Skip to main content

സിവില്‍ ഡിഫന്‍സ് ദുരന്തമുഖങ്ങളില്‍ ഇനി പ്രാദേശിക സേന സഹായത്തിനെത്തും

· 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അംഗമാകാം

ദുരന്ത നിവാരണത്തില്‍ അഗ്നി രക്ഷാസേനയ്‌ക്കൊപ്പം ഇനി പ്രദേശിക സേനയും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കു ചേരും. സേവന സന്നദ്ധതയുള്ള പൊതുജനങ്ങളെ ഉള്‍പ്പെടുത്തി സിവില്‍ ഡിഫന്‍സ് എന്ന പേരിലാണ് പുതിയ വളണ്ടിയര്‍ സംവിധാനം ഒരുങ്ങുന്നത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വീസസ് വകുപ്പിന് കീഴിലാണ് ഈ സേന രൂപപ്പെടുത്തുന്നത്. ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കി പ്രാദേശികമായുള്ള ഈ സേനയെയും ദുരന്ത മുഖങ്ങളിലെ സക്രീയമായി ഇടപെടും. യഥാസമയത്തെ ഇടപെടല്‍ കൊണ്ട്  ജീവന്‍ രക്ഷിക്കുക, ആപല്‍ ഘട്ടങ്ങളില്‍ സ്വത്തുവകകളുടെ നഷ്ടം പരമാവധി കുറയ്ക്കുക, ജനങ്ങളുടെ മനോവീര്യം ഉണര്‍ത്തുക എന്നതാണ് സിവില്‍ ഡിഫന്‍സിന്റെ ലക്ഷ്യങ്ങള്‍. ഏത് ദുരന്ത മുഖത്തും ആദ്യമെത്തുക അതത് പ്രദേശങ്ങളിലെ ജനങ്ങളാണ്. ദുരന്ത സ്ഥലത്തെ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് ആദ്യമെത്തുന്നവരുടെ സഹായങ്ങള്‍ ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കും. ഇവര്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന്റെ ശാസ്ത്രീയ പാഠങ്ങള്‍ പകര്‍ന്ന് നല്‍കുന്നതിലൂടെ ദുരന്ത ലഘൂകരണം എളുപ്പത്തിലാകും. കേരളം പിന്നിട്ട രണ്ടു പ്രളയത്തെ അതിജീവിക്കാന്‍ സേനകള്‍ക്കൊപ്പം  നാടിന്റെ കൂട്ടായ പരിശ്രമമാണ് സഹായകരമായത്. ഈ പശ്ചാത്തലത്തിലാണ് സിവില്‍ ഡിഫന്‍സ് എന്ന ആശയം രൂപപ്പെട്ടത്. 1968 മുതല്‍ ഇന്ത്യയില്‍ സിവില്‍ ഡിഫന്‍സ് നിയം നിലവിലുണ്ടെങ്കിലും 2010 ത്തിലെ മൂന്നാം വിജ്ഞാപനത്തിലൂടെ ദുരന്തനിവാരണം കൂടി അധിക ചുമതലയായി ഉള്‍പ്പെടുത്തുകയായിരുന്നു. അഗ്നി രക്ഷാ സേന ഡയറക്ടര്‍ ജനറലാണ് ഹോംഗാര്‍ഡ്‌സിന്റെയും സിവില്‍ ഡിഫന്‍സിന്റെയും മേധാവി.  റിജിയണല്‍ ഫയര്‍ ഓഫീസറും ജില്ലാ ഫയര്‍ ഓഫീസര്‍മാരും ചേര്‍ന്ന് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും. ജില്ലാ കളക്ടര്‍ക്കാണ് ജില്ലാ തലത്തില്‍ സേനയെ നിയന്ത്രിക്കുക. ഓരോ അഗ്നി രക്ഷാ കേന്ദ്രങ്ങളിലും 50 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കും. സംസ്ഥാനത്ത് 6200 ഉള്‍ക്കൊള്ളുന്ന സിവില്‍ ഡിഫന്‍സ് സേനയാണ് നിലവില്‍ വരിക.

18 വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരകാം. നാലാം ക്ലാസ്സ്‌വരെയുള്ള പ്രാഥമിക വിദ്യാഭ്യാസം നേടിയവരായിരിക്കണം. പ്രതിഫലേച്ഛയില്ലാതെ ഏതു ഘട്ടത്തിലും പ്രവര്‍ത്തന സജ്ജമായിരിക്കണം. മാനസികവും ശാരീരികമായും കാര്യക്ഷമതയുള്ളവരായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രാദേശിക തലത്തിലും ജില്ലാ, സംസ്ഥാന തലത്തിലും പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുന്ന വളണ്ടിയര്‍മാര്‍ക്ക്  മെറ്റാലിക് ബാഡ്ജും, റിഫ്‌ളക്ടീവ് ജാക്കറ്റും  തിരിച്ചറിയല്‍ കാര്‍ഡും നല്‍കും. വളണ്ടിയറാവാന്‍ താല്‍പ്പര്യമുള്ളവര്‍ www.cds.fire.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍.0487 2320872, 0471 2320872.

date