Skip to main content

മുഴപ്പിലങ്ങാട് ഡ്രൈവിങ്ങ് ബീച്ചില്‍ വാഹനങ്ങളുടെ വേഗത കുറക്കണം: മനുഷ്യാവകാശ കമ്മീഷന്‍

മുഴപ്പിലങ്ങാട് ഡ്രൈവിങ്ങ് ബീച്ചില്‍ സഞ്ചാരികള്‍ക്ക് ഭീഷണിയാകുന്ന തരത്തില്‍ വാഹനമോടിക്കുന്നതിന് കര്‍ശന നിയന്ത്രണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. വാഹനങ്ങളുടെ അമിത വേഗത ബീച്ചിലെത്തുന്ന മറ്റു യാത്രക്കാര്‍ക്ക് ഭീഷണിയാവുകയും അപകടങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ്ങ് ചെയര്‍മാന്‍ പി മോഹന ദാസ് ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. സമീപകാലത്ത് ബീച്ചിലെത്തിയ വിദ്യാര്‍ഥിക്ക് വാഹനമിടിച്ച് പരിക്കേറ്റ സംഭവം ചൂണ്ടിക്കാട്ടി കണ്ണൂരിലെ അഭിഭാഷകന്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ പ്രതികരണം.
ഉത്സവകാലങ്ങളില്‍ മാധ്യമങ്ങള്‍ മാസികകളുടെ പ്രത്യേക പതിപ്പുകള്‍ ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക്ക് കവറുകളില്‍ വില്‍പ്പന നടത്തുന്നതിനെതിരെയും കമ്മീഷന് പരാതി ലഭിച്ചു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് കവറിലാണ് പുസ്തകങ്ങള്‍ വില്‍പ്പന നടത്തുന്നത്. നിരവധി കോപ്പികള്‍ വിറ്റഴിക്കുക വഴി പ്ലാസ്റ്റിക്ക് മാലിന്യം കൂടുകയാണ്. ജനുവരി ഒന്നു മുതല്‍ പ്ലാസ്റ്റിക്ക് നിരോധനം നിലവില്‍ വരാനിരിക്കെ വിഷയത്തില്‍ അടിയന്തര നടപടി വേണമെന്നും പരാതിയില്‍ പറയുന്നു. വിഷയത്തില്‍ കമ്മീഷന്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങില്‍ 117 കേസുകള്‍ പരിഗണിച്ചു. 94 കേസുകള്‍ തീര്‍പ്പാക്കിയപ്പോള്‍ 23 കേസുകള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. പുതുതായി പത്ത് പരാതികളാണ് കമ്മീഷന്‍ മുമ്പാകെ ലഭിച്ചത്. മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ്ങ് ചെയര്‍മാന്‍ മോഹനദാസ് കേസുകള്‍ പരിഗണിച്ചു. അടുത്ത സിറ്റിങ്ങ് ജനുവരി 21 ന് നടക്കും.

date