Skip to main content

ദേശീയ പഠനനേട്ട സര്‍വേ; ജില്ലയിലെ കുട്ടികള്‍  മികവ് പുലര്‍ത്തിയത് മാതൃഭാഷയില്‍ 

ദേശീയതലത്തില്‍ എന്‍.സി.ഇ.ആര്‍.ടി കഴിഞ്ഞ നവംബറില്‍ നടത്തിയ പഠനനേട്ട സര്‍വേയുടെ ജില്ലാതല ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. കണ്ണൂര്‍ ജില്ലയിലെ കുട്ടികള്‍ മുന്നില്‍ നില്‍ക്കുന്നത് മാതൃഭാഷാ പഠനത്തിലാണെന്ന് സര്‍വേ ഫലം വ്യക്തമാക്കുന്നു.     
3, 5, 8 ക്ലാസുകളിലെ മാതൃഭാഷ, ഗണിതം, പരിസരപഠനം (സാമൂഹ്യശാസ്ത്രവും സയന്‍സും) എന്നിവയിലെ പഠനനിവലാരമാണ് സര്‍വേ വിലയിരുത്തിയത്. എല്ലാ ക്ലാസ്സുകളിലുമുള്ള വിദ്യാര്‍ഥികള്‍ താരതമ്യേന മികവ് നിലനിര്‍ത്തുന്ന വിഷയം മാതൃഭാഷയാണ്. ഗണിതം തൊട്ടടുത്ത് വരും. എന്നാല്‍ എട്ടാം ക്ലാസിലെത്തുമ്പോഴേക്കും ശാസ്ത്ര-സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍ കുട്ടികള്‍ പിറകോട്ടുപോയതായും സര്‍വേ വ്യക്തമാക്കുന്നു.
വായനയുമായി ബന്ധപ്പെട്ട പഠനനേട്ടങ്ങളാണ് മാതൃഭാഷയില്‍ സര്‍വേ പഠനവിധേയമാക്കിയത്. അതില്‍ ജില്ലയിലെ 3, 5, 8 ക്ലാസ്സിലെ കുട്ടികളുടെ ശരാശരി സ്‌കോര്‍ യഥാക്രമം 67, 66, 66 എന്നിങ്ങനെ ശതമാനമാണ്. പഠനവൈകല്യമുള്ള കുട്ടികളെ കൂടി ഉള്‍പ്പെടുത്തിയായിരുന്നു സര്‍വേ നടത്തിയത്. പൊതുവിദ്യാലയങ്ങളിലെ ഭാഷാപഠനം മോശമാണ് എന്ന് ചില കോണുകളില്‍ നിന്നുയരുന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്. വിവിധ ബി.എഡ്  സെന്ററുകളിലെ ട്രെയിനര്‍മാര്‍ ഇന്‍വിജിലേറ്റര്‍മാരായി ദേശീയതലത്തില്‍ തയ്യാറാക്കിയ ചോദ്യപ്പേപ്പര്‍ ഉപയോഗിച്ചായിരുന്നു സര്‍വേ. 
ഗണിതത്തിലെ പ്രകടനം മൂന്നാംതരം 69, അഞ്ചാംതരം 63, എട്ടാം തരം 52 എന്നിങ്ങനെ ശതമാനമാണ്. മൂര്‍ത്തമായ വസ്തുക്കളും പഠനോപകരണങ്ങളും ഉള്‍പ്പെടുത്തിയുള്ള പഠനത്തിന്റെ  അഭാവമാണ് മുതിര്‍ന്ന ക്ലാസുകളിലെ ഗണിതപഠനത്തിലെ നിലവാരക്കുറവിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നതായി എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ അഭിപ്രായപ്പെട്ടു.
ശാസ്ത്ര-സാമൂഹികശാസ്ത്ര വിഷയത്തിലെ സ്‌കോര്‍ മൂന്നാംതരത്തില്‍ 73 ശതമാനവും അഞ്ചാംതരത്തില്‍ 62 ശതമാനവുമാണ്. എന്നാല്‍ എട്ടാംതരത്തില്‍ ശാസ്ത്രത്തിന് 42 ശതമാനവും സാമൂഹിക ശാസ്ത്രത്തിന് 35 ശതമാനവുമായി അത് കുറഞ്ഞതായും സര്‍വേ ഫലം വ്യക്തമാക്കുന്നു. അന്വേഷണാത്മകപഠനങ്ങളിലൂടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക, പരിസരങ്ങളില്‍ നിന്ന് ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് മാതൃകകള്‍ നിര്‍മിക്കുകയും വിശദീകരിക്കുക്കയും ചെയ്യുക എന്നീ കാര്യങ്ങളിലാണ് എട്ടാംതരത്തിലെ കുട്ടികളുടെ പ്രകടനം മോശമായത്- യഥാക്രമം 31, 32 ശതമാനം. അതേസമയം, പരിസര സംരക്ഷണം (67%),  വസ്തുക്കള്‍, ജീവജാലങ്ങള്‍, പ്രക്രിയകള്‍ എന്നിവയെ വ്യവച്ഛേദിച്ച് മനസിലാക്കല്‍ (58%) എന്നിവയില്‍ അവര്‍ക്ക് മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കാനായി. 
    ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികള്‍ പഠനത്തില്‍ നേരിയ മികവ് പ്രകടമാക്കുന്നതായും സര്‍വേയില്‍ കണ്ടെത്തി. ഒ.ബി.സി, എസ്.സി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പഠനനിലവാരം തമ്മിലുള്ള അന്തരം കുറഞ്ഞുവരുന്നുണ്ടെങ്കിലും എസ്.ടി മേഖലയില്‍ ഈ നേട്ടം കൈവരിക്കാനായിട്ടില്ലെന്ന് സര്‍വേ ഫലം വ്യക്തമാക്കുന്നുണ്ട്. 
പി.എന്‍.സി/244/2018

date