Skip to main content

പ്രൊബേഷന്‍ ദിനം; ജില്ലാതല ഉദ്ഘാടനം നടത്തി

 ജില്ലാ പ്രൊബേഷന്‍ ഓഫീസ,് സാമൂഹ്യനീതി വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രൊബേഷന്‍ ദിനാചരണ (നല്ലനടപ്പ് ദിവസം) ത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി. തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടത്തിയ പരിപാടി ഇടുക്കി ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് മുഹമ്മദ് വസിം ഉദ്ഘാടനം ചെയ്തു. തൊടുപുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജെസ്സി ആന്റണി അദ്ധ്യക്ഷയായി. നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.ഹരി, ജില്ലാ പ്രൊബേഷന്‍ ആന്റ് സാമൂഹ്യ നീതി ഓഫീസര്‍ ജി.ഗോപകുമാര്‍, ജില്ലാതല പ്രൊബേഷന്‍ ഉപദേശക സമിതിയംഗം കെ.പി.മേരി, വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ സോഫി ജേക്കബ്ബ്, മുട്ടം ജില്ലാ ജയില്‍ സൂപ്രണ്ടണ്‍് അന്‍സാര്‍.കെ.ബി, ജില്ലാ പ്രൊബേഷന്‍ അസിസ്റ്റന്റ് മാത്യൂസ് തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് പ്രൊബേഷന്‍ സംവിധാനം ശക്തിപ്പെടുത്താന്‍ ജുഡീഷ്യറി, പോലീസ്, പ്രൊസിക്യൂഷന്‍, അഡ്വക്കേറ്റ്‌സ് എന്നിവയുടെ പങ്ക് എന്ന വിഷയത്തില്‍ സെമിനാറും ചര്‍ച്ചയും നടത്തി. അന്തരിച്ച ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ ജന്‍മദിനമായ നവംബര്‍ 15 ആണ് സംസ്ഥാനത്ത് പ്രൊബേഷന്‍ ദിനമായി ആചരിക്കുക. കേരളത്തില്‍ ആദ്യമായാണ് പ്രൊബേഷന്‍ ദിനാചരണം (നല്ലനടപ്പ് ദിനം) നടത്തിയത്.

പ്രൊബേഷന്‍

ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെങ്കില്‍ കൂടി കേസിന്റെ പ്രകൃതം, കുറ്റവാളിയുടെ സ്വഭാവം, കുടുംബ പശ്ചാത്തലം, പൂര്‍വ്വ ചരിത്രം എന്നിവ കണക്കിലെടുത്ത് ചില വ്യവസ്ഥകള്‍ക്ക് വിധേയമായി ഒരു കുറ്റവാളിയുടെ ജയില്‍ ശിക്ഷ മാറ്റി വക്കുന്ന സംവീധാനമാണ് പ്രൊബേഷന്‍. കുറ്റവാളിയെ സമൂഹത്തില്‍ തന്നെ ജീവിക്കാന്‍ അവസരം നല്‍കി മന:പരിവര്‍ത്തനവും സാമൂഹിക പുനരധിവാസവും സാധ്യമാക്കി സമൂഹത്തിനുതകുന്ന ഉത്തമ പൗരനാക്കി മാറ്റുന്ന സാമൂഹ്യ പ്രതിരോധ ചികിത്സാ സമ്പ്രദായമാണ് പ്രൊബേഷന്‍ അഥവാ നല്ല നടപ്പ് ജാമ്യം. 1958 - ലെ പ്രൊബേഷന്‍ ഓഫ് ഒഫന്റെഴ്‌സ് ആക്ട് ആണ് കുറ്റവാളിയെ പ്രൊബേഷനില്‍ വിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിലവിലുള്ള നിയമം.

സംസ്ഥാനത്ത് 16 ജില്ലാതല പ്രൊബേഷന്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടണ്‍്. തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന ഉപദേശക സമിതിയുടെ മേല്‍നോട്ടത്തില്‍ പോലീസ്, ജയില്‍, ജുഡീഷ്യറി, തദ്ദേശസ്വയംഭരണം, സാമൂഹ്യനീതി തുടങ്ങിയ വകുപ്പുകളുടേയും സന്നദ്ധ സംഘടനകളുടെയും ഏകോപനത്തോടെയും പങ്കാളിത്തത്തോടെയുമാകും ജില്ലാ പ്രൊബേഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തനം. ജില്ലാ കളക്ടറാണ് സമിതിയുടെ ചെയര്‍മാന്‍. തൊടുപുഴ മിനി സിവില്‍ സ്റ്റേഷനിലാണ് ഇടുക്കി ജില്ലാ പ്രൊബേഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ 296 ഉം ഇടുക്കിയില്‍ 22 ഉം കുറ്റവാളികള്‍ പ്രൊബേഷന്‍ അഥവാ നല്ലനടപ്പ് ജാമ്യത്തില്‍ കഴിയുന്നുണ്ടണ്‍്.

നേര്‍വഴി

കേരളത്തില്‍ പ്രൊബേഷന്‍ സമ്പ്രദായത്തെ ആധുനികവല്‍ക്കരിച്ച് ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് നേര്‍വഴി. കുറ്റവാളികളെ പ്രൊബേഷന്‍ സംവിധാനം വഴി മാനസികവും സാമൂഹികവുമായി പരിവര്‍ത്തനം ചെയ്ത് സമൂഹത്തിന് പ്രയോജനപ്പെടുന്ന പൗര•ാരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 'കുറ്റകൃത്യത്തെ തുരത്താം കുറ്റവാളിയെ തിരുത്താം' എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം.

 

date