Skip to main content
ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസ് പരിസരത്ത് നടത്തിയ അദാലത്തിനിടെ മുച്ചക്രവാഹനത്തിലെത്തിയ സുനില്‍കുമാറില്‍ നിന്നും ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ പരാതി സ്വീകരിക്കുന്നു.

ഡ്രൈവിംഗ് ലൈസന്‍സ്: അംഗപരിമിതര്‍ക്കായി      പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു

 

ഃ അംഗപരിമിതര്‍ക്കായി ലേണേഴ്‌സ്, ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്കായി പ്രത്യേകദിവസത്തിനും നിര്‍ദേശം 

    തെക്കന്‍ ബങ്കളത്തു നിന്നും ടി.വി സുനികുമാര്‍ എന്ന യുവാവ് മുച്ചക്ര വാഹനത്തില്‍ ഹോസ്ദുര്‍ഗ് താലൂക്കിലെത്തിയത് ജില്ലാ കളക്ടറെ നേരിട്ടുകണ്ട് അംഗപരിമിതരുടെ കണ്ണീര്‍കലര്‍ന്ന സങ്കടക്കെട്ടുകള്‍ എണ്ണിയെണ്ണി ബോധിപ്പിക്കുവാനാണ്. എന്നാല്‍ കളക്ടര്‍ സുനില്‍കുമാറിനടുത്തെത്തി എല്ലാം ക്ഷമയോടെ കേട്ടു. പരിഹാരവുമുണ്ടാക്കി. 
    ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസ് പരിസരത്ത് ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ നടത്തിയ താലൂക്ക്തല പരാതിപരിഹാര അദാലത്തിലാണ് അംഗപരിമിതര്‍ക്കാകെ ആശ്വാസമാകുന്ന തീരുമാനമുണ്ടായത്. 
    എഴുന്നേറ്റുനടക്കുവാന്‍ കഴിയാത്ത സുനില്‍കുമാര്‍ എത്തിയതറിഞ്ഞ് അദാലത്ത് സ്ഥലത്തുനിന്നും താലൂക്ക് ഓഫീസിന് മുന്നിലേക്ക് കളക്ടര്‍ നേരിട്ടെത്തിയാണ് പരാതി സ്വീകരിച്ചതും ആവശ്യമായ നടപടികള്‍ കൈക്കൊണ്ടതും. അതില്‍ പ്രധാനം അംഗപരിമിതരായവര്‍ക്ക് വേണ്ടിമാത്രം ലേണേഴ്‌സ് ടെസ്റ്റും ഡ്രൈവിംഗ് ടെസ്റ്റും പ്രേത്യകമായി ഓരോ ദിവസങ്ങളില്‍ നടത്തുവാന്‍ സംവിധാനമൊരുക്കുവാന്‍ ആര്‍ടിഒ യോട് കളക്ടര്‍ നിര്‍ദേശിച്ചത്. അംഗപരിമിതര്‍ക്ക് അനുയോജ്യമായ സ്ഥലത്താകണം ടെസ്റ്റുകള്‍ നടത്തേണ്ടത്. ഇവര്‍ക്കായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുവാനും ലേണിംഗ് ടെസ്റ്റുകള്‍ താഴത്തെ നിലയിലാക്കുവാനും കളക്ടര്‍ നിര്‍ദേശിച്ചു. ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് റോഡ് സുരക്ഷബോധവത്ക്കരണ ക്ലാസുകളില്‍ പങ്കെടുക്കല്‍, മെഡിക്കല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് ബുദ്ധിമുണ്ടാകുന്നതിനാലാണ് പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ നിര്‍ദേശിച്ചത്. ലേണേഴ്‌സ് ടെസ്റ്റിന് രണ്ടാം നിലയില്‍ എത്തുന്നതിന് പരിമിതികളുള്ള സാഹചര്യത്തിലാണ് താഴെത്തെ നിലകളില്‍ ടെസ്റ്റ് നടത്തുവാനും ആര്‍ടിഒ യോട് കളക്ടര്‍ ആവശ്യപ്പെട്ടത്.  
    കാഞ്ഞങ്ങാട് സൗത്ത് സ്‌കൂളിന് സമീപത്തുനിന്നും ഒരുസംഘം ആളുകള്‍ എത്തിയത് കല്ലൂരാവി-കിഴക്കേക്കര റോഡ് അവസാനഭാഗം ബന്ധിപ്പിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായാണ്. സ്വകാര്യവ്യക്തി സ്ഥലം വിട്ടുനല്‍കാത്തതിനാലാണ് റോഡ് വികസനം പൂര്‍ണ്ണമാകാത്തതെന്നും പരിഹാരമുണ്ടായാല്‍ സ്‌കൂള്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ യാത്രക്ലേശം പരിഹരിക്കാന്‍ കഴിയുമെന്നും കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ 12 പേരടങ്ങുന്ന സംഘം പറയുന്നു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നു കളക്ടര്‍ അറിയിച്ചു. ഇത്തരത്തില്‍ വിവിധങ്ങളായ 118 പരാതികളാണ് അദാലത്തില്‍ കളക്ടര്‍ സ്വീകരിച്ചത്. ഇന്നലെ മാത്രം 50 പരാതികളും ഈ മാസം 12 വരെ 68 പരാതികളും ലഭിച്ചത്. 

date