Skip to main content
ഓമല്ലൂര്‍ മുള്ളനിക്കാട് മേലേച്ചിറ വലിയ തോടിന്റെ പുനരുജീവന പ്രവര്‍ത്തനങ്ങള്‍ വീണാ ജോര്‍ജ് എം.എല്‍.എയുടെ ഉദ്ഘാടനം ചെയ്യുന്നു.

ഇനി ഞാന്‍ ഒഴുകട്ടെ:   ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നീര്‍ച്ചാലുകളുടെ  പുനരുജീവനപ്രവര്‍ത്തനങ്ങള്‍ സജീവം

'ഇനി ഞാന്‍ ഒഴുകട്ടെ' നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നീര്‍ച്ചാലുകളുടെ പുനരുജീവനപ്രവര്‍ത്തനങ്ങള്‍ സജീവം. ഓമല്ലൂര്‍, കുറ്റൂര്‍, കല്ലൂപ്പാറ, കോഴഞ്ചേരി, മല്ലപ്പള്ളി, ചെറുകോല്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ തോട് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. 

ഓമല്ലൂര്‍ മുള്ളനിക്കാട് മേലേച്ചിറ വലിയ തോടിന്റെ പുനരുജീവന പ്രവര്‍ത്തനങ്ങള്‍ വീണാ ജോര്‍ജ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്നു. ഇനി ഞാന്‍ ഒഴുകട്ടെ ക്യാമ്പയിനിലൂടെ പ്രകൃതിയേയും ജലത്തേയും മണ്ണിനേയും വീണ്ടെടുക്കണമെന്നും തോടുകള്‍ക്ക് സമീപമുള്ള സ്ഥലങ്ങളില്‍ പച്ചക്കറി കൃഷി നടത്തണമെന്നും വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു.  ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍. രാജേഷ് പദ്ധതി വിശദീകരണം നടത്തി. ജില്ലയിലെ 66 നീര്‍ച്ചാലുകളാണ് പുനരുജീവനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നതെന്നും നീര്‍ച്ചാലിലേക്കുള്ള മാലിന്യ നിക്ഷേപം തടയാന്‍ വേണ്ടിയാണ് ഈ പദ്ധതി ജനകീയമായി നടത്താന്‍ തീരുമാനിച്ചതെന്നും അദേഹം പറഞ്ഞു.

കുറ്റൂര്‍ മധുരംപുഴയുടെ പുനരുജീവനം മാത്യു ടി. തോമസ് എം.എല്‍.എ നിര്‍വഹിച്ചു. ജനകീയ കൂട്ടായ്മയിലൂടെ വരട്ടാര്‍ മോഡലില്‍ ആറ് കിലോമീറ്റര്‍ ഉണ്ടായിരുന്ന മധുരംപുഴയെ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആരംഭിക്കേണ്ടതെന്നും  

ജനകീയ പ്രവര്‍ത്തനങ്ങളില്‍ വരട്ടാറിനെ വീണ്ടെടുക്കാന്‍ സജീവമായി പ്രയത്നിച്ച കൂറ്റരിന് മധുരംപുഴയുടെ പുനരുജീവനം സാധ്യമാകുമെന്നും മാത്യു ടി. തോമസ് എം.എല്‍.എ പറഞ്ഞു.

കല്ലൂപ്പാറ പ്ലാങ്കൂട്ടത്തില്‍പടി മുതല്‍ മണിമലയാറുവരെയുള്ള നീര്‍ച്ചാലിന്റെ ജനകീയ പങ്കാളിത്തത്തോടെ വൃത്തിയാക്കല്‍ പരിപാടിയുടെ നേതൃത്വം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയും നിര്‍വഹിച്ചു. നൂറിലധികം ആളുകള്‍ നീര്‍ച്ചാലിന്റെ വൃത്തിയാക്കലില്‍ പങ്കെടുത്തു. കോഴഞ്ചേരി അയന്തി നീര്‍ച്ചാലിന്റെ പുനരുജീവനം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍് ജെറി മാത്യു സാം നിര്‍വഹിച്ചു. 800 മീറ്റര്‍ നീളമുള്ള ചാലാണ് ജനകീയ പങ്കാളിത്തത്തോടെ വൃത്തിയാക്കിയത്. മല്ലപ്പള്ളി പാറത്തോടിന്റെ പുനരുജീവനം പ്രവര്‍ത്തനങ്ങളുടെ നേതൃത്വം മല്ലപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റജി ശാമുവലും ചെറുകോല്‍ കുഴിമണ്ണില്‍ പടി കാട്ടൂര്‍ ഏലാ തോടിന്റെ വീണ്ടെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ എബ്രഹും നേതൃത്വം നല്‍കി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജനകീയ കൂട്ടായ്മയിലൂടെയാണ് പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക.

 

date