Skip to main content
പത്തനംതിട്ടയിലെ ഷീഓട്ടോ പാര്‍ക്കിംഗ് സംബന്ധമായ പരാതിയുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്തുന്നു

പരാതികള്‍ക്ക് ശാശ്വത പരിഹാരം : വനിതാ കമ്മീഷന്‍ നേരിട്ട് ജനങ്ങളിലേക്ക്

    പൊതുജനങ്ങളുടെ പരാതികള്‍ക്ക് ശാശ്വത പരിഹാരം നല്‍കുന്നതിനായി സംസ്ഥാന വനിനാകമ്മീഷന്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തുന്നത് ശ്രദ്ധേയമാകുന്നു. മുമ്പ് ജനങ്ങള്‍ പരാതികളുമായി കമ്മീഷനെ തേടിയെത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ കമ്മീഷന്‍ പരാതിപരിഹാരത്തിനും തെളിവെടുപ്പിനുമായി ജനങ്ങള്‍ക്കിടയിലേക്ക് നേരിട്ട് എത്തുകയാണെന്ന് കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍. പത്തനംതിട്ടയിലെ ഷീഓട്ടോ പാര്‍ക്കിംഗ് സംബന്ധമായ പരാതിയുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്തുകയായിരുന്നു കമ്മീഷനംഗം. ഗൗരവമേറിയ പരാതികളില്‍ നേരിട്ടെത്തി തെളിവെടുപ്പ് നടത്തി പരിഹരിച്ചുവരുകയാണ്. ഇതിനകം വിവിധ സ്ഥലങ്ങളില്‍ മിന്നല്‍ പരിശോധനകളും നടത്തിയിട്ടുണ്ട്. ഷീഓട്ടോകള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിന് നഗരസഭാ ബസ് സ്റ്റാന്‍ഡിന് മുമ്പില്‍ സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ഇരുചക്രവാഹനങ്ങളും മറ്റ് സ്വകാര്യവാഹനങ്ങളും ഉള്‍പ്പെടെയുള്ളവ സ്ഥലം കൈയേറി പാര്‍ക്ക് ചെയ്യുന്നതു കാരണം ഷീഓട്ടോകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സ്ഥലം ലഭിക്കുന്നില്ലെന്ന പരാതിയുമായി ഓട്ടോ തൊഴിലാളികള്‍ വനിതാകമ്മീഷനെ സമീപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി തൊഴിലാളികളെ നേരില്‍കണ്ട് പ്രശ്നങ്ങള്‍ മനസ്സിലാക്കി. നഗരസഭാധ്യക്ഷ രജനി പ്രദീപും കമ്മീഷന്‍ അംഗത്തോടൊപ്പമുണ്ടായിരുന്നു. 
    പാര്‍ക്കിംഗ് സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ശാശ്വത പരിഹാരം കാണുന്നതിന് ബന്ധപ്പെട്ടവ ര്‍ക്ക് നിര്‍ദേശം നല്‍കിയതായും  ഇതിനായി ഷീഓട്ടോ തൊഴിലാളികള്‍ നഗരസഭയുമായി സഹകരിച്ചുപ്രവര്‍ത്തിക്കണമെന്നും നിര്‍ദേശം നല്‍കി. ഒരാഴ്ചയ്ക്കുളളില്‍ സ്റ്റാന്‍ഡ് തിരിച്ച് ചങ്ങല കെട്ടി ഷീഓട്ടോകള്‍ പാര്‍ക്ക് ചെയ്യുന്നതിന് സ്ഥലം നല്‍കണമെന്ന കമ്മീഷന്‍റെ നിര്‍ദേശപ്രകാരം 26ന് മുമ്പ് പ്രശ്നം പരിഹരിക്കുമെന്ന് നഗരസഭാധ്യക്ഷ ഉറപ്പു നല്‍കി. കൂടാതെ ഓപ്പണ്‍സ്റ്റേജ് പരിപാടികളോടനുബന്ധിച്ച് കെട്ടുന്ന പന്തലുകള്‍ ആഴ്ചകളോളം പൊളിച്ചുമാറ്റാത്തതും പാര്‍ക്കിംഗിന് തടസമുണ്ടാക്കുന്നു എന്ന പരാതിയിേډല്‍ പരിപാടി കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളില്‍ പന്തല്‍ പൊളിച്ചുമാറ്റുന്നതിന് നടപടി സ്വീകരിക്കുമെന്നും നഗരസഭാധ്യക്ഷ ഉറപ്പു നല്‍കി.                           (പിഎന്‍പി 161/18)

date