Skip to main content

തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് നിലമ്പൂരിലെത്താം.  പട്ടികവര്‍ഗ്ഗവിഭാഗകാര്‍ക്കുള്ള പ്രത്യേക തൊഴില്‍മേളയ്ക്ക്  നാളെ തുടക്കം

 

സംസ്ഥാനത്ത് തന്നെ ആദ്യമായി പട്ടികവര്‍ഗ്ഗകാര്‍ക്ക് മാത്രമായി സംഘടിപ്പിക്കുന്ന മെഗാതൊഴില്‍ മേളയ്ക്ക് നാളെ(ഡിസംബര്‍ ഏഴ്) നിലമ്പൂരില്‍ തുടക്കമാകും. ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട  തൊഴില്‍ രഹിതരായ  മുഴുവന്‍ യുവതീ-യുവാക്കള്‍ക്കും മെച്ചപ്പെട്ട തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിലാണ്  മേള സംഘടിപ്പിക്കുന്നത്. 
നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് മേള. കുടുംബശ്രീ, പട്ടികവര്‍ഗ വികസനം, വനം തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ  സംഘടിപ്പിക്കുന്ന  മേളയില്‍  30 ല്‍ അധികം തൊഴില്‍ദാതാക്കളും ആയിരത്തിലധികം  ഉദ്യോഗാര്‍ത്ഥികളും പങ്കെടുക്കും.  പത്താംക്ലാസ് മുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക്  മേളയില്‍ പങ്കെടുക്കാം.
മേളയില്‍ രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭ്യമാവാത്തവര്‍ക്ക് മൂന്ന് മാസത്തെ തൊഴില്‍ പരിശീലനം നല്‍കും. ജില്ലയില്‍ തൊഴില്‍ അന്വേഷിക്കുന്ന പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട വിദ്യാസമ്പന്നരായ മുഴുവന്‍ യുവതീ-യുവാക്കളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന്  ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അഭ്യര്‍ത്ഥിച്ചു. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ഹാജരാകണം. രാവിലെ ഒന്‍പത് മുതല്‍ രജിസ്ട്രേഷന്‍ സൗകര്യമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9747670052 എന്ന നമ്പറില്‍ ബന്ധപ്പെടണം. മേളയുടെ പ്രചരണാര്‍ഥം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഡിസംബര്‍ അഞ്ച്, ആറ് തീയതികളില്‍ പട്ടികവര്‍ഗ്ഗ കോളനികളില്‍ ഫ്ളാഷ്മോബും സംഘടിപ്പിക്കും. 
 

date