതരണത്തിന് സ്റ്റീല്‍ പാത്രങ്ങളും കുടിവെള്ള വിതരണത്തിന്  മണ്‍ ഗ്ലാസുകളും സ്റ്റീല്‍ ഗ്ലാസുകളുമാണ് ഉപയോഗിക്കുന്നത്. ക്ഷേത്രപരിസരത്ത് സ്ഥാപിച്ചിട്ടുളള ഹരിത ബൂത്തുകളില്‍ പേപ്പര്‍ ബാഗുകള്‍ വിതരണം  ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക് നിരോധനം ഉറപ്പാക്കാന്‍ നഗരസഭയുടെ  നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന്  സ്ഥാപിച്ചിട്ടുളള ജൈവ ബിന്നുകളില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന്  നഗരസഭയുടെ ഹരിതകര്‍മ്മ സേനാംഗങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരും രംഗത്തുണ്ട്. ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും വേര്‍തിരിച്ച് സംസ്കരിക്കുന്നതിനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

date