Skip to main content

ദുരിതനാളുകള്‍ക്ക് വിട; ഒന്‍പത് കുഞ്ഞുങ്ങള്‍ ഇനി ശരണബാല്യത്തിന്റെ തണലില്‍

ബാലവേലയിലും ഭിക്ഷാടനത്തിലും ഏര്‍പ്പെട്ടിരുന്ന കുഞ്ഞുങ്ങള്‍ വനിതാ ശിശുവികസന വകുപ്പിന്റെ ശരണബാല്യം പദ്ധതിയുടെ തണലില്‍ പുതുജീവിത്തിലേക്ക്. ഓച്ചിറ വലിയകുളങ്ങരയില്‍ ബാലവേലയില്‍ ഏര്‍പ്പെട്ടിരുന്ന ഒരു കുടുംബത്തിലെ ഏഴു കുഞ്ഞുങ്ങളെയും ചടയമംഗലത്ത് ഭിക്ഷാടനം നടത്തിയിരുന്ന രണ്ടു കുഞ്ഞുങ്ങളെയുമാണ് ജില്ലാ ശിശുസംരക്ഷണ ഓഫീസിന്റെ നേതൃത്വത്തില്‍ കണ്ടെത്തി പഠനത്തിനും സംരക്ഷണത്തിനും നടപടി സ്വീകരിച്ചത്. മണല്‍ ശില്‍പ നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന രാജസ്ഥാന്‍ സ്വദേശികളായ ഹരി-ലീല ദമ്പതിമാരുടെ അഞ്ച് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് ബാലവേലയില്‍ ഏര്‍പ്പെട്ടിരുന്നത്. 15, 10, ഒന്‍പത്, ആറ്, നാല് എന്നിങ്ങനെയാണ് പെണ്‍കുട്ടികളുടെ പ്രായം. ആണ്‍കുട്ടികളില്‍ മൂത്തയാള്‍ക്ക് എട്ടു വയസും ഇളയകുട്ടിക്ക് രണ്ടു വയസുമാണ്. ഇവരില്‍ ആരും സ്‌കൂളില്‍ പോയിരുന്നില്ല. സുരക്ഷയെക്കരുതി ആണ്‍കുട്ടികളായി വേഷം മാറിയാണ് പെണ്‍കുട്ടികളും വിവിധ സ്ഥലങ്ങളില്‍ ജോലികള്‍ ചെയ്തിരുന്നത്. അയല്‍വാസികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥര്‍ കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കു മുമ്പാകെ ഹാജരാക്കുകയും ഇവരെ സ്‌കൂളില്‍ അയയ്‌ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രക്ഷിതാക്കളെ ബോധ്യപ്പെടുത്തുകയും ചെയ്തു. മുതിര്‍ന്ന കുട്ടിയെ ഓച്ചിറ ഗവണ്‍മെന്റ് ഹൈസ്‌കൂളിലും ഏറ്റവും ഇളയ കുട്ടി ഒഴികെയുള്ളവരെ വലിയ കുളങ്ങര ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിലും ചേര്‍ത്തു. ഈയാഴ്ച്ച സ്‌കൂളില്‍ പോയിത്തുടങ്ങിയ കുട്ടികള്‍ക്ക് അവര്‍ റസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രണ്‍ പ്രോജക്ടിന്റെ കൗണ്‍സിലര്‍മാര്‍ പഠനകാര്യങ്ങളില്‍ പിന്തുണ നല്‍കും. ഇവരുടെ തുടര്‍സംരക്ഷണത്തിന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ചുമതലപ്പെടുത്തി. ചടയമംഗലത്ത് ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ടിരുന്ന പത്തു വയസുള്ള ആണ്‍കുട്ടിയെയും ഏഴു വയസുള്ള സഹോദരിയെയും കൊല്ലത്തെ ഗവണ്‍മെന്റ് ചില്‍ഡ്രണ്‍സ് ഹോമുകളിലെത്തിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സിജു ബെന്നിന്റെ നേതൃത്ത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ചൈല്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ദീപ്തി തോമസ്, എ. ബിജുലാല്‍, എസ്. മജിന്‍ദത്ത്, അന്‍സല്‍, അരവിന്ദ്‌ഘോഷ്, അജീഷ്, കരുനാഗപ്പള്ളി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കാളികളായി. (പി. ആര്‍. കെ.130/18)
date