Skip to main content

63ാമത് ദേശീയ സ്‌കൂള്‍ ഗെയിംസ് തയ്ക്വാന്‍ഡോ  ചാമ്പ്യന്‍ഷിപ്പിന് കണ്ണൂരില്‍ തുടക്കമായി

ദേശീയ കായിക നയം വേണം: കെ.കെ. രാഗേഷ് എം.പി 
    63ാമത് ദേശീയ സ്‌കൂള്‍ ഗെയിംസ് തയ്ക്വാന്‍ഡോ ചാമ്പ്യന്‍ഷിപ്പ് കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കെ.കെ. രാഗേഷ് എം.പി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ കായിക മേഖലയുടെ വളര്‍ച്ചയ്ക്ക് സമഗ്രമായ ദേശീയ കായിക നയം ആവശ്യമാണെന്ന് എം.പി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കായിക മേഖലയ്ക്കുള്ള കേന്ദ്ര ബജറ്റ് വിഹിതം വലിയ തോതില്‍ വര്‍ധിപ്പിക്കണം. കേരള സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ കായിക മേഖലയ്ക്കായി 700 കോടി രൂപ നീക്കി വെച്ചപ്പോള്‍ കേന്ദ്ര ബജറ്റ് വിഹിതം കേവലം 900 കോടി രൂപയായിരുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ യുവാക്കളുള്ള രാജ്യമായിട്ടും ഇന്ത്യക്ക് കായിക മേഖലയില്‍ നേട്ടം കൈവരിക്കാന്‍ കഴിയാത്തത് ശ്രദ്ധയും പ്രോത്സാഹനവും കുറവായതിനാലാണ്. കായിക നയത്തിന് സമഗ്രതയില്ലാത്തതാണ് വികാസത്തിന് തടസ്സമാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
    കണ്ണൂര്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ഷാഹിന മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് വി. രഞ്ജിത്ത് കുമാര്‍, കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.കെ വിനീഷ്, സ്‌പോര്‍ട്‌സ്-ഫിസിക്കല്‍ എജുക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫ്, തയ്ക്വാന്‍ഡോ അസോസിയേഷന്‍ ഓഫ് കേരള ജനറല്‍ സെക്രട്ടറി ബി. അജി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹയര്‍ സെക്കന്‍ഡറി എജുക്കേഷന്‍ ഡയറക്ടര്‍ പി.കെ. സുധീര്‍ബാബു സ്വാഗതവും അക്കാമദമിക് എ.ഡി.പി.ഐ ജിമ്മി കെ. ജോസ് നന്ദിയും പറഞ്ഞു.
    ഉദ്ഘാടനത്തിന് മുമ്പായി ടീമുകളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു. ഉദ്ഘാടനത്തിന് ശേഷം കളരിപ്പയറ്റ് പ്രദര്‍ശനം, കലാപരിപാടികള്‍ തുടങ്ങിയവ അരങ്ങേറി. 
    തിങ്കളാഴ്ച പെണ്‍കുട്ടികളുടെ അണ്ടര്‍ 40 കി.ഗ്രാം, അണ്ടര്‍ 55 കി.ഗ്രാം, ആണ്‍കുട്ടികളുടെ അണ്ടര്‍ 45 കി.ഗ്രാം എന്നീ വിഭാഗങ്ങളിലുള്ള മത്സരങ്ങളാണ് നടന്നത്. ഇന്ന് (ജനു. 23) പെണ്‍കുട്ടികളുടെ അണ്ടര്‍ 42 കി.ഗ്രാം, അണ്ടര്‍ 52 കി.ഗ്രാം, അണ്ടര്‍ 68 കി.ഗ്രാം മത്സരങ്ങളും ആണ്‍കുട്ടികളുടെ അണ്ടര്‍ 51 കി.ഗ്രാം, അണ്ടര്‍ 55 കി.ഗ്രാം, അണ്ടര്‍ 63 കി.ഗ്രാം, അണ്ടര്‍ 78 കി.ഗ്രാം എന്നീ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടക്കും. മത്സരങ്ങള്‍ രാവിലെ ഒമ്പതിന് ആരംഭിക്കും. ജനുവരി 25 വരെയാണ് ചാമ്പ്യന്‍ഷിപ്പ് അരങ്ങേറുക.
    കേരളം ഉള്‍പ്പെടെ 22 സംസ്ഥാനങ്ങളുടെയും നവോദയ വിദ്യാലയ, കേന്ദ്രീയ വിദ്യാലയ, വിദ്യാഭാരതി, ദേവ് പബ്ലിക് സ്‌കൂള്‍ ഡല്‍ഹി എന്നിവയുടെയും ടീമുകള്‍ ഉള്‍പ്പെടെ 26 ടീമുകളാണ് കണ്ണൂരില്‍ മത്സരിക്കുന്നത്. 265 പെണ്‍കുട്ടികളും 242 ആണ്‍കുട്ടികളും ഉള്‍പ്പെടെ ആകെ 507 പേര്‍ മത്സര രംഗത്തുണ്ട്. 40 ടെക്‌നിക്കല്‍ ഒഫീഷ്യല്‍സ് ഉള്‍പ്പെടെ 160 ഒഫീഷ്യല്‍സുണ്ട്. 
പി.എന്‍.സി/248/2018
 

date