Skip to main content

ജില്ലയുടെ  വികസനത്തിന് നബാര്‍ഡിന്റെ  5276 കോടി രൂപ

ജില്ലയുടെ സമഗ്ര വികസനത്തിനായി ബാങ്കുകള്‍ മുഖേന 2020-21  സാമ്പത്തിക വര്‍ഷത്തില്‍  നബാര്‍ഡ് നടപ്പിലാക്കുന്നത് 5,276 കോടി രൂപയുടെ വായ്പാ സാധ്യതാ പദ്ധതി. ഇതില്‍ 3,350 കോടി രൂപ (63 ശതമാനം) കാര്‍ഷിക  മേഖലയ്ക്കും, 18 ശതമാനം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും, 13 ശതമാനം ഭവന വായ്പകള്‍ക്കും,  നാല് ശതമാനം വിദ്യാഭ്യാസ വായ്പകള്‍ക്കും,  രണ്ട്  ശതമാനം മറ്റു മുന്‍ഗണനാ  വായ്പകള്‍ക്കുമാണ്. നബാര്‍ഡ്  തയാറാക്കിയ വായ്പാ സാദ്ധ്യതാ പദ്ധതി രൂപരേഖ ഡെപ്യൂട്ടി  കളക്ടര്‍  പി.ആര്‍ രാധിക ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗത്തില്‍ പ്രകാശനം ചെയ്തു. പദ്ധതി രൂപ രേഖയുടെ ആദ്യ കോപ്പി ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ എന്‍ കണ്ണന്‍  ഏറ്റു വാങ്ങി. കൃഷി, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍, ഭവന, വിദ്യാഭ്യാസ വായ്പകള്‍ തുടങ്ങിയ മുന്‍ഗണന മേഖലകള്‍ക്ക് നൂതനവും ക്രിയാത്മകവുമായ രീതിയില്‍ വായ്പകള്‍ ലഭ്യമാക്കുമെന്നും വായ്പാ സാധ്യതാ പദ്ധതി രൂപരേഖ ബാങ്കുകള്‍ക്കും വിവിധ സര്‍ക്കാര്‍  വകുപ്പുകള്‍ക്കും  പദ്ധതി ആസൂത്രണത്തില്‍ പ്രയോജനം ചെയ്യാനുതകും എന്ന് ഡെപ്യൂട്ടി  കളക്ടര്‍ പറഞ്ഞു.

നബാര്‍ഡ് എ.ജി.എം. ജ്യോതിസ് ജഗന്നാഥ്, റിസര്‍വ്  ബാങ്ക് എ.ജി.എം. പി വി മനോഹരന്‍, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ എന്‍ കണ്ണന്‍, ജില്ലാസഹകരണ ബാങ്ക് ഡി.ജി.എം കെ രാജന്‍, കേരള ഗ്രാമീണ്‍ ബാങ്ക് റീജിയണല്‍ മാനേജര്‍ എസ് എന്‍ ബാപ്റ്റി, വിവിധ ബാങ്ക്, വകുപ്പുകള്‍ എന്നിവയുടെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. 

date