Skip to main content
സരസ് മേളയുടെ ഭാഗമായി ഒരുക്കിയ ഫുഡ് കോര്‍ട്ട് മന്ത്രി എ സി മൊയ്തീന്‍ സന്ദര്‍ശിക്കുന്നു

അറിയാം... വൈവിദ്ധ്യങ്ങളുടെ ഇന്ത്യയെ ദേശീയ സരസ് മേളയ്ക്ക് തുടക്കമായി

ഇന്ത്യയുടെ  വൈവിദ്ധ്യങ്ങളെ ഒരു കുടക്കീഴിലെത്തിക്കുന്ന ദേശീയ സരസ് മേളക്ക് അന്തൂര്‍ നഗരസഭയിലെ കണ്ണൂര്‍ എഞ്ചിനിയ
റിങ്ങ് കോളേജ് ഗ്രൗണ്ടില്‍ വര്‍ണ്ണാഭമായ തുടക്കം. ജാതി മത സംസാരങ്ങള്‍ക്കതീതമായി ഇന്ത്യയുടെ ബഹുസ്വരതയെയും പെണ്‍കരുത്തിനെയും വിളിച്ചോതിയ നൃത്ത സംഗീത ശില്‍പ്പത്തോടെയാണ് സരസ് മേളക്ക് തിരിതെളിഞ്ഞത്. ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ സൂക്ഷ്മ ചെറുകിട സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് രാജ്യത്തെമ്പാടും വിപണി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് തദ്ദേശ സ്വയംഭരണ വകുപ്പും കുടുംബശ്രീ മിഷനും സംയുക്തമായി സരസ് മേള സംഘടിപ്പിക്കുന്നത്.
      ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഒരുക്കിയ നഗരയില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള ചെറുകിട സൂക്ഷ്മ സംരംഭകരും കരകൗശല വിദഗ്ധരും അവരുടെ വൈവിദ്ധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, ഛാര്‍ഖണ്ഡ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, മിസോറാം, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, ഗോവ, തെലുങ്കാന, കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളാണ് മേളക്കായ് കണ്ണൂരിലെത്തിയത്.  250 പ്രദര്‍ശന വിപണന സ്റ്റാളുകള്‍ക്ക് പുറമെ കുടുംബശ്രീയുടെ ഫുഡ് സ്റ്റാളും മേളയിലുണ്ടാകും. ഇന്ത്യയിലെ വേറിട്ട രുചികള്‍ തേടി കുടുംബശ്രീ അംഗങ്ങള്‍ നടത്തിയ യാത്രയിലുടെ സ്വായത്തമാക്കിയ രുചികള്‍ ഫുഡ്സ്റ്റാളിനെ വേറിട്ടതാക്കുന്നു. 12 ദിവസങ്ങളായി നടക്കുന്ന മേളയില്‍ ഇത്തവണ 10 കോടിയിലധികം രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്.
    സ്റ്റാളുകള്‍ക്കൊപ്പം മേളയെ സജീവമാക്കാന്‍ വിപുലമായ അനുബന്ധ പരിപാടികളും ഒരുക്കിയിട്ടുണ്ട്.  ഡിസൈന്‍ എജ്യുക്കേഷന്‍ ഓഫ് ഇന്ത്യ , കാര്‍ഷിക മേഖലയിലെ നൂതന സാധ്യതകള്‍, കണ്ണൂര്‍ വിമാനത്താവളം സംരംഭക സാധ്യതകള്‍ തുടങ്ങി വിവിധ  വിഷയങ്ങളില്‍ സെമിനാറുകള്‍, കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികള്‍, മെഗാഷോകള്‍, സാംസ്‌ക്കരിക സമ്മേളനങ്ങള്‍ എന്നിവയും നടക്കും.

date