Skip to main content

സന്നിധാനം പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയായി

ശബരിമല മണ്ഡലകാല-മകരവിളക്ക് ഉല്‍സവത്തോടനുബന്ധിച്ച് പ്രാണിജന്യ-കൊതുകുജന്യ പകര്‍ച്ചവ്യാധി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തീകരിച്ചു. സന്നിധാനം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ മണ്ഡലകാലം തുടങ്ങുന്നതിന് മുന്‍പുതന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കൂത്താടികളുടെ ചെറിയ ഉറവിടങ്ങള്‍ ഇല്ലാതാക്കുക, വലിയ വെള്ളക്കെട്ടുകളില്‍ കൂത്താടി നശീകരണ ലായനികള്‍ തളിയ്ക്കുക, കൊതുക് സാന്ദ്രത കൂടുതല്‍ കണ്ടെത്തിയ മേഖലകള്‍ കേന്ദ്രീകരിച്ച് ഫോഗിങ് നടത്തുക എന്നിവ തുടര്‍ന്ന് വരുന്നു. അപ്പം-അരവണ, അന്നദാനം, ദേവസ്വം മെസ് ഉള്‍പ്പടെ സന്നിധാനത്തെ ആഹാര-പാനീയ വില്‍പ്പന-വിതരണ കേന്ദ്രങ്ങളില്‍ ആരോഗ്യ ശുചിത്വ പരിശോധന നടത്തി. ആരോഗ്യ പരിശോധനാ കാര്‍ഡുകള്‍ ഇല്ലാത്തത് ഉള്‍പ്പടെയുള്ള പോരായ്മകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നോട്ടീസ് നല്‍കി.
സന്നിധാനത്തെ ശൗചാലയങ്ങളിലും ശുചിമുറികളിലും ശുചിത്വം ഉറപ്പാക്കുന്നതിനുവേണ്ടി നടത്തിയ പരിശോധയില്‍ ആവശ്യമായ അണുനാശിനികള്‍ ഉപയോഗിക്കാതിരുന്നവര്‍ക്ക് പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നോട്ടീസ് നല്‍കി. സന്നിധാനത്ത് ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന വിശുദ്ധി സേനാംഗങ്ങളുടെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ആരോഗ്യ ബോധവല്‍ക്കരണം നടത്തുകയും രാത്രികാല രക്തസാമ്പിളുകള്‍(മന്ത്, മലമ്പനി) ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.
കൊപ്രാസംഭരണശാല, മാലിന്യസംസ്‌ക്കരണ യൂനിറ്റ്, വിശുദ്ധിസേന എന്നിവയിലെ തൊഴിലാളികള്‍ക്ക് എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ സംബന്ധിച്ച് ബോധവല്‍ക്കരണവും എലിപ്പനി രോഗപ്രതിരോധ ഗുളികകള്‍ വിതരണവും നടത്തി. സന്നിധാനം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജി. ജയരാജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജയന്‍ സി.സി, രാജേഷ് ജെ, ഗോപകുമാര്‍ ആര്‍.ബി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്.

 

date