Skip to main content

അനധികൃത സമാന്തരസര്‍വീസ്: വാഹനങ്ങള്‍ പിടികൂടി

നിലയ്ക്കലില്‍ നിന്നും പമ്പയിലേക്കും മറ്റ് പാര്‍ക്കിങ് ഗ്രൗണ്ടുകളിലേക്കും അനധികൃതമായി സമാന്തര സര്‍വീസുകള്‍ നടത്തിയ മൂന്ന് ഓട്ടോറിക്ഷകള്‍, ഒരു ടവേര, ഒരു സുമോ, ഒരു ബലേറോ അടക്കം ആറ് വാഹനങ്ങള്‍ നിലയ്ക്കല്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റ് ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി പോലീസിന് കൈമാറി. കെ.എസ്.ആര്‍.ടി.സി. സര്‍വീസുകളെ ബാധിക്കുംവിധം അനധികൃത സമാന്തര സ്വകാര്യവാഹന സര്‍വീസ് വര്‍ദ്ധിച്ചതായി കെ.എസ്.ആര്‍.ടി.സി. നിലയ്ക്കല്‍ ഡിപ്പോ മാനേജര്‍ നല്‍കിയ പരാതിയിലാണ് നടപടി. പിടിച്ചെടുത്ത വാഹനങ്ങള്‍ പോലീസിന് കൈമാറി. അയ്യപ്പദര്‍ശനത്തിനെത്തിയ വാഹനങ്ങളെന്ന വ്യാജേനയായിരുന്നു സര്‍വീസ് നടത്തിയത്. ഇതിനായി അയ്യപ്പന്റെ പടവും മാലയും ചന്ദനക്കുറിയും പതിപ്പിച്ചിരുന്നു.

പിടിച്ചെടുത്ത വാഹനങ്ങള്‍ തുടര്‍ നടപടികള്‍ക്കായി ആര്‍.ടി.ഓയ്ക്ക് കൈമാറിയതായി നിലയ്ക്കല്‍ എസ്.ഐ. അറിയിച്ചു. നിലയ്ക്കല്‍ മേഖലയില്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ കടകളില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷണത്തില്‍ അളവ്തൂക്കം തെറ്റിച്ചതിനെ തുടര്‍ന്ന് 60000രൂപ പിഴയീടാക്കി. ദേവസ്വം ലേലകുത്തക ലംഘിച്ച കടകള്‍ക്ക് നോട്ടീസ് നല്‍കി. പരിശോധന കര്‍ശനമാക്കുമെന്ന് ഡ്യൂട്ടി മജിസ്‌ട്രേറ്റ് അറിയിച്ചു.
 

date