Skip to main content

വികസന വിരോധികളുടെ വിരട്ടലിന് വിധേയമായി വികസന പ്രവർത്തനം നിർത്തിവെയ്ക്കാനോ മരവിപ്പിക്കാനോ ഉപേക്ഷിക്കാനോ സർക്കാർ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തൃശൂര്‍ : കേരള ഫയര്‍ & റെസ്‌ക്യൂ അക്കാദമിയില്‍ 22 മത് ഫയര്‍മാന്‍ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രക്ഷാപ്രവര്‍ത്തനത്തിന് സ്വയം സമര്‍പ്പിച്ചിറങ്ങിയവരെ സേനയിലേക്ക് സ്വാഗതം ചെയ്തു കൊണ്ടായിരുന്നു പ്രസംഗം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ സേനയ്ക്ക് മുതല്‍ക്കൂട്ടാണ്.

വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ആഗ്രഹിക്കുന്ന ജോലി സംസ്ഥാനത്തു തന്നെ ലഭ്യമാകുന്നതിനുള്ള അവസരമുണ്ടാക്കുന്ന ശ്രമത്തിലാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് നിക്ഷിപ്ത താല്‍പര്യക്കാരായ വികസന വിരോധികള്‍ തടസ്സമായി ഇറങ്ങിയിരിക്കുന്നത്. അഭ്യസ്ത വിദ്യരായ യുവാക്കളുടെ കര്‍മ്മശേഷി കേരളത്തിന് പുറത്തേക്ക് പോകുന്നത് തടഞ്ഞ് അവരുടെ സേവനം സംസ്ഥാനത്തു തന്നെ ലഭിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് . അതിന് സര്‍വ്വതല സമഗ്ര സാമൂഹ്യ പരമായ വികസനം ആവശ്യമാണ്. ലിംഗസമത്വം ഉറപ്പാക്കുന്നതിന് അഗ്‌നി സുരക്ഷാ സേനയില്‍ സ്ത്രീകളെക്കൂടി നിയമിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിക്കും. അച്ചടക്കം, പ്രതിബദ്ധത, കൂട്ടായ്മ എന്നിവ വളര്‍ത്തി എടുക്കുകയും കാത്തു സൂക്ഷിക്കുകയും വേണം. സേനയെ ആധുനീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

അതിന് ആധുനിക ഉപകരണങ്ങളും വാഹനങ്ങളും ലഭ്യമാക്കും. ബഹുനില സമുച്ചയങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സേഫ്റ്റി സ്‌ക്വാഡുകള്‍ രൂപീകരിക്കും. അടിയന്തിര ഘട്ടങ്ങള്‍ നേരിടുന്നതിന് സേവന സന്നദ്ധരായ യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. സുസജ്ജവും ശക്തവുമായ സേനയായി ഫയര്‍ & റെസ്‌ക്യൂ ഫോഴ്‌സിനെ വികസിപ്പിക്കും. ശാസ്ത്രീയമായും കാലാനുസൃതമായും ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനും സേവിക്കാനും പുതിയ സേനാംഗങ്ങള്‍ക്ക് കഴിയട്ടേയെന്നും മുഖ്യമന്ത്രി ആശംസിച്ചു. കൃഷി മന്ത്രി അഡ്വ. വി.എസ്.സുനില്‍കുമാര്‍, മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, കൗണ്‍സിലര്‍ പി.കെ.സുരേഷ്, ഡയറക്ടര്‍ ജനറല്‍ ടോമിന്‍ തച്ചങ്കരി എന്നിവര്‍ സംബന്ധിച്ചു.

മോക്ഡ്രില്ലും സേനാ ഉപകരണങ്ങളുടെയും വാഹനങ്ങളുടേയും പ്രദര്‍ശനവും ഉണ്ടായിരുന്നു. പുതുതായി നിര്‍മ്മിച്ച ബ്രീത്തിങ് അപ്പാരറ്റസ് പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. എംഫില്‍ യോഗ്യതയുള്ള ഒരാളും എം ബി എ ബിരുദമുള്ള 5 പേരും ബിടെക് യോഗ്യതയുള്ള 26, ബിഎഡുള്ള 2, 39 ബിരുദാനന്തര ബിരുദധാരികള്‍, 188 ബിരുദധാരികള്‍, നേഴ്‌സിങ് യോഗ്യതയുള്ള 2, 18 ഡിപ്ലോമക്കാര്‍, 17 ഐ ടി ഐ ക്കാര്‍ ഉള്‍പ്പെടെ 355 പേരാണ് പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് സേനയിലെത്തിയത്.

 

date