Skip to main content

ജില്ലയിലെ മുഴുവന്‍ കൊറഗ കുടുംബങ്ങള്‍ക്കും  പോഷകാഹാര കിറ്റ് വിതരണം ചെയ്തു

ജില്ലാ പഞ്ചായത്തിന്റെ കൊറഗ കോളനി സമഗ്ര വികസനം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ കൊറഗ കുടുംബങ്ങള്‍ക്കും പോഷകാഹാര കിറ്റ് വിതരണം ചെയ്തു. ജില്ലയിലെ 545 കുടുംബങ്ങള്‍ക്കാണ്  പോഷാകാഹാര കിറ്റ് ലഭിച്ചത്.ജില്ലയിലെ പ്രാക്തന ഗോത്രവര്‍ഗ്ഗമായ കൊറഗ വിഭാഗത്തിന്റെ ക്ഷേമം മുന്‍നിര്‍ത്തിയാണ് 934 രൂപ വിലവരുന്ന പോഷകാഹാര കിറ്റ് വിതരണം ചെയ്തത്. കിറ്റില്‍ വന്‍കടല, നിലക്കടല, ഉണക്കമുന്തിരി, ബദാം, ഈന്തപ്പഴം, അവല്‍, ശര്‍ക്കര എന്നിവയാണ് ഉള്ളത്. ജില്ലാ പട്ടിക വര്‍ഗ്ഗ  വികസന ഓഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായാണ് പദ്ധതി നടപ്പിലാക്കുന്നത്.

വോര്‍ക്കാടി  പഞ്ചായത്ത് ഹാളില്‍   പരിപാടിയുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത്  വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍  ഹര്‍ഷാദ് വോര്‍ക്കാടി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്  കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  അഡ്വ. എ.പി.ഉഷ അധ്യക്ഷത വഹിച്ചു. വോര്‍ക്കാടി പഞ്ചായത്ത് പ്രസിഡന്റ് ബി.എ അബ്ദുള്‍ മജീദ,്  വോര്‍ക്കാടി പഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  തുളസി കുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ  ഡി സീത, ഗോപാല പജ്ജ്വ, ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍   പി.ടി അനന്തകൃഷ്ണന്‍, എന്‍മകജെ   ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍  കെ മുഹമ്മദ് ഷാഹിദ് എന്നിവര്‍ സംസാരിച്ചു.

    പദ്ധതിയുടെ ഭാഗമായി കൊറഗ കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പ്രവൃത്തികളും നടപ്പിലാക്കും. ഈ സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാപഞ്ചായത്ത് പദ്ധതിക്കായി 15 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതില്‍ അഞ്ച് ലക്ഷം രൂപ പോഷകാഹാര കിറ്റ് വിതരണം ചെയ്യാന്‍ ചെലവഴിച്ചു. ജില്ലയിലെ  14 ഗ്രാമപഞ്ചായത്തുകളിലും ഒരു നഗരസഭയിലും ആയി 545 കുടംബങ്ങളിലായി 1803 കൊറഗവിഭാഗക്കാരാണ് ഉള്ളത്. 

date