Skip to main content

തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിന്റെ മെഗാ ക്ലീനിങ് പദ്ധതി - ശേഖരിച്ചത് 100 ടണ്‍ ഖര മാലിന്യം

ആലപ്പുഴ: ജില്ലയെ മാലിന്യ മുക്തമാക്കാനുള്ള നടപടികളുടെ ഭാഗമായി തണ്ണീര്‍മുക്കം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മെഗാ ക്ലീനിങ് പരിപാടി ലോക ശ്രദ്ധനേടുന്നു. ഡിസംബര്‍ 14 നാണ് പഞ്ചായത്തിലെ 23 വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ശുചീകരണ പരിപാടിക്ക് തുടക്കം കുറിച്ചത്. 50 ടണ്‍ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ ശുചീകരണ യജ്ഞത്തില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെ 100 ടണ്‍ മാലിന്യങ്ങളാണ് ഒരു ദിവസം കൊണ്ടു ശേഖരിച്ചത്. അടുത്ത ഘട്ടം ക്ലീനിങ് ജനുവരിയില്‍ നടക്കും.

ഇതോടെ പഞ്ചായത്തിന്റെ മാലിന്യ ശേഖരണ പരിപാടി വന്‍ശ്രദ്ധ പിടിച്ചുപറ്റി. ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍, എ.എം. ആരിഫ് എംപി തുടങ്ങി രാഷ്ട്രീയ കക്ഷി ഭേദമന്യേ 25000 പേര്‍ പങ്കെടുത്തതാണ് ഈ ശുചീകരണ പരിപാടി. ഹരിത കേരള മിഷന്റെയും ചാരിറ്റി വേള്‍ഡിന്റെയും സഹകരണത്തോടെ പഞ്ചായത്ത് സംഘടിപ്പിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നവ മാധ്യമങ്ങളിലൂടെയും പ്രചാരണം ലഭിച്ചു.

 നവ മാധ്യമങ്ങളിലൂടെ പദ്ധതി ശ്രദ്ധയില്‍പ്പെട്ട ബി.ബി.സി ഉടന്‍ തന്നെ പഞ്ചായത്തില്‍ നേരിട്ടെത്തി കവറേജ് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് ജ്യോതിസ് പറഞ്ഞു.

ശുചീകരണ പരിപാടി വന്‍വിജയമായതോടെ അഭിനന്ദന പ്രവാഹമാണ് പഞ്ചായത്തിനെ തേടിയെത്തുന്നത്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പഞ്ചായത്ത് മുന്നോട്ടുവെച്ച മാതൃകാപരമായ നടപടിയെ അഭിനന്ദിച്ച് ജില്ല മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കത്തും ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ ഹരിത കേരള മിഷനും പഞ്ചായത്തിനെ അഭിനന്ദനമറിയിച്ചിട്ടുണ്ട്. ശേഖരിച്ച മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.  

date