Skip to main content

ബോധവൽക്കരണ പരിപാടി 21 മുതൽ

കേന്ദ്ര ഗവൺമെന്റിന്റെ ഫീൽഡ് ഔട്ട്‌റീച്ച് ബ്യൂറോ തൃശ്ശൂർ യൂണിറ്റ്, കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് നവംബർ 21 മുതൽ ത്രിദിന പൊതുജനബോധവൽക്കരണ പരിപാടി സംഘടിപ്പിക്കും. കേന്ദ്ര പദ്ധതികൾ, ഗാന്ധിജിയുടെ ജീവിതം, അദ്ദേഹത്തിന്റെ കേരള സന്ദർശനം എന്നിവ പ്രതിപാദിക്കുന്ന പ്രദർശനവും ഉണ്ടായിരിക്കും. നവംബർ 21 ന് രാവിലെ 10 മണിക്ക് കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി ചെയർമാൻ കെ.ആർ.ജൈത്രൻ ഉദ്ഘാടനം നിർവ്വഹിക്കും. കൊടുങ്ങല്ലൂർ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന പരിപാടിയിൽ കാനറ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബി.എസ്.എൻ.എൽ, തപാൽ വകുപ്പ്, ആരോഗ്യ കേരളം, കുടുംബശ്രീ, ഹോർട്ടികോർപ്പ്, ഹരിതകേരളം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ, മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ തുടങ്ങിയവയുടെ എക്‌സിബിഷൻ സ്റ്റാളുകളും ഉണ്ടായിരിക്കും. സൗജന്യ പ്രമേഹ രോഗ, ബി.പി. പരിശോധനയും ഉണ്ടായിരിക്കും. വ്യാഴാഴ്ച ഉദ്ഘാടനത്തെ തുടർന്ന് തൃശ്ശൂർ ആകാശവാണി നിലയത്തിന്റെ ആഭിമുഖ്യത്തിൽ കലാമണ്ഡലം പി.വി. ഈശ്വരനുണ്ണിയുടെ കൂത്ത് അരങ്ങേറും. തുടർന്ന് ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ഡബ്ല്യൂഎച്ച്ഒ മുൻ കൺസൾട്ടന്റും മലപ്പുറം ജില്ലാ ടി.ബി. ഓഫീസറുമായ ഡോ.സി.ബി. പ്രിധീഷ് ക്ലാസ്സെടുക്കും.
നവംബർ 22 ന് രാവിലെ 10 മണിക്ക് പോസ്റ്റോഫീസ് സേവിംഗ്‌സ് അക്കൗണ്ട്, 10 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികൾക്കായുള്ള സുകന്യ സമൃദ്ധി യോജന, ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് എന്നിവയെക്കുറിച്ച് തപാൽ വകുപ്പുദ്യോഗസ്ഥർ ക്ലാസ്സെടുക്കും. തുടർന്ന് കേരള കലാമണ്ഡലത്തിലെ പി.ജി. വിദ്യാർത്ഥിനി കവിത ഗീതാനന്ദൻ ഓട്ടൻതുള്ളൽ അവതരിപ്പിക്കും.
നവംബർ 23 ന് രാവിലെ 10 മണിക്ക് ബാങ്കിംഗ് സേവനങ്ങൾ, പൊതുമേഖലാ ബാങ്കുകൾ മുഖേന നടപ്പാക്കുന്ന, കുറഞ്ഞ പ്രീമിയം നിരക്കിലുള്ള ഇൻഷുറൻസ്, പെൻഷൻ പദ്ധതികൾ, ഗ്രാമീണ സ്വയംതൊഴിൽ പരിശീലനം എന്നിവയെക്കുറിച്ച് തൃശ്ശൂർ ജില്ലാ സാമ്പത്തിക സാക്ഷരത കൗൺസലർ വി.ആർ.രാമചന്ദ്രൻ ക്ലാസ്സെടുക്കും. തുടർന്ന് കേരള കലാമണ്ഡലത്തിലെ വിദ്യാർത്ഥികൾ നൃത്തനൃത്യങ്ങൾ അവതരിപ്പിക്കും.

date