Skip to main content

ഭക്ഷണം കഴിക്കാനുള്ള പണം ജനുവരി മുതൽ  കായിക വിദ്യാർത്ഥികളുടെ   അക്കൗണ്ടിലേക്ക് നൽകും- മന്ത്രി ഇ പി ജയരാജൻ 

കായിക വിദ്യാർഥികൾക്ക് ഭക്ഷണം കൊടുക്കാൻ  സ്കൂൾ അക്കൗണ്ടിലേക്ക് നൽകിയിരുന്ന തുക ജനുവരി മുതൽ കുട്ടികളുടെ അക്കൗണ്ടിലേക്ക് നൽകുമെന്ന് വ്യവസായ കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജൻ.  മൂവായിരത്തോളം വിദ്യാർഥികളാണ് വിവിധ സ്കൂളുകളിലായി കായിക പരിശീലനം നേടുന്നത്. ഈ കുട്ടികൾ അവർക്ക് ഇഷ്ടമുള്ളത് കഴിച്ച് ആരോഗ്യം ഉള്ളവരായി വളരണം എന്നും മന്ത്രി പറഞ്ഞു.
 നടുവണ്ണൂർ വോളിബോൾ അക്കാദമിയുടെ നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. 

 കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 245 കായിക താരങ്ങൾക്ക് ജോലി നൽകാൻ സാധിച്ചു. എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് അർഹതപ്പെട്ട  കായിക താരങ്ങൾക്ക്  സംരക്ഷണം നൽകാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.  ആയിരം കോടി രൂപയാണ് കായിക മേഖലയുടെ വികസനത്തിനായി നീക്കി വച്ചിരിക്കുന്നത്. കേരളത്തിൽ നാൽപതിനായിരം കോടി രൂപയുടെ വികസനം നടന്നുകൊണ്ടിരിക്കുകയാണെന്നും 10 വർഷം കൊണ്ട് ചെലവഴിച്ച തുക മുഴുവൻ തിരികെ വരുമെന്നും അദ്ദേഹം പറഞ്ഞു.  ചടങ്ങിൽ മന്ത്രി ടി പി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.  പുരുഷൻ കടലുണ്ടി എം. എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി എന്നിവർ മുഖ്യാതിഥികളായി.

നടുവണ്ണൂരിലെ കാവുന്തറയിൽ 74.37 സെന്റ് സ്ഥലത്ത് 9.24 കോടി രൂപ ചെലവിലാണ് അക്കാദമി നിർമ്മിക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള  ഇൻഡോർ സ്റ്റേഡിയവും ഒരു ഔട്ട് ഡോർ കോർട്ടും നിർമ്മിക്കും. അക്കാദമിയുടെ പ്രവൃത്തി പൂർത്തിയാവുന്നതോടെ മേപ്പിൾ വുഡ് ഫ്ലോറിങ്ങോട് കൂടിയ വോളിബോൾ കോർട്ട്,  ഇൻഡോർ സ്റ്റേഡിയം,  ഡോർമിറ്ററി, സിന്തറ്റിക് അക്രിലിക് ഫ്ലോറിങ്ങോട്  കൂടിയ ഔട്ട്ഡോർ വോളിബോൾ കോർട്ട് തുടങ്ങിയ സൗകര്യങ്ങൾ ആണ് ഉണ്ടാവുക. കായിക യുവജനകാര്യ വകുപ്പ് എൻജിനീയറിങ് വിഭാഗത്തിന്റെ  മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുക. പതിനാല് മാസം കൊണ്ട് പ്രവൃത്തി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

 

 

റോട്ടാ വൈറസ് വാക്‌സിൻ 20 മുതൽ 

 

 

ദേശീയ പ്രതിരോധ കുത്തിവെപ്പ് പട്ടികയിൽ റോട്ട വൈറസ് വാക്‌സിൻ കൂടി ഉൾപ്പെടുത്തിയത് ജില്ലയിൽ നവംബർ 20 മുതൽ നടപ്പിലാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ഡോ വി ജയശ്രീ അറിയിച്ചു.  ഒരു വയസ്സിനു താഴെയുള്ള കുട്ടികളിൽ കാണപ്പെടുന്ന വയറിളക്ക രോഗങ്ങൾക്ക് കാരണമാകുന്ന റോട്ടാ  വൈറസിനെതിരെയാണ് വാക്‌സിൻ നൽകുന്നത്. 
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (നവംബർ 20)രാവിലെ 9 മണിക്ക് കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും  ആശുപത്രിയിൽ ജില്ലാ കളക്ടർ സീറാം സാംബശിവ റാവു നിർവഹിക്കും. 6, 10, 14 ആഴ്ച പ്രായമുള്ള കുഞ്ഞുങ്ങൾക്ക് കുത്തിവെപ്പിനോടൊപ്പം ആണ് വാക്‌സിൻ  നൽകുന്നത്. ശിശുമരണ നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യവുമായാണ് ദേശീയതലത്തിൽ പ്രതിരോധകുത്തിവെപ്പ് പട്ടികയിൽ ഈ വാക്‌സിൻ ഉൾപ്പെടുത്തിയത്.  2.5 മില്ലി ഡോസ് ആണ് കുട്ടികൾക്ക് നൽകുക.  നേരത്തെ തന്നെ ദേശീയതലത്തിലും സ്വകാര്യ ആശുപത്രികളിലും ഈ വാക്സിൻ നൽകി വരുന്നുണ്ട്.

  കായിക യുവജന കാര്യാലയം ഡയറക്ടർ ജെറോമിക് ജോർജ്, അഡീഷണൽ ഡയറക്ടർ ബി അജിത് കുമാർ,  നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യശോദ തെങ്ങിട,  വോളിബോൾ അക്കാദമി സെക്രട്ടറി കെ വി ദാമോദരൻ,  വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 

 

പുതുപ്പാടിയില്‍ സ്‌നേഹിതാ കോളിങ്‌ബെല്‍ 
വാരാചരണത്തിന് തുടക്കമായി

 

 

പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍, സമൂഹത്തില്‍ ഒറ്റയ്ക്ക് താമസിക്കുന്നവരും സാമൂഹ്യവുമായ പിന്നോക്കം നില്‍ക്കുന്നവര്‍ക്കുമായി നടപ്പിലാക്കുന്ന സ്‌നേഹിത കോളിംഗ് ബെല്‍ വാരാചരണത്തിന് തുടക്കമായി. പഞ്ചായത്തിലെ മുഴുവന്‍ അയല്‍ക്കൂട്ട പ്രദേശങ്ങളിലും നടപ്പിലാക്കുന്ന പദ്ധതിയുടെ വാരാചരണ ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൈമൂന ഹംസ കാവുംപുറം വാര്‍ഡിലെ പന്തലാനിക്കല്‍ ജാനുവിന്റെ വീട്ടിലും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ രാകേഷ് വെസ്റ്റ്‌കൈതപ്പൊയില്‍ വാര്‍ഡിലെ വെള്ളാരംകാലയില്‍ അന്നമ്മയുടെ വീട്ടിലും സന്ദര്‍ശനം നടത്തിയാണ്  നിര്‍വഹിച്ചത്. 

ഗ്രാമപഞ്ചായത്തിലെ  പിന്‍തുണ ആവശ്യമുള്ള 94 ഗുണഭോക്താക്കളെ സര്‍വേയിലൂടെയാണ് സമൂഹത്തില്‍ ഒറ്റപ്പെട്ടു താമസിക്കുന്നതായി കണ്ടെത്തിയത്. ഒറ്റപ്പെട്ടു താമസിക്കുന്നവര്‍ക്ക് ശ്രദ്ധയും പരിചരണവും നല്‍കുന്നതിനു പൊതു സമൂഹത്തിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും ജനപ്രതിനിധികളുടെയും സഹകരണവും പിന്തുണയും ഏകോപിപ്പിക്കുക എന്നതാണ് കോളിംഗ്‌ബെല്‍ വാരാചരണത്തിന്റെ ലക്ഷ്യം.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരും ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ജനപ്രതിനിധികളും കുടുംബശ്രീ, എഡിഎസ്, സിഡിഎസ് അംഗങ്ങള്‍ എന്നിവര്‍  ഒറ്റയ്ക്ക് താമസിക്കുന്നവരുടെ ഗൃഹസന്ദര്‍ശനം നടത്തി  സാമൂഹ്യ പിന്തുണ ഉറപ്പാക്കി. കൂടാതെ ജില്ലാ മിഷന്‍ തയ്യാറാക്കി നല്‍കിയ സന്ദേശം അയല്‍ക്കൂട്ട യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും മുഴുവന്‍ അംഗങ്ങളും പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനം നടത്തിയ അയല്‍ക്കൂട്ടങ്ങളെ  വാര്‍ഡ് തലത്തില്‍ തെരഞ്ഞെടുക്കുകയും ചെയ്തു. 

ഗുണഭോക്താക്കള്‍ക്ക് വേണ്ടി ഇത്‌വരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു തയ്യാറാക്കിയ റിപ്പോര്‍ട്ട് സിഡിഎസിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന് 21 ന് സമര്‍പ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ രാജേഷ് ജോസ്, അഷ്റഫ് ഒതയോത്ത്, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ഐബി റെജി, മുജീബ് മാക്കണ്ടി, മെമ്പര്‍മാരായ ഷാഫി വളഞ്ഞപാറ, കെ.കെ.നന്ദകുമാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ സീനചന്ദ്രന്‍, വൈസ് ചെയര്‍പേഴ്സണ്‍ ഷീബ സജി,സിഡിഎസ് അംഗം ഉഷ വിനോദ്, എഡിഎസ് ഭാരവാഹികളായ ശ്രീജ സന്തോഷ്, പുഷ്പ വിശ്വന്‍, രമ്യരവീന്ദ്രന്‍, നഫീസ അഹമ്മദ്കുട്ടി എന്നിവര്‍ സംസാരിച്ചു.

 

 

കായികരംഗത്തെ വികസനത്തിന് 1000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനം നടത്തും - മന്ത്രി ഇ പി ജയരാജൻ

 

 

സംസ്ഥാനത്തെ കായിക രംഗത്തിന്റെ വികസനത്തിന് 1000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് കിഫ് ബി മുഖേന നടപ്പിലാക്കുന്നതെന്ന് വ്യവസായ ,സ്പോർട്സ് വകുപ്പ് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. മേപ്പയ്യൂർ ഹയർ സെക്കന്ററി സ്കൂളിൽ നിർമ്മിക്കുന്ന സ്പോർട്സ് ഫെസിലിറ്റി സെന്ററിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ കായികരംഗം നേരിട്ട ഏറ്റവും വലിയ പ്രശ്നം അടിസ്ഥാന വികസനത്തിന്റെ അഭാവമാണ്. എന്നാലിന്ന് കായികരംഗം അഭിവൃദ്ധിയുടെ പാതയിലാണ് .കിഫ്ബി യിൽ പെടുത്തി 14 ജില്ലാ സ്റ്റേഡിയങ്ങളിലും സിന്തറ്റിക് ട്രാക്ക് സജ്ജമാക്കി. 43 കായിക സമുച്ചയങ്ങളിൽ 24 എണ്ണത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടന സജ്ജമാക്കി കഴിഞ്ഞു. 1000 കോടിയുടെ വികസനം സാധ്യമാകുമ്പോൾ 43 ഫുട്ബോൾ ഗ്രൗണ്ടുകൾ,27 സിന്തറ്റിക് ട്രാക്കുകൾ ,33 ഇൻഡോർ സ്റ്റേഡിയങ്ങള്‍ എന്നിവയുടെ നിർമ്മാണം പൂർത്തിയാകും. വിദേശ പരിശീലകരുടെ സേവനം നമ്മുടെ കായിക താരങ്ങൾക്കും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. കായിക മേഖലയെ ഉണർവിന്റെ പാതയിലേക്ക് നയിക്കാൻ മുൻഗണന നൽകുകയാണ്. കേരളത്തിൽ ഈ വർഷം 2 സ്പോർട്സ് സ്കൂൾ ആരംഭിക്കും. കായിക താരങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. സന്തോഷ് ട്രോഫി ജേതാക്കളായ 11 കളിക്കാർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോലി നൽകി കഴിഞ്ഞു. മലപ്പുറത്ത് ഫുട്ബാൾ അക്കാദമി തുടങ്ങും. കടലോര മേഖലയിലുള്ളവരെ ആകർഷിക്കാൻ ബീച്ച് ഫുട് ബോൾ തുടങ്ങിയ വിവിധങ്ങളായ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. 16 വിദ്യാലയങ്ങളുള്ള മേപ്പയ്യൂരിൽ നല്ല കളിക്കളങ്ങൾ ഇല്ല എന്നത് പോരായ്മയാണ്. അന്താരാഷ്ട്ര നിലവാരമുള്ള കളിക്കളങ്ങൾ മേപ്പയ്യൂരിലുണ്ടാകുന്നത് അഭിമാനമാണ്. ഒരു വർഷം കൊണ്ട് സ്പോർട്സ് ഫെസിലിറ്റി സെൻറർ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. ജില്ലയിൽ നിരവധി സ്വകാര്യ കളിക്കളങ്ങൾണ്ടാവുകയാണ് വലിയ മാറ്റമാണിത് .കി ഫ്ബി വഴി ലഭ്യമാകുന്ന വികസന പ്രവർത്തനങ്ങൾ തടയാൻ ചിലർ ശ്രമിക്കുന്നതായും അത് ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. രണ്ടാം ഘട്ട മേപ്പയ്യൂർ സ്കൂൾ വികസന പ്രവർത്തനങ്ങളും ഉടൻ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. മേപ്പയ്യൂർ സ്കൂളിൽ നീന്തൽകുളം സ്ഥാപിക്കാനുള്ള നടപടിയെടുക്കുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ എക്സൈസ് - തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. കായിക യുവജന കാര്യാലയം ഡയറക്ടർ ജെറോമിക് ജോർജ് സ്വാഗതം പറഞ്ഞു. കായിക യുവജന കാര്യാലയം അഡീഷണൽ ഡയറക്ടർ അജിത്ത് കുമാർ ബി റിപ്പോർട്ട് അവതരിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമൻ, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ റീന, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് ടി പി ദാസൻ ,മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ടി രാജൻ തുടങ്ങിയവർ പങ്കെടുത്തു.

 

 

സ്നേഹിത കാളിങ് ബെൽ വാരാചരണത്തിന് ബാലുശ്ശേരിയിൽ തുടക്കമായി 

 

ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി. എഎസ്സിന്റെ നേതൃത്വത്തിൽ സ്നേഹിത കാളിങ് ബെൽ വാരാചരണത്തിനു തുടക്കമായി. പുരുഷൻ കടലുണ്ടി എം. എൽ. എ  തുരുത്യാട് എൻ. പ്രമീളയുടെ വീട്ടിൽ പരിപാടി  ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ രൂപ ലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു.

ഒറ്റക്ക് താമസിക്കുന്ന, സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സുരക്ഷയും മാനസിക പിന്തുണയും നല്‍കാൻ കുടുംബശ്രീ മിഷന്‍ തുടക്കംകുറിച്ച പദ്ധതിയാണ് സ്നേഹിത കാളിങ് ബെല്‍. ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്കെതിരായ അതിക്രമങ്ങള്‍ പെരുകുകയും മതിയായ പരിചരണം ലഭിക്കാതെ മരിക്കുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്താണ് പദ്ധതി ആസൂത്രണം ചെയ്തത്.  

സി. ഡി. എസ് ചെയർപേഴ്സൺ സി. സി ഉഷ,  വാർഡ് മെമ്പർ പ്രമീള, തുടങ്ങിയവർ പങ്കെടുത്തു.

date