Skip to main content
വ്യവസായ വാണിജ്യ വകുപ്പ് കാഞ്ഞങ്ങാട് ഹോട്ടല്‍ ബേക്കല്‍ ഇന്റര്‍നാഷണലില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍  ജില്ലാ കളക്ടര്‍ ജീവന്‍ ബാബു കെ സംസാരിക്കുന്നു. 

 കേരളത്തെ വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കും

കേരളത്തെ വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്നതിന് ഏഴു വകുപ്പുകളിലെ പത്ത് നിയമങ്ങളില്‍ മാറ്റം വരുത്തി. ലൈസന്‍സ് അനുമതി നല്‍കുന്നതിന് ഏകജാലക ബോര്‍ഡിന് അനുമതി നല്‍കി. ഒരു വ്യവസായ സംരംഭകന്‍ സംരംഭം ആരംഭിക്കുന്നതിന് അപേക്ഷ നല്‍കി പതിനഞ്ച് ദിവസത്തിനകം അപേക്ഷ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്തതായി മറുപടി നല്‍കിയില്ലെങ്കില്‍ കല്പിതാനുമതി നല്‍കിയതായി കണക്കാക്കി സംരംഭത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാം. തദ്ദേശ സ്വയംഭരണ, മുന്‍സിപാലിറ്റി ആക്ടില്‍ മാറ്റം വരുത്തിയാണ് നിക്ഷേപ സൗഹൃദമാക്കുന്നത്. പഞ്ചായത്ത് സ്‌റ്റോപ് മെമ്മോ നല്‍കുന്നതിന് മുമ്പ് വിദഗ്ധ സമിതിയുടെ അഭിപ്രായം തേടുകയും സംരംഭകന് തെറ്റുതിരുത്താന്‍ സമയം നല്‍കുകയും വേണം. ആശുപത്രി, ലാബോറട്ടറി, പാരാമെഡിക്കല്‍, ക്ലിനിക്ക് തുടങ്ങിയവയ്ക്ക് മാത്രം ഡി എം ഒ ക്ലിയറന്‍സ് മതി. മറ്റ് വ്യവസായ സംരംഭങ്ങള്‍ക്ക് ആവശ്യമില്ല. 
വ്യവസായ വാണിജ്യ വകുപ്പ് കാഞ്ഞങ്ങാട് ഹോട്ടല്‍ ബേക്കല്‍ ഇന്റര്‍നാഷണലില്‍ സംഘടിപ്പിച്ച കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ ഓര്‍ഡിനന്‍സ് 2017 സംബന്ധിച്ച ഏകദിന ശില്‍പശാലയില്‍ ആമുഖ പ്രഭാഷണം നടത്തിയ ജില്ലാ കളക്ടര്‍ ജീവന്‍ ബാബു കെ വ്യക്തമാക്കിയതാണ് ഇക്കാര്യങ്ങള്‍. കെ എസ് ഐ ഡി സി സീനിയര്‍ മാനേജര്‍ ഇജാസ് ഓര്‍ഡിനന്‍സ് സംബന്ധിച്ച് വിശദീകരിച്ചു. നിക്ഷേപ സൗഹൃദ പ്രോത്സാഹനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം റിട്ട. ജനറല്‍ മാനേജര്‍ പി കെ നാരായണന്‍ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം.പി.അബ്ദുള്‍ റഷീദ് സ്വാഗതവും ഡപ്യൂട്ടി രജിസ്ട്രാര്‍ എന്‍.പി. മറിയം നന്ദിയും പറഞ്ഞു.
വ്യവസായ സംരംഭകരെ എങ്ങനെ സഹായിക്കാം എന്ന ലക്ഷ്യത്തോടെയാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. സംരംഭകരെ വിശ്വാസത്തിലെടുത്ത് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പരിഗണന നല്‍കുന്നത്. കെട്ടിടാനുമതി, പാരിസ്ഥിതികാനുമതി വൈദ്യുതി, വെള്ളം, തുടങ്ങിയവ ലഭിക്കുന്നതിനുള്ള കാലതാമസം, കയറ്റിറക്ക് പ്രശ്‌നങ്ങള്‍ തുടങ്ങിയവ പരിഹരിക്കുന്നതിനുള്ള നടപടികളാണ് ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.കാഞ്ഞങ്ങാട്, നീലേശ്വരം, പരപ്പ ബ്ലോക്ക്പരിധിയിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ സെക്രട്ടറിമാര്‍ നഗരസഭ സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു.
 കാസര്‍കോട് പുതിയബസ്സ്റ്റാന്റ് പരിസരത്തെ ഹോട്ടല്‍ സിറ്റി ടവറില്‍ നടന്ന സെമിനാറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാകളക്ടര്‍  ജീവന്‍ബാബു കെ, കാസര്‍കോട് നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ എം.നൈമുന്നിസ തുടങ്ങിയവര്‍ പങ്കെടുത്തു. 

date