Skip to main content

നെഹ്റു യുവകേന്ദ്ര സ്ഥാപക ദിനാഘോഷം

 

 

നെഹ്റു യുവകേന്ദ്ര സ്ഥാപക ദിനാഘോഷം വി. കെ. ശ്രീകണ്ഠന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലാ പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന പരിപാടിയില്‍ നെഹ്‌റു യുവകേന്ദ്ര ജില്ലാ കോഡിനേറ്റര്‍ എം അനില്‍കുമാര്‍ അധ്യക്ഷനായി. ഉദ്ഘാടനപരിപാടിയില്‍ 2018-19 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനം നടത്തിയ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണം നടത്തി.

സ്വച് ഭാരത് ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി കേന്ദ്ര ജലശക്തി മന്ത്രാലയം നെഹ്‌റു യുവകേന്ദ്രയുമായി ചേര്‍ന്ന് സംഘടിപ്പിച്ച സ്വഛ് ഭാരത് ഇന്റേണ്‍ഷിപ്പില്‍ ജില്ലയില്‍ നിന്നും ഒന്നാം സ്ഥാനത്തെത്തിയ ചാത്തന്‍കാവ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ലിനാണ് ഒന്നാം സ്ഥാനം. ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബ്, നെന്മാറയിലെ സെന്റര്‍ ഫോര്‍ ലൈഫ് സ്‌കില്‍സ് യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.

ജില്ലയിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ക്ലബ്ബിനുള്ള ജില്ലാ യൂത്ത് അവാര്‍ഡ് ഒറ്റപ്പാലം പ്രണവം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് നേടി. കലാകായിക സാംസ്‌കാരിക പരിപാടികള്‍ക്ക്  പുറമേ ആരോഗ്യ കുടുംബക്ഷേമം, പരിസ്ഥിതി, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, തൊഴില്‍ പരിശീലനം, സാമൂഹ്യക്ഷേമ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കല്‍, പൊതുമുതല്‍ നിര്‍മാണം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ് അഡി.ഡിസ്ട്രിക്കറ്റ് മജിസ്ട്രേറ്റ് അധ്യക്ഷനായ സമിതി അവാര്‍ഡ് നിര്‍ണയിച്ചത്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

രാജ്യത്തിന്റെ വളര്‍ച്ചയില്‍ യുവാക്കള്‍ നിര്‍ണായക ശക്തിയാകുമെന്ന് മുന്‍കൂട്ടികണ്ട് വിവിധ സംരംഭങ്ങള്‍ ആവിഷ്‌കരിച്ച വ്യക്തിയാണ് നെഹ്‌റുവെന്ന് വി. കെ ശ്രീകണ്ഠന്‍ എം.പി. പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രീയ കെ.ഉണ്ണികൃഷ്ണന്‍, യൂത്ത് പ്രോഗ്രാം ഓഫീസര്‍ ശങ്കര്‍, എന്‍.കര്‍പ്പകം, കെ. വിനോദ് കുമാര്‍ വിദ്യാര്‍ഥികള്‍ വിവിധ ക്ലബ്ബ് പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു

 

ജില്ലാ യൂത്ത് അവാര്‍ഡിന്റെ തിളക്കത്തില്‍ പ്രണവം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്.

 

 

കലാ സാംസ്‌കാരിക പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലും സ്ത്രീകളെ സ്വയംപര്യാപ്തരാക്കുന്നതിലും  പ്രധാന പങ്കുവഹിച്ച ഒറ്റപ്പാലം മുണ്ടക്കോട്ടുകുറുശ്ശി പ്രണവം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ജില്ലയിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് അവാര്‍ഡ് നേടി. കഴിഞ്ഞവര്‍ഷം നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. ജില്ലയിലെ യുവതീയുവാക്കളുടെ മാനസികവും ശാരീരികവും വിദ്യാഭ്യാസപരവുമായ ഉന്നതി ലക്ഷ്യമിട്ട്് ക്ലയൂത്ത് ലീഡര്‍ഷിപ്പ് ക്യാമ്പുകള്‍ നടത്തി. പ്രദേശത്തെ യുവതികള്‍ക്ക് സ്വയംതൊഴില്‍ നല്‍കുക ലക്ഷ്യമിട്ട് രണ്ടുമാസത്തോളം എട്ട് സ്ത്രീകള്‍ക്ക് തുന്നല്‍ പരിശീലനം നടത്തി. പ്രളയാനന്തര പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും  പങ്കാളികളാവുന്നതോടൊപ്പം  കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം മൂന്നു വര്‍ഷമായി നാടന്‍ പാട്ട്, അഭിനയം ജീവകാരുണ്യം, മിമിക്രി എന്നിങ്ങനെ നാലു മേഖലകളില്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് കലാഭവന്‍ സ്മൃതി പുരസ്‌കാരവും നല്‍കിവരുന്നു.

 പ്രമുഖ സംവിധായകര്‍ ഉള്‍പ്പെട്ട ജൂറിയാണ് കലാപ്രതിഭ പുരസ്‌ക്കാരം നല്‍കുന്നത്. കൂടാതെ യോഗ ദിനം, പരിസ്ഥിതി ദിനം  ഉള്‍പ്പെടെയുള്ളവയും ക്ലബിന്റെ നേതൃത്ത്വത്തില്‍ ആഘോഷിക്കുന്നു . യോഗാ ദിനത്തോടനുബന്ധിച്ച് യോഗ പരിശീലനവും സെമിനാറുകളും  സംഘടിപ്പിക്കുന്നതോടൊപ്പം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാട് നിലനില്‍ക്കണമെങ്കില്‍ കാട് സംരക്ഷിക്കപ്പെടണമെന്ന മുദ്രാവാക്യമുയര്‍ത്തി ക്ലബ് അംഗങ്ങ്്ള്‍
സംസ്ഥാന വകുപ്പിന്റെ സഹകരണത്തോടെ വൃക്ഷത്തൈകള്‍ നടുകയും മൂന്നു മാസം കൂടുമ്പോള്‍ തൈകള്‍ പരിപാലിക്കുകയും ചെയ്യുന്നു. ഇതിനോടകം ആയിരത്തിലധികം തൈകള്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നട്ടു കഴിഞ്ഞു. 51 അംഗങ്ങളടങ്ങുന്ന ക്ലബ് 2006 മുതലാണ് പ്രവര്‍ത്തനമാരംഭിച്ചത്.

date