Skip to main content

ഭവനരഹിതർക്കുളള പാർപ്പിട സമുച്ചയം 2020ൽ നാടിന് സമർപ്പിക്കും

സംസ്ഥാനത്ത് ആദ്യമായി പൂർണ്ണമായും സ്പോൺസർഷിപ്പിൽ നിർമ്മിക്കുന്ന പാർപ്പിട സമുച്ചയം 2020 സെപ്റ്റംബറിൽ നാടിന് സമർപ്പിക്കും. വടക്കാഞ്ചേരി ചരൽ പറമ്പിൽ 2.25 ഏക്കറിൽ മൂന്ന് നിലകളിലായാണ് ഫ്ളാറ്റ് നിർമ്മിക്കുന്നത്. നാല് ബ്ലോക്കുകളിലായി 140 കുടുംബങ്ങൾക്ക് താമസിക്കാം. ഒരു ബ്ലോക്കിൽ 40 ഭവനങ്ങൾ ഉൾക്കൊള്ളുന്ന രീതിയിലാന്ന് നിർമ്മാണം. വടക്കാഞ്ചേരി മുനിപ്പാലിറ്റിയിലെ കുടുംബശ്രീ പ്രവർത്തകർ സർവ്വെ നടത്തിയാണ് ഭൂരഹിത - ഭവന രഹിതരെ കണ്ടെത്തിയത്. മുൻസിപ്പാലിറ്റി വാർഡ് സഭയിൽ അംഗീകാരം ലഭിച്ചവർക്കാണ് ഫ്ളാറ്റുകൾ ലഭിക്കുക. ആധുനിക സൗകര്യങ്ങളോടെയാണ് ഭവനസമുച്ചയം നിർമ്മിക്കുന്നത്. കളിസ്ഥലം, ആരോഗ്യ ഉപകേന്ദ്രം, അങ്കണവാടി, പാർക്ക്, സുരക്ഷാ ക്രമീകരണത്തിനായി സെക്യൂട്ടി ജീവനക്കാർ, മറ്റ് ആധുനിക സൗകര്യങ്ങൾ എന്നിവയെല്ലാം ചേർന്നാണ് ഫ്ളാറ്റ് നിർമ്മിക്കുന്നത്.
പ്രളയ പുനർനിർമ്മാണ സഹായം തേടി യു എ ഇ സന്ദർശിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ റെഡ്ക്രസന്റുമായി കേരളത്തിലെ വികസന വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു. പാർപ്പിട സമുച്ചയം നിർമ്മാണത്തിന് സഹായം ലഭ്യമാക്കുമെന്ന് റെഡ്ക്രസൻ അന്ന് ഉറപ്പ് നൽകുകയായിരുന്നു. തുടർന്ന് റെഡ്ക്രസന്റ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഫഹദ് അബ്ദുൾ റഹ്മാൻ ബിൻ സുൽത്താൻ ലൈഫ് മിഷനുമായി ധാരണ പാത്രം ഒപ്പിട്ടിരുന്നു. വടക്കാഞ്ചേരിയിലെ പദ്ധതിക്കായി യു എ ഇ റെഡ്ക്രസന്റ് 20 കോടിയാണ് ചെലവഴിക്കുന്നത്. പതിനഞ്ച് കോടി ഭവനസമുച്ചയ നിർമ്മാണത്തിനും അഞ്ച് കോടി ആശുപത്രി സംവിധാനങ്ങൾ ഒരുക്കാനുമായി ചെലവഴിക്കും. ഭവന സമുച്ചയത്തിനായി റവന്യൂ ഭൂമി മുൻസിപ്പാലിറ്റിക്ക് വിട്ടു നൽകിയിരുന്നു.
അടിക്കുറിപ്പ്: വടക്കാഞ്ചേരി ചരൽ പറമ്പിൽ നിർമ്മിക്കുന്ന പാർപ്പിട സമുച്ചയം
 

date