Skip to main content

സ്വകാര്യ ബസിൽ ടിക്കറ്റ് നൽകാത്തത് പെർമിറ്റ് ലംഘനം; കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കും

നിയമാനുസൃതമായി ടിക്കറ്റ് നൽകാത്ത സ്വകാര്യ ബസുകൾക്കെതിരെ പെർമിറ്റ് വ്യവസ്ഥയുടെ ലംഘനമായി കണക്കാക്കി തുടർനടപടി സ്വീകരിക്കാൻ റീജ്യനൽ ട്രാൻസ്‌പോർട്ട് അതോറിറ്റി തീരുമാനിച്ചു. ടിക്കറ്റ് നൽകാത്ത സ്വകാര്യ ബസുകളിലെ കണ്ടക്ടർമാരുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുളള നടപടികളും സ്വീകരിക്കുമെന്ന് മധ്യമേഖല ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു. മധ്യമേഖലയിൽ ഉൾപ്പെടുന്ന തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ, പ്രത്യേകിച്ച് തൃശൂർ ജില്ലയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ ടിക്കറ്റ് നൽകുന്നതില്ലെന്ന് പരാതി വ്യാപകമായതിനെ തുടർന്നാണ് നടപടി. കൂടാതെ താഴെ പറയുന്ന നിയമലംഘനങ്ങളും ബസ്സുകളിൽ വ്യാപകമായി കാണുന്നു. വിദ്യാർത്ഥികളെ കയറ്റാതിരിക്കുക, അർഹരായവർക്ക് കൺസഷൻ നൽകാതിരിക്കുക, എയർ ഹോൺ, മ്യൂസിക് ഹോൺ എന്നിവ ഘടിപ്പിക്കുക, സ്റ്റീരിയോ സിസ്റ്റം ഘടിപ്പിക്കുക, സ്പീഡ് ഗവർണർ പ്രവർത്തിപ്പിക്കാതിരിക്കുക, ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവർ യൂണിഫോം, നെയിം ബാഡ്ജ് എന്നിവ ധരിക്കാതിരിക്കുക, വാഹനത്തിന് ഫെയർ ചാർജ്ജ്, വാഹനത്തിന് പുറത്ത് സമയപട്ടിക എന്നിവ പ്രദർശിപ്പിക്കാതിരിക്കുക, അനുവദിച്ച ട്രിപ്പുകളിൽ സർവീസ് നടത്താതിരിക്കുക, ഫസ്റ്റ് എയ്ഡ് ബോക്‌സ് സൂക്ഷിക്കാതിരിക്കുക. ഇത്തരം നിയമലംഘനങ്ങൾക്കതിരെ കർശന നടപടികൾ സ്വീകരിക്കുവാൻ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകൾ ഉൾപ്പെടെയുളള എല്ലാ ഉദ്യോഗസ്ഥരോടും നിർദ്ദേശിച്ചതായും അറിയിച്ചു.

date