Skip to main content

മുന്നാക്ക വിഭാഗ കമ്മീഷന്‍: പൊതുഹിയറിങ് ഇന്ന്

ആലപ്പുഴ: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംസ്ഥാന കമ്മീഷന്‍ ഹിയറിങ്ങ് ഇന്ന് (നവംബര്‍ 19) രാവിലെ 11 മുതല്‍ കളക്ടറേറ്റ് പ്ലാനിങ് വിഭാഗം കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ക്ഷണക്കത്ത് ലഭിച്ചിട്ടുള്ളവരും ഇല്ലാത്തവരുമായ എല്ലാ മുന്നാക്ക വിഭാഗ സംഘടനകള്‍ക്കും മുന്നാക്ക വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പ്രശ്നങ്ങളിലും താല്‍പര്യമുള്ള വ്യക്തികള്‍ക്കും ഹീയറിങില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍, അംഗങ്ങളായ അഡ്വ. എം. മനോഹരന്‍ പിള്ള, എ.ജി. ഉണ്ണികൃഷ്ണന്‍, മെമ്പര്‍ സെക്രട്ടറി പി.എസ്. കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

സൗജന്യ പരീക്ഷ പരിശീലനം
ആലപ്പുഴ: ആലുവ ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രയിനിങ് സെന്ററില്‍ ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള പട്ടികജാതി/ പട്ടികവര്‍ഗ  വിദ്യാര്‍ഥികള്‍ക്ക്  എല്‍.ഡി.സി പരീക്ഷയ്ക്ക്  സൗജന്യ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ ഏഴിനകം അപേക്ഷിക്കണം. ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പിന്നാക്ക സമുദായക്കാര്‍ക്ക് 30 ശതമാനം സീറ്റ് അനുവദിക്കും. വിശദവിവരത്തിന് ഫോണ്‍: 0484 2623304.

കാവല്‍ പദ്ധതി:
ഡോക്യുമെന്റഷന്‍ വിദഗ്ധനെ ആവശ്യമുണ്ട്

ആലപ്പുഴ: ജില്ലയിലെ കാവല്‍ പദ്ധതിയുടെ പ്രവര്‍ത്തനരേഖ തയ്യാറാക്കുന്നതിന് ഡോക്യുമെന്റഷന്‍ വിദഗ്ധനെ ആവശ്യമുണ്ട്. പത്രപ്രവര്‍ത്തകന്‍/ഭാഷ അധ്യാപകന്‍, ഡോക്യൂമെന്റേഷന്‍ പ്രവര്‍ത്തനങ്ങളില്‍ മുന്‍പരിചയം, കുട്ടികളുടെ മേഖലയില്‍ നേരിട്ടോ അല്ലാതെയോ ഉള്ള പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷിലും മലയാളത്തിലും ആധികാരിമായി ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവുള്ളവര്‍ക്ക് മുന്‍ഗണന, കാവല്‍ സംഘത്തിന്റെ ഒപ്പം പ്രവര്‍ത്തിക്കാനുള്ള താല്‍പ്പര്യം, പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള കഴിവ്, രണ്ട് മാസത്തിനുള്ളിലായി സംസ്ഥാന തലത്തിലും ജില്ല തലത്തിലും നടക്കുന്ന ശില്‍പശാലകളില്‍ പൂര്‍ണ്ണസമയ പങ്കാളിത്തം നല്‍കണം. സംസ്ഥാന തലത്തില്‍ നടക്കുന്ന ശില്‍പശാലകളില്‍ ടി.എയും ജില്ല ശില്‍പശാലകളില്‍ ഹോണറേറിയവും ഉണ്ടായിരിക്കും.

മരങ്ങള്‍ പുനര്‍ ലേലം ചെയ്യുന്നു
ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ നില്‍ക്കുന്ന 58 അക്കേഷ്യ മരങ്ങള്‍ പുനര്‍ലേലം ചെയ്യുന്നു. നവംബര്‍ 20ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് ലേലം. വിശദവിവരത്തിന് ഫോണ്‍: 0477 2292425.

ഐആം ഫോര്‍ ആലപ്പി:
മത്സ്യബന്ധന വള്ളങ്ങള്‍ വിതരണം ചെയ്തു    

ആലപ്പുഴ: ഐ ആം ഫോര്‍ ആലപ്പി പദ്ധതി പ്രകാരം ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള 45 മത്സ്യ ബന്ധന വള്ളങ്ങള്‍ വിതരണം ചെയ്തു. വള്ളങ്ങളുടെ വിതരണോദ്്ഘാടനം മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി ചിത്തരഞ്ജന്‍ നിര്‍വഹിച്ചു. പ്ലാന്‍ ഇന്ത്യയുടെ സഹായത്തോടെ നൂറനാട്, ചെന്നിത്തല എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കാണ് വള്ളങ്ങള്‍ വിതരണം ചെയ്തത്. 238 വള്ളങ്ങളാണ് പ്ലാന്‍ ഇന്ത്യയുടെ സഹായത്തോടെ വിതരണം ചെയ്യുന്നത്. ബാക്കിയുള്ളവ വരും ദിവസങ്ങളില്‍ വിതരണം ചെയ്യും. നഗരസഭാംഗം സലിംകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്ലാന്‍ ഇന്ത്യ ഭാരവാഹി സാം മുഖ്യ പ്രഭാഷണം നടത്തി. ഡി.ടി.പി.സി സെക്രട്ടറി എം. മാലിന്‍, സി.വൈ.ഡി.എ പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ സുജിത്, ഐ ആം ഫോര്‍ ആലപ്പി ലയ്‌സണ്‍ ഓഫിസര്‍ പി.എം ഷെരിഫ് എന്നിവര്‍ പ്രസംഗിച്ചു.
(ചിത്രമുണ്ട്)

നെല്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി

ആലപ്പുഴ: നെല്‍ കര്‍ഷകര്‍ക്കും കീടനാശിനി തളിക്കുന്ന കര്‍ഷകര്‍ക്കുമായി അമ്പലപ്പുഴ ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കി. അമ്പലപ്പുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ പരിധിയില്‍ വരുന്ന അമ്പലപ്പുഴ തെക്ക്, വടക്ക്, പുറക്കാട്, തകഴി, കരുവാറ്റ കൃഷിഭവനുകളിലെ കര്‍ഷകര്‍ക്കാണ് പരിശീലനം നല്‍കിയത്. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുലാല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ബൈജു, അമ്പലപ്പുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എച്ച്. ഷബീന എന്നിവര്‍ പ്രസംഗിച്ചു. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ സുരേന്ദ്രന്‍, ജ്യോതി സാറാ ജേക്കബ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

 

date