Skip to main content

പകല്‍ 11 നും 3.30നും ഇടയ്ക്ക് ആനയെ എഴുന്നള്ളിയ്ക്കരുത്; രജിസ്റ്റര്‍ ചെയ്യാത്ത ഉത്സവങ്ങളില്‍ ആന എഴുന്നള്ളിപ്പ് പാടില്ല

ആലപ്പുഴ: ഉത്സവകാലത്തോടനുബന്ധിച്ചുള്ള നാട്ടാന പരിപാലന അവലോകന  സമിതിയുടെ യോഗം കളക്ട്രേററില്‍ നടന്നു. എ.ഡി.എം. വി. ഹരികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഫെന്‍ ആന്റണി, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.കെ.ഉണ്ണിക്കൃഷ്ണന്‍, എലിഫന്റ് ഓണേഴ്സ് അസോസിയേഷന്‍ പ്രതിനിധി ജി.കൃഷ്ണപ്രസാദ്, ഫെസ്ററിവല്‍ കോ-ഓര്‍ഡിനേഷന്‍ പ്രതിനിധി കെ.ഗോപിനാഥന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആന പരിപാലനവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. രജിസ്റ്റര്‍ ചെയ്യാത്ത ഉത്സവങ്ങളില്‍ ആന എഴുന്നള്ളിപ്പ് പൂര്‍ണ്ണമായും   ഒഴിവാക്കേണ്ടതാണ്. എഴുന്നള്ളത്ത് സമയത്ത് ആനകള്‍ തമ്മില്‍ മതിയായ അകലം പാലിക്കേണ്ടതാണ്. പകല്‍ 11 നു 3.30 നും ഇടയ്ക്കുള്ള സമയം ആനയെ എഴുന്നള്ളിപ്പിക്കാന്‍ പാടുള്ളതല്ല.

ആനകളില്‍ നിന്ന് നിശ്ചിത ദൂരം മാത്രമേ (കുറഞ്ഞത് 3 മീറ്റര്‍) ആളുകള്‍ നില്‍ക്കുവാനും സഞ്ചരിക്കുവാനും പാടുള്ളു. ആനപാപ്പാന്‍മാരല്ലാത്തവര്‍ ആനയുമായി അടുത്തിടപെഴകുന്നത് കര്‍ശനമായും വിലക്കണം. പാപ്പാന്മാര്‍ മദ്യപിച്ച് ജോലി ചെയ്യുവാന്‍ അനുവദിക്കരുത്. മദപ്പാടുള്ളത്, മദം ഒലിക്കുന്നത്, അസുഖം ഉള്ളത്, പരിക്കേറ്റത്, ക്ഷീണിതനായത്, ഗര്‍ഭിണി, അന്ധത ഉള്‍പ്പെടെയുള്ള ശാരീരിക വൈകല്യമുള്ള ആനകളെ ഉപയോഗിക്കരുത്. എലിഫന്റ് സ്‌ക്വാഡിലെ വെറ്ററിനറി ഡോക്ടറുടെ സേവനം ഉത്സവകമ്മിറ്റി ഉറപ്പു വരുത്തേണ്ടതാണ്. ആനകളെ എഴുന്നള്ളിയ്ക്കുമ്പോള്‍ 25 ലക്ഷത്തില്‍ കൂറയാത്ത പബ്ലിക്ക് ലയബിലിറ്റി ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമായും ഉത്സവകമ്മിറ്റി എടുക്കേണ്ടതാണ്. 40 വയസ്സിനു മുകളിലുള്ള എല്ലാ ആനകളുടെ ആരോഗ്യസ്ഥിതി പരിശോധിയ്ക്കേണ്ടതും ടി പരിശോധന നടത്തിയിട്ടില്ലാത്ത ആനകളെ എഴുന്നള്ളത്തില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതുമാണ്. ആന എഴുന്നള്ളത്തിന്റെ വിവരങ്ങള്‍ 72 മണിക്കൂര്‍ മുമ്പായി ആഘോഷ   കമ്മിറ്റി ബന്ധപ്പെട്ട ഫോറസ്റ്റ് റെയിഞ്ച് ഓഫീസറേയും പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറെയും അറിയിക്കേണ്ടതാണ്. ഉത്സവസമയത്ത് ആനകള്‍ക്ക് ആവശ്യാനുസരണം ആഹാരവും വെള്ളവും നല്‍കുകയും കാലില്‍ ചൂട് ഏല്ക്കാതിരിയ്ക്കുവാന്‍ നനച്ച തറയില്‍ നിറുത്തുകയും വെയില്‍ ഏല്‍ക്കാതിരിക്കുവാന്‍ പന്തല്‍ പോലുള്ള സംവിധാനം ഒരുക്കുകയും ചെയ്യേണ്ടതാണ്. തീവെട്ടി ആനകള്‍ക്ക് ചൂട് ഏല്‍ക്കാത്തവിധം മാറ്റി പിടിയ്ക്കുവാന്‍ കര്‍ശനമായി നടപടി എടുക്കേണ്ടതാണ്. കുട്ടിയാനകളെ (1.5 മീറ്ററില്‍ താഴെ പൊക്കമുള്ളവ) ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കുവാന്‍ പാടുള്ളതല്ല. ഡാറ്റാബുക്കിന്റെ അസ്സലും, ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ്, മൈക്രോചിപ്പ് സര്‍ട്ടിഫിക്കറ്റ് , ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, 15 ദിവസത്തിനകം എടുത്ത ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് എന്നിവ പാപ്പാന്റെ കൈവശം ഉണ്ടായിരിക്കണം. വെറ്ററിനറി ഡോക്ടറുടെ കുറിപ്പ് പ്രകാരം മാത്രമേ മരുന്ന് നല്‍കാവൂ. എഴുന്നള്ളിപ്പിനായി വെയിലത്ത് ആനയെ അധിക സമയം നിര്‍ത്തുവാനോ ആനയുടെ സമീപത്ത് വച്ച് പടക്കം പൊട്ടിയ്ക്കുവാനോ പാടില്ല. പാപ്പാന്മാര്‍ മദ്യപിച്ചു കൊണ്ട് ആനകളെ കൊണ്ട് പോകുക, ആനയെ    ഉപദ്രവിക്കുക എന്നിവ കര്‍ശനമായും ഒഴിവാക്കേണ്ടതാണ്. ആണി, സൂചി പോലുള്ളവ ഘടിപ്പിച്ച വടികള്‍, കോലുകള്‍ എന്നിവ ഉപയോഗിച്ചു പിഡീപ്പിക്കുവാനോ കുത്തപ്പൊക്കി തല ഉയര്‍ത്തി നിര്‍ത്താനോ പാടില്ല. പാപ്പാന്മാര്‍ക്ക് ക്ഷയരോഗം ഇല്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് ജില്ലാ മെഡിക്കല്‍ ഓഫിസറില്‍ നിന്നും വാങ്ങി ഉടമസ്ഥര്‍ ഹാജരാക്കേണ്ടതാണ്. ആനയുടെ കഴുത്തില്‍ ആനയുടെ പേര് പ്രദര്‍ശിപ്പിക്കേണ്ടതും ഉത്സവ  എഴുന്നള്ളിപ്പ് സമയത്ത് ഒന്നാം പാപ്പാന്‍ ആനയുടെ സമീപത്തു തന്നെ ഉണ്ടായിരിക്കേണ്ടതുമാണ്. ഇടഞ്ഞ ആനയെ/ജീവഹാനിയ്ക്ക് കാരണമായ ആനയെ 15 ദിവസത്തേക്ക് ഉത്സവാഘോഷങ്ങളില്‍ പങ്കെടുപ്പിക്കുവാന്‍ പാടില്ലാത്തതും , 15 ദിവസത്തിനു ശേഷം പ്രസ്തുത ആനയെ ഫോറസ്റ്റ് വെറ്ററിനറി ഓഫീസറും, അതാത് ജില്ലയിലെ രണ്ട് സര്‍ക്കാര്‍ വെറ്ററിനറി ഓഫീസര്‍മാരും/ ജില്ലയിലെ മറ്റ് രണ്ട് വെറ്ററിനറി ഓഫീസര്‍മാരും ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘം ആനയെ പരിശോധിച്ച് മാനസിക, ശാരീരിക നില തൃപ്തികരമാണെന്ന് സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ വീണ്ടും എഴുന്നള്ളിപ്പിക്കാന്‍ പാടുള്ളുവെന്നും യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.

 

date