Skip to main content
അടിമാലിയില്‍ ആരംഭിച്ച ബ്ലോക്ക് തല കേരളോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് കൊച്ചുത്രേസ്യ പൗലോസ് സംസാരിക്കുന്നു.

കേരളോത്സവ നിറവില്‍ അടിമാലി

രണ്ടു ദിവസങ്ങളായി നടക്കുന്ന ബ്ലോക്ക് തല കേരളോത്സവത്തിന് അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ തുടക്കമായി. കേരള സംസ്ഥാന യുവജന ബോര്‍ഡും അടിമാലി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള കേരളോത്സവം 2019 ന്റെ പൊതു സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് ഉദ്ഘാടനം ചെയ്തു. കേരളോത്സവ വേദികളില്‍ കലാ മത്സരങ്ങള്‍ കുറഞ്ഞു വരുന്നതായും ഗെയിംസിന് കൂടുതല്‍ ജനപങ്കാളിത്തം ഉണ്ടാകുന്നതായും പ്രസിഡന്റ് പറഞ്ഞു.വരും വര്‍ഷങ്ങളില്‍ കലാകായിക മത്സരങ്ങള്‍ക്ക് ഒരു പോലെ പ്രാധാന്യം ലഭിക്കത്തക്ക രീതിയില്‍ കേരളോത്സവങ്ങള്‍ സംഘടിപ്പിക്കാന്‍ തൃതല പഞ്ചായത്തുകള്‍ ശ്രമിക്കണമെന്നും കൊച്ചുത്രേസ്യ പൗലോസ് പറഞ്ഞു.
ആദ്യ ദിനത്തില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍,ഫുട്‌ബോള്‍ മത്സരങ്ങള്‍ നടന്നു.രണ്ടാം ദിനമായ ഇന്ന്  ( 17.11.2019)  വോളിബോള്‍, ക്രിക്കറ്റ്, കബഡി, വടംവലി മത്സരങ്ങള്‍ നടക്കും. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന കൊന്നത്തടി,വെള്ളത്തൂവല്‍,ബൈസണ്‍വാലി,പള്ളിവാസല്‍,അടിമാലി ഗ്രാമപഞ്ചായത്തുകളിലെ താമസക്കാരായ യുവതി യുവാക്കള്‍ക്ക്  മത്സരങ്ങളില്‍ പങ്കെടുക്കാം. വിപുലമായ വിളമ്പര
ഘോഷയാത്രയുടെ അകമ്പടിയോടെയാണ് കേരളോത്സവത്തിന് തുടക്കംക്കുറിച്ചത്.ഉദ്ഘാടന സമ്മേളനത്തില്‍ അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ മുരുകേശന്‍ അധ്യക്ഷത വഹിച്ചു.ടെലിവിഷന്‍ താരം രാജേഷ് അടിമാലി മുഖ്യാതിഥിയായിരുന്നു. സാഹിത്യക്കാരന്‍ ജോസ് കോനാഡ്,ജില്ലാ പഞ്ചായത്തംഗം  ഇന്‍ഫന്റ് തോമസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് മോളിപീറ്റര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ദീപാ രാജീവ് ,ജോര്‍ജ് ജോസഫ്, തുളസിഭായി കൃഷ്ണന്‍, മേഴ്സി  തോമസ്,  ബിഡിഒ പ്രവീണ്‍ വാസു,ജനപ്രതിനിധികള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.
 

date