Skip to main content

സ്ത്രീ ശാക്തീകരണത്തിന്‍റെ ലക്ഷ്യം സ്വയംപര്യാപ്തത:   അഡ്വ. സുരേഷ് കുറുപ്പ് എം.എല്‍.എ

    സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുന്നത് സ്ത്രീകളുടെ സാമ്പത്തിക സ്വയം പര്യാപ്തതയും സാമൂഹികരംഗത്തെ മുന്നേറ്റവുമാണെന്ന് അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ പറഞ്ഞു.  വനിതാ ശിശു വികസന വകുപ്പിന്‍റെ സ്ത്രീ ശാക്തീകരണ പരിപാടിയുടെ ഭാഗമായി സധൈര്യം മുന്നോട്ട് ശില്പശാല അയ്മനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പ് വരുത്തേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്വമാണ്. സമൂഹത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുറന്ന് പറയാന്‍ സ്ത്രീകളും കുട്ടികളും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

അയ്മനം ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്  എ. കെ. ആലിച്ചന്‍ അദ്ധ്യക്ഷത വഹിച്ചു.  ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്  ബീന ബിനു,  ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ. വി. ബിന്ദു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സാലി ജയചന്ദ്രന്‍, വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ പി.എന്‍ ശ്രീദേവി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി.ജെ. ബിനോയ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷീജ അനില്‍, ഐ.സി.ഡി.എസ് സെല്‍ സീനിയര്‍ സൂപ്രണ്ട് കെ.ആര്‍. ബിന്ദു ഭായ് തുടങ്ങിയവര്‍   സംസാരിച്ചു.

തുടര്‍ന്ന്  ലിംഗനീതി എന്ന വിഷയത്തില്‍ നടത്തിയ ശില്പശാല വനിതാ ശിശു വികസന വകുപ്പ് സംസ്ഥാന ജെന്‍ഡര്‍ അഡ്വൈസര്‍ ഡോ. റ്റി. കെ. ആനന്ദി  നയിച്ചു. ജില്ലയിലെ വിവിധ ബി.എഡ് കോളേജുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

date