Skip to main content
ദേശീയ സരസ് മേളയുടെ പോസ്റ്റര്‍ പ്രകാശനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷും ജില്ലാ കലക്ടര്‍ ടി വി സുഭാഷും ചേര്‍ന്ന് നിര്‍വഹിക്കുന്നു

ദേശീയ സരസ്‌മേള 20 മുതല്‍ 31 വരെ മാങ്ങാട്ടുപറമ്പില്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു

കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 20 മുതല്‍ 31 വരെ മാങ്ങാട്ടുപറമ്പ്  ഗവ. എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന ദേശീയ സരസ്‌മേള 2019 ന്റെ പോസ്റ്റര്‍ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ചെറുകിട സംരംഭകരേയും സ്വയംസഹായ സംഘങ്ങളേയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന മേള 20 ന് വൈകീട്ട് മൂന്ന് മണിക്ക് തദ്ദേശവകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.
ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാരായ സംരംഭകരുടെ ഉല്‍പ്പങ്ങള്‍ക്ക് വിപണി സാധ്യത ഉറപ്പ് വരുത്തുക, ഇടനിലക്കാരില്ലാതെ ഉല്‍പ്പങ്ങള്‍ വിറ്റഴിക്കാന്‍ സഹായമൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങങ്ങളോടെ നടക്കുന്ന മേളയില്‍ 250 പ്രദര്‍ശന-വില്‍പ്പന സ്റ്റാളുകള്‍ ഉണ്ടാവും. രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍ നിന്നുള്ള സംരംഭകര്‍ക്ക് പുറമെ, കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നുമുള്ള കുടുംബശ്രീ യൂനിറ്റുകളും മറ്റ് സംരംഭകരും സരസ് മേളയില്‍ പങ്കെടുക്കും. ഗ്രാമീണ കരകൗശല ഉല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍, ഗാര്‍ഹിക ഉല്പ്പന്നങ്ങള്‍, ഭക്ഷ്യ വിഭവങ്ങള്‍ എന്നിങ്ങനെ നൂറുകണക്കിന് ഉല്‍പ്പന്നങ്ങളും ആയിരത്തില്‍പരം സംരംഭകരും മേളയില്‍ സംഗമിക്കും. 15 സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള രുചി വൈവിധ്യങ്ങള്‍ ഒരുക്കുന്ന ഇന്ത്യ ഫുഡ് കോര്‍ട്ടും മേളയുടെ ഭാഗമായി ഒരുക്കും.
12 ദിവസം നീളുന്ന മേളയില്‍ എല്ലാ ദിവസവും ഉച്ചവരെ വിവിധ വിഷയങ്ങളിലുള്ള സെമിനാറുകളും ഉച്ചയ്ക്ക് ശേഷം കലാ-സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. പരിപാടികളില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. മേളയുടെ ഭാഗമായി ജില്ലയില്‍ നിന്നുള്ള മഹത്‌വ്യക്തികളെ ആദരിക്കും. ജീവിതത്തില്‍ വിവിധ മേഖലകളില്‍ വിജയംവരിച്ച പ്രതിഭകളുടെ സംഗമങ്ങള്‍, മെഗാഷോകള്‍ എന്നിവയും മേളയില്‍ അരങ്ങേറും.
മേളയുടെ പ്രചരണാര്‍ത്ഥം എല്‍പി, യുപി, ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് ചിത്രരചനാ മത്സരവും, വിദ്യാര്‍ഥികള്‍ക്കായി നൈപുണ്യ മല്‍സരവും പോസ്റ്റര്‍ പ്രചരണവും സംഘടിപ്പിക്കും. 14 ന് ജില്ലയിലെ 20,000 അയല്‍ക്കൂട്ടങ്ങളെ അണിനിരത്തി വീടുകളില്‍ സരസ്ദീപം തെളിയിക്കും. സമൂഹ ചിത്രരചന, ഫ്‌ളാഷ് മോബുകള്‍, എയറോബിക്‌സ് പ്രദര്‍ശനങ്ങള്‍, വിളംബര ഘോഷയാത്രകള്‍ തുടങ്ങിയവയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
അഞ്ച് ലക്ഷത്തിലേറെ പേര്‍ സന്ദര്‍ശകരായി എത്തുമെന്ന് കരുതുന്ന മേളയില്‍ എട്ട് കോടിയുടെ വിറ്റുവരവാണ് പ്രതക്ഷിക്കുന്നതെന്ന് ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത് അറിയിച്ചു.
സരസ് മേളയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ആലോചനാ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.  

date