Skip to main content

സന്നിധാനത്തിന്റെ സുരക്ഷയ്ക്ക് അത്യന്താധുനിക സംവിധാനങ്ങള്‍

അതീവ സുരക്ഷാ മേഖലയായ ശബരിമലയുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ അത്യന്താധുനിക യന്ത്ര സാമഗ്രികളും പരിശീലനം നേടിയ  സേനാംഗങ്ങളുമായി നിതാന്ത ജാഗ്രതയിലാണ് സന്നിധാനത്തെ ബോംബ് സ്‌ക്വാഡ്. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത മൂന്നരക്കോടി രൂപയുടെ സുരക്ഷാ ഉപകരണങ്ങളാണ് സംസ്ഥാന പോലീസ് വകുപ്പ് ശബരിമലയില്‍ ഉപയോഗിക്കുന്നത്.

നിലയ്ക്കല്‍, പമ്പ, സന്നിധാനം തുടങ്ങി തീര്‍ത്ഥാടന പാതയിലെങ്ങും അതീവ ജാഗരൂകരായി പോലീസിന്റെ സുരക്ഷാ ഭട•ാരുണ്ട്. പ്ലാപ്പള്ളിയിലും നിലയ്ക്കലിലും ട്രോളി മിറര്‍ പോലുള്ള സാങ്കേതിക സംവിധാനങ്ങളുപയോഗിച്ചാണ് വാഹന പരിശോധന. പമ്പാ ഗണപതി ക്ഷേത്രത്തിന്റെ പടി കയറാന്‍ തുടങ്ങുന്നിടത്തു തന്നെ ഭക്തജനങ്ങളെ സുരക്ഷാ പരിശോധനയ്ക്ക് വിധേയരാക്കും. ബോഡി ചെക്കിംഗ്, ഗാര്‍ഡ് റൂം, ബാഗേജ് സ്‌കാനര്‍ എന്നീ പരിശോധനകള്‍ക്ക് ശേഷമേ ഭക്തര്‍ക്ക് കടന്നു പോകാനാവൂ. നീലിമലയിലും മരക്കൂട്ടത്തും വീണ്ടും പരിശോധനയുണ്ടാവും. നടപ്പന്തലിലെത്തിയാല്‍ അവിടെയും ബാഗേജ്, ബോഡി ചെക്കിംഗ് ഉണ്ട്. പുല്ലുമേട് വഴിവരുന്നവര്‍ക്ക് പാണ്ടിത്താവളത്തും വാവരുടെ നടയിലും പരിശോധനാ വിധേയരാവേണ്ടതുണ്ട്.

ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടര്‍, ഹാന്‍ഡ് ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടര്‍, മൈന്‍ സ്വീപ്പര്‍, എക്‌സ്‌പ്ലോസീവ് ഡിറ്റക്ടര്‍, പോര്‍ട്ടബിള്‍ എക്‌സ് റേ മെഷീന്‍, തെര്‍മല്‍ ഇമേജിംഗ് ക്യാമറ, എക്‌സ് റേ ബാഗേജ് സ്‌കാനര്‍, നോണ്‍ ലീനിയര്‍ ജംഗ്ഷന്‍ ഡിറ്റക്ടര്‍, ബോംബ് സ്യൂട്ട്, എക്സ്റ്റഷന്‍ മിറര്‍, റിയല്‍ ടൈം വ്യൂയിംഗ് സിസ്റ്റം, ഒരു കിലോ മീറ്ററോളം വെളിച്ചം പ്രസരിപ്പിക്കുന്ന കമാന്‍ഡോ ടോര്‍ച്ചുകള്‍ തുടങ്ങി അത്യന്താധുനിക സംവിധാനങ്ങളാണ് പോലീസ് വകുപ്പ് ശബരിമലയുടെ സുരക്ഷിതത്വത്തിന് മാത്രമായി ഉപയോഗിക്കുന്നത്.

എട്ടു മുതല്‍ പത്തുലക്ഷം രൂപ വരെയാണ് മൈന്‍ സ്വീപ്പറിന്റെ വില. എവിടെയെങ്കിലും സ്ഥോടനം നടന്നാല്‍ ഏത് സ്‌ഫോടക വസ്തുവാണെന്ന് കണ്ടെത്തുന്നതിനുള്ള ഉപകരണമാണ് എക്‌സ്‌പ്ലോസീവ് ഡിറ്റക്ടര്‍. എവിടെയെങ്കിലും സ്‌ഫോടക വസ്തുവിന്റെ സാന്നിധ്യം അറിഞ്ഞാല്‍ അതിനെ സ്‌കാന്‍ ചെയ്ത് ഫ്യൂസ് കണ്ടെത്തി നിര്‍വീര്യമാക്കുന്ന ഉപകരണമാണ് പോര്‍ട്ടബ്ള്‍ എക്‌സ് റേ മെഷീന്‍. ദൂരെയിരുന്ന്  വയര്‍ കട്ട് ചെയ്യാവുന്ന റിമോട്ട് വയര്‍ കട്ടറുമുണ്ട്.

രാത്രിയായാലും പകലായാലും മറഞ്ഞു നില്‍ക്കുന്ന അക്രമിയുടെ താപം സ്വാംശീകരിച്ച് ചിത്രമെടുക്കുന്ന ക്യാമറയാണ് തെര്‍മല്‍ ഇമേജിംഗ് ക്യാമറ. വൈദ്യുതി വിതരണ സംവിധാനത്തിലൂടെ ആസൂത്രണം ചെയ്യപ്പെട്ടേക്കാവുന്ന സ്‌ഫോടനങ്ങള്‍ മുന്‍കൂട്ടി കണ്ടു പിടിക്കുന്നതിനാണ് നോണ്‍ ലീനിയര്‍ ജംഗ്ഷന്‍ ഡിറ്റക്ടര്‍ ഉപയോഗിക്കുന്നത്. സെമി കണ്ടക്ടറുകളുടെ സാന്നിധ്യം കണ്ടുപിടിക്കാനും ഇതുപയോഗിക്കാം.

ബോംബ് സ്യൂട്ടിന് 110 കിലോഗ്രാം ഭാരം വരും. ഹെല്‍മറ്റ്, കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ എന്നിവ ഇതിനൊപ്പമുണ്ടാകും. ബോംബ് നീക്കം ചെയ്യേണ്ടി വരുമ്പോള്‍ ബോംബിനടുത്ത് പോകുന്നയാള്‍ ധരിക്കുന്നതാണിത്.

ഈ ഉപകരണങ്ങളുമായി ശബരിമലയുടെ മുക്കിലും മൂലയിലും സേനാംഗങ്ങള്‍ 24 മണിക്കൂറും റാന്‍ഡം പട്രോളിംഗ് നടത്തുന്നുണ്ട്.

എക്‌സ്‌പ്ലോസീവ് രംഗത്ത് പ്രത്യേക പരിശീലനം നേടിയ പോലീസ് സേനാംഗങ്ങളാണ് ശബരിമലയില്‍ ഡ്യൂട്ടിക്ക് നിയുക്തരായിട്ടുള്ളവരെല്ലാം. കേരളത്തിലും കേരളത്തിനു പുറത്തും പ്രത്യേക പരിശീലനം ലഭിച്ച വിദഗ്ദ്ധരാണിവര്‍.

പത്തനംതിട്ട എസ്.പിയുടെ കസ്റ്റഡിയിലാണ് ഈ ഉപകരണങ്ങള്‍. സന്നിധാനം, നില്ക്കല്‍, പമ്പ എന്നീ മൂന്ന് സ്റ്റോറുകളുടെ ചുമതല സബ് ഇന്‍സ്‌പെക്ടര്‍ ഹരികുമാറിനാണ്. ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ റിപ്പയര്‍ ചെയ്യാന്‍ അറിവുള്ള ടെക്‌നിഷ്യന്‍മാരും സംഘത്തിലുണ്ട്. മണ്ഡല, മകരവിളക്ക് സീസണ്‍ കഴിഞ്ഞാലും ഈ ഉപകരണങ്ങള്‍ ശബരിമലയുടെ സുരക്ഷയ്ക്കായി ഉപയോഗിക്കുമെന്ന് സബ് ഇന്‍സ്‌പെക്ടര്‍ ഹരികുമാര്‍ പറഞ്ഞു.

date