Skip to main content

ലൈഫ് മിഷന്‍: നിര്‍മാണ മേല്‍നാട്ടത്തിന് ജനകീയ സമിതികള്‍ ഉണ്ടാക്കും

ജില്ലയില്‍ ലൈഫ് മിഷനുകീഴില്‍ പൂര്‍ത്തീകരിക്കേണ്ട എല്ലാ വീടുകള്‍ക്കും മേല്‍നോട്ടത്തിനായി ജനകീയ സമിതികള്‍ രൂപീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍ദേശിച്ചു. മിഷനുകീഴിലുള്ള വീടുകളുടെ നിര്‍മാണ പുരോഗതി അവലോകനത്തിനായി ചേര്‍ന്ന തദ്ദേശസ്ഥാപന മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാര്‍ച്ച് 31 നകം വീടുകള്‍ പൂര്‍ത്തീകരിക്കുയെന്ന ലക്ഷ്യം കൈവരിക്കാന്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളും സജീവമായ ഇടപെടല്‍ നടത്തണമെന്ന് പ്രസിഡണ്ട് ആവശ്യപ്പെട്ടു. ഗുണഭോക്താക്കള്‍ക്ക് മുന്‍കൂര്‍ തുക നല്‍കുന്നതില്‍ കണ്ണൂര്‍ ജില്ലയിലെ ഉദ്യോഗസ്ഥര്‍ വിമുഖത കാണിക്കുന്നതായി സംസ്ഥാന തല അവലോകനത്തില്‍ വിമര്‍ശനമുണ്ടായതായും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഉപേക്ഷ കാണിക്കാതെ അടിയന്തരമായി മുന്‍കൂര്‍ തുക നല്‍കാന്‍ നടപടിയെടുക്കണം. തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടിനെ മാത്രം ആശ്രയിക്കാതെ പ്രാദേശികമായി സ്‌പോണ്‍സര്‍ഷിപ്പ് വഴി പരമാവധി സഹായങ്ങള്‍ സമാഹരിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം. പണം മാത്രമല്ല, നിര്‍മാണ സാമഗ്രികളും ഇങ്ങനെ സമാഹരിക്കാന്‍ കഴിയും. ഇതിനെല്ലാമുപരി ഓരോ വീടിന്റെയും നിര്‍മാണം കൃത്യമായും സമയ ബന്ധിതമായും പൂര്‍ത്തിയാക്കാന്‍ ്രപാദേശിക സമിതികളുടെ മേല്‍നോട്ടവും ശ്രദ്ധയും ഉണ്ടാകണമെന്നും പ്രസിഡണ്ട് പറഞ്ഞു.
വിവിധ പദ്ധതികളില്‍ നിര്‍മാണം ആരംഭിച്ച് പൂര്‍ത്തിയാക്കാത്ത 3108 വീടുകളാണ് ജില്ലയില്‍ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കാനുള്ളത്. എസ് സി വകുപ്പിന് കീഴില്‍ 369, എസ്ടി-972, ഫിഷറീസ്-28, ന്യൂനപക്ഷം-31, ബ്ലോക്ക് പഞ്ചായത്ത്-953, ഗ്രാമ പഞ്ചായത്ത്-436, നഗരസഭ-277, കോര്‍പ്പറേഷന്‍-42 എന്നിങ്ങനെയാണ് പൂര്‍ത്തീകരിക്കേണ്ട വീടുകള്‍. ഇതിനായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് 21,14,73,627 രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 11,54,44,639 രൂപ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും വകയിരുത്തിയിട്ടുണ്ട്. ബാക്കി 9,60,28,988 രൂപയാണ് കണ്ടെത്തേണ്ടത്. ഇത് വിവിധ വകുപ്പുകളില്‍ നിന്നും ജില്ലാ പഞ്ചായത്തില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് വഴിയും കണ്ടെത്താനാണ് തീരുമാനം. ഇതിനായി മൂന്ന് കോടി രൂപ ജില്ലാ പഞ്ചായത്ത് നീക്കിവെച്ചിട്ടുണ്ട്. ഇതില്‍, നിലവില്‍ 115 വീടുകള്‍ പൂര്‍ത്തീകരിച്ചു. 1083 വീടുകള്‍ ലിന്റല്‍ വരെയും 982 മേല്‍കൂര വരെയും നിര്‍മാണ പുരോഗതിയുണ്ടായതായി യോഗം വിലയിരുത്തി. ബാക്കിയുള്ളവയുടെ കാര്യത്തിലും ആവശ്യമായ ഇടപെടല്‍ നടത്താന്‍ യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. വിവിധ വകുപ്പുകളില്‍ നിന്ന് ലൈഫ് മിഷനിലെ വീടുകള്‍ക്ക് ഫണ്ട് ലഭ്യമാക്കുന്നതിനെക്കുറിച്ച് വ്യക്തതയുണ്ടാക്കാന്‍ എസ് സി, എസ്ടി, ഫിഷറീസ് വകുപ്പ് മേധാവികളുടെ യോഗം പ്രത്യേകമായി ചേരാനും തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ടി ടി റംല, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ എം രാമകൃഷ്ണന്‍, ലൈഫ് മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ എന്‍ അനില്‍, തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പി.എന്‍.സി/249/2018
 

date