Skip to main content
നിറവ് ഗോത്രകലോത്സവത്തിന് തുടക്കം കുറിച്ച് കുമളിയില്‍ നടന്ന വിളംബര റാലി

വിളംബരറാലിയോടെ നിറവ് ഗോത്രകലോത്സവത്തിന് തുടക്കം

സംസ്ഥാനത്തെ ആദിവാസി കലാകാരന്‍മാരുടെ കലാ - സാംസ്‌കാരിക കഴിവുകളെ കോര്‍ത്തിണക്കി കൊണ്ട് സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെയും യുവജന കമ്മീഷന്റെയും സംയുക്താഭിമുഖ്യത്തില്‍ കുമളിയില്‍ സംഘടിപ്പിക്കുന്ന 'നിറവ്' ഗോത്രകലോത്സവത്തിന് തുടക്കം കുറിച്ച് വിളംബര റാലി നടന്നു. കുമളി ഗവ. ട്രൈബല്‍ യു.പി സ്‌കൂളിനു സമീപത്തു നിന്നും ആരംഭിച്ച വിളംബര റാലി കുമളി ഗ്രാമപഞ്ചായത്തംഗം പി.ബിജു ഫ്ലാഗ് ഓഫ് ചെയ്തു. ഇടുക്കി ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ആര്‍.തിലകന്‍, ഇ.ജി സത്യന്‍, അഴുത ബ്ലോക്ക് പഞ്ചായത്തംഗം കെ.എ.അബ്ദുള്‍ റസാഖ്, എം.എസ്.തങ്കപ്പന്‍, ചന്ദ്രന്‍കുട്ടി, സദാശിവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പളിയക്കുടി, മന്നാക്കുടി ഊരുകളില്‍ നിന്നുള്ളവര്‍, സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത റാലി കുമളിയില്‍ സമാപിച്ചു.

ഇന്ന് (16ന് ) രാവിലെ 10ന് കുമളി ഹോളിഡേ ഹോമില്‍ നിറവ് ഗോത്ര സാംസ്‌കാരികോത്സവ സമ്മേളനം കേരള ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ കുട്ടപ്പന്‍ ഉദ്ഘാടനം ചെയ്യും. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.വി കുഞ്ഞിക്കൃഷ്ണന്‍ അധ്യക്ഷനായിരിക്കും. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി അപ്പുക്കുട്ടന്‍ സ്വാഗതം ആശംസിക്കും. സംസ്ഥാന യുവജനകമ്മീഷന്‍ ചെയര്‍മാന്‍ ചിന്ത ജെറോം മുഖ്യപ്രഭാഷണം നടത്തും. 11.30ന് 'ആദിവാസി വികസനം സമീപനങ്ങളും സാധ്യതകളും' എന്ന വിഷയത്തില്‍ സെമിനാര്‍ ഇ.എസ് ബിജിമോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മലയാളം സര്‍വ്വകലാശാല സോഷ്യോളജി വിഭാഗം അസി. പ്രൊഫസര്‍ സൂസന്‍ ഐസക് വിഷയാവതരണം നടത്തും. തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ട്രൈബല്‍ ലൈബ്രറികളിലെ കലാകാരന്‍മാര്‍  ഗോത്ര കലാരൂപങ്ങള്‍ അവതരിപ്പിക്കും.

17ന് രാവിലെ ഒമ്പതു മണിക്ക് ട്രൈബല്‍ ലൈബ്രറികളുടെ പ്രവര്‍ത്തനവും പരിപാടികളും എന്ന വിഷയത്തില്‍ ഡോ. പി.കെ ഗോപന്‍ സെമിനാര്‍ അവതരിപ്പിക്കും. ഉച്ചക്ക് രണ്ടിന് സമാപന സമ്മേളനം ചവറ കെ.എസ് പിള്ള ഉദ്ഘാടനം ചെയ്യും. ഇടുക്കി ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ആര്‍. തിലകന്‍ അധ്യക്ഷത വഹിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഇ.ജി. സത്യന്‍ സ്വാഗതവും സ്വാഗതസംഘം ചെയര്‍മാന്‍ കെ.എ അബ്ദുള്‍ റസാഖ് കൃതജ്ഞതയും പറയും.
 

date