Skip to main content

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്  അടിയന്തിര നടപടി: ജില്ലാ കളക്ടര്‍

ജില്ലയില്‍ റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ജില്ലാ റോഡ് സുരക്ഷാ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എംസി റോഡില്‍ തിരുവല്ല കെഎസ്ആര്‍ടിസി ജംഗ്ഷന്‍ മുതല്‍ മഹാലക്ഷ്മി വരെയുള്ള ഭാഗത്ത് റോഡ് കൈയേറി അനധികൃത കച്ചവടം നടത്തുന്നത് ഒഴിവാക്കുന്നതിന് സബ് കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ പോലീസ്, ആര്‍ടിഒ, പൊതുമരാമത്ത്, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങിയ ടീമിനെ നിയോഗിച്ചു. കൈയേറ്റം തടയുന്നതിന് നിരീക്ഷണം നടത്തും. ഓമല്ലൂര്‍ മിലിറ്ററി കാന്റീനു സമീപം റോഡിലെ വാഹന പാര്‍ക്കിംഗ് ഒഴിവാക്കുന്നതിന് നടപടിയെടുക്കും. റാന്നി മേഖലയിലെ ശബരിമല റോഡില്‍ സിസിടിവി സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് (ഇലക്ട്രോണിക്സ്) വിഭാഗം സമര്‍പ്പിച്ച 91 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അംഗീകാരം നല്‍കി കേരള റോഡ് സേഫ്ടി അതോറിറ്റിക്ക് നല്‍കുന്നതിന് തീരുമാനമായി. 

ജില്ലയിലെ എല്ലാ ഹൈസ്‌കൂളുകളിലെയും മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും റോഡ് സുരക്ഷ സംബന്ധിച്ച് നിര്‍ബന്ധിത ബോധവത്കരണ ക്ലാസ് നല്‍കുന്നതിന് ആക്ഷന്‍ പ്ലാന്‍ തയാറാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി. നിലവില്‍ സ്‌കൂളുകളില്‍ രൂപീകരിച്ചിട്ടുള്ള റോഡ് സുരക്ഷാ ക്ലബുകളിലെ കുട്ടികള്‍ക്കാണ് ക്ലാസ് നല്‍കി വരുന്നത്.

അപകടങ്ങളുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ 108 ആംബുലന്‍സിന്റെ സേവനം എല്ലാവരും പ്രയോജനപ്പെടുത്തണം. നിലവില്‍ ജില്ലയില്‍ 15 ആംബുലന്‍സുകളാണ് അനുവദിച്ചിട്ടുള്ളത്. ഏനാദിമംഗലം, എഴുമറ്റൂര്‍, വെച്ചൂച്ചിറ, ചിറ്റാര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, പള്ളിക്കല്‍, കൊക്കാത്തോട്, പന്തളം, വടശേരിക്കര പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കോഴഞ്ചേരി ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി അടൂര്‍, ജനറല്‍ ആശുപത്രി പത്തനംതിട്ട, കോന്നി, മല്ലപ്പള്ളി, റാന്നി, തിരുവല്ല താലൂക്ക് ആശുപത്രികളിലായാണ് 108 ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുള്ളത്. 

ജില്ലയിലെ 27 സ്‌കൂളുകളില്‍ എസ്പിസിയുടെ നേതൃത്വത്തില്‍ പോലീസ്, ആര്‍ടിഒ, ആരോഗ്യം, എക്സൈസ് എന്നിവയുടെ സഹകരണത്തോടെയും ഈമാസം 21 മുതല്‍ 23 വരെ റോഡ് സുരക്ഷ ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസ് നടത്തും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ സ്‌കൂളുകളിലും റോഡ് അപകടങ്ങളും പ്രഥമ ശുശ്രൂഷയും സംബന്ധിച്ച് ക്ലാസുകള്‍ നടത്തും. ഹയര്‍സെക്കന്‍ഡറി തലത്തിലുള്ള എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രിക്സിന്റെ നേതൃത്വത്തില്‍ ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം നല്‍കി. ഈ അധ്യാപകര്‍ മുഖേന സ്‌കൂളുകളില്‍ പരിശീലനം നല്‍കും. സ്‌കൂളുകള്‍ പരിപാടി ക്രമീകരിക്കുന്ന മുറയ്ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ ക്ലാസുകളില്‍ പങ്കെടുത്ത് ബോധവത്കരണം നല്‍കും. സ്ഥിരം അപകടങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങള്‍ മാപ്പ് ചെയ്ത് നിരീക്ഷിച്ച് അപകടങ്ങള്‍ കുറയ്ക്കുന്നതിന് നടപടിയെടുക്കും. അപകടസ്ഥലങ്ങള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി സോഫ്റ്റ്‌വെയറും മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിക്കുന്നതിനും തീരുമാനിച്ചു. എഡിഎം അലക്‌സ് പി തോമസ്, ആര്‍റ്റിഒ ജിജി ജോര്‍ജ്, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍. പ്രദീപ് കുമാര്‍, ഡിഎംഒ(ആരോഗ്യം)ഡോ.എ.എല്‍. ഷീജ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

date