Skip to main content
ഗദ്ദിക 2019-20 നാടന്‍ കലാമേള, ഉത്പന്ന പ്രദര്‍ശ്ശന വിപണനമേള സംഘാടക സമിതി രൂപീകരണ യോഗം കണ്ണൂര്‍ ജില്ലാപ്ലാനിംഗ് ഓഫീസില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്യുന്നു.

സംഘാടക സമിതി രൂപീകരിച്ചു ഗദ്ദിക നാടന്‍ കലാമേളയും ഉല്‍പ്പന്ന പ്രദര്‍ശന-വിപണനവും ജനുവരി അവസാന വാരം കണ്ണൂരില്‍

ഗദ്ദിക 2019-20 നാടന്‍ കലാമേളയും ഉല്‍പ്പന്ന പ്രദര്‍ശന-വിപണനവും ജനുവരി അവസാന വാരം കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ നടക്കും. സംസ്ഥാന പട്ടിക ജാതി-പട്ടിക വര്‍ഗ വകുപ്പും കിര്‍ത്താഡ്‌സും സംയുക്തമായാണ് ഗദ്ദിക സംഘടിപ്പിക്കുന്നത്. കേരളത്തിലെ പട്ടിക വിഭാഗങ്ങളുടെ പരമ്പരാഗത കലാരൂപങ്ങളുടെ അവതരണം, പരമ്പരാഗത ഉല്‍പ്പന്നങ്ങളുടെയും കരകൗശല വസ്തുക്കളുടെയും പ്രദര്‍ശനവും വില്‍പ്പനയും എന്നിവയാണ് മേളയില്‍ ഉണ്ടാവുക. കേരളത്തിലെ ്രപധാന സാംസ്‌ക്കാരിക സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിലുളള വിവിധ കലാ അവതരണങ്ങളും സാംസ്‌ക്കാരിക പരിപാടികളും മേളയുടെ ഭാഗമായി നടക്കും.
പരിപാടിയുടെ സംഘാടനത്തിനായി തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കന്നപ്പള്ളി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് എക്‌സിക്യുട്ടീവ് ചെയര്‍മാനുമായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ കലക്ടര്‍ ടി വി സുഭാഷാണ് ജനറല്‍ കണ്‍വീനര്‍. മന്ത്രിമാരായ എ കെ ബാലന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ പി ജയരാജന്‍, കെ കെ ശൈലജ ടീച്ചര്‍, മേയര്‍ സുമ ബാലകൃഷ്ണന്‍, ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, പട്ടിക ജാതി-പട്ടിക വര്‍ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, വകുപ്പ് ഡയറക്ടര്‍മാര്‍, കിര്‍ത്താഡ്‌സ് ഡയറക്ടര്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ എന്നിവര്‍ രക്ഷാധികാരികളാണ്.
ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, പഞ്ചായത്ത് പ്രസിഡണ്ട്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട്, ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ സി ജെ കുട്ടപ്പന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരാണ്. വിവിധ ഉപസമിതികളെയും തെരഞ്ഞെടുത്തു.
സംഘാടകസമിതി രൂപീകരണ യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. മേയര്‍ സുമ ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. പട്ടിക ജാതി-പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ പത്മരാജന്‍ പദ്ധതി വിശദീകരിച്ചു. ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ സി ജെ കുട്ടപ്പന്‍, ജില്ലാ പഞ്ചായത്ത്  സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ പി ജയബാലന്‍, ജില്ലാ പഞ്ചായത്ത് അംഗം അജിത് മാട്ടൂല്‍, ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി കീച്ചേരി രാഘവന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ബിന്ദു ബാലന്‍, എ സോമന്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം സി മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ ജാക്വിലിന്‍ ഷൈനി ഫെര്‍ണാണ്ടസ് സ്വാഗതവും പട്ടികജാതി വികസന ഓഫീസര്‍ കെ കെ ഷാജു നന്ദിയും പറഞ്ഞു. വിവിധ പട്ടികജാതി-പട്ടിക വര്‍ഗ സംഘടനാ പ്രതിനിധികള്‍, സന്നദ്ധസംഘടനാ പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date