Skip to main content

ഗിരിദേവതകളെ വണങ്ങി പടിപൂജചെയ്ത് മോക്ഷനിറവിലേക്ക്

ശബരിമലയുടെ ചരിത്രത്തിലാദ്യമായി മണ്ഡല-മകരവിളക്ക് ഉല്‍സവകാലത്ത് നടത്തേണ്ടിവന്ന പടിപൂജ വഴിപാട് ഈമാസം 26ന് അവസാനിക്കും. 2018ലെ പ്രളയംമൂലം പടിപൂജ നടത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കായി ഈ ഉല്‍സവകാലത്ത് പടിപൂജ തുടങ്ങിയത്. ശബരിമലയിലെ ഏറ്റവും ചിലവേറിയ വഴിപാടാണിത്. ആദ്യകാലത്ത് ഗിരിദേവതാ പൂജ എന്നറിയപ്പെട്ടിരുന്ന പൂജയാണ് പിന്നീട് പടിപൂജയായി പ്രസിദ്ധമായത്. ശബരിമലക്ക് ചുറ്റുമുള്ള പതിനെട്ട് മലകള്‍ക്കും ആ വനദേവതകളെ ആവാഹിച്ചതാണ് സന്നിധാനത്തേക്കുള്ള പതിനെട്ട് പടികളെന്നുമുള്ള സങ്കല്‍പ്പമാണ് പടിപൂജക്ക് അടിസ്ഥാനം. ഈ വനദേവതകളുടെ നാഥനായാണ് അയ്യപ്പനെ സങ്കല്‍പ്പിച്ചിരിക്കുന്നത്. ഈ പതിനെട്ട് ദേവതകളെയും വന്ദിക്കുന്നൂവെന്നതാണ് പതിനെട്ടാം പടികയറ്റത്തിനാധാരം. അത് കഴിഞ്ഞ് നാഥനായ അയ്യപ്പനെ വണങ്ങുന്നതോടെ ശബരിമല ദര്‍ശനം പൂര്‍ത്തിയാകുന്നു. ഇങ്ങനെ ഈ പതിനെട്ട് ദേവതകളെ വന്ദിക്കുന്നതിനും അവരുടെ മുഖപ്രസാദത്തിനും വേണ്ടി നടത്തുന്ന പൂജകളാണ് പടിപൂജയെന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പരഞ്ഞു.

മുന്‍കാലങ്ങളില്‍ 12വര്‍ഷത്തിലൊരിക്കലും പിന്നീട് വര്‍ഷത്തിലൊരു തവണയുമൊക്കെയായിരുന്നു പടിപൂജ നടത്തിയിരുന്നത്. എന്നാല്‍ വഴിപാടുകാരേറിയതോടെ ഓഫ് സീസണില്‍ പടിപൂജ നടത്തുക പതിവായി. മണിക്കൂറുകളോളം പതിനെട്ടാംപടിയിലൂടെയുള്ള സന്നിധാന ദര്‍ശനം തടസ്സപ്പെട്ടുവരുന്നതിനാലാണ് പടിപൂജ ഉല്‍സവകാലത്ത് നിന്നും മാറ്റിയത്. 2037വരെയുള്ള പടിപൂജ ബുക്ക് ചെയ്യപ്പെട്ട് കഴിഞ്ഞു. 75000രൂപയാണ് ഈ വഴിപാടിനുള്ള തുക.

 

date