1075 പട്ടയങ്ങള്‍ വിതരണം ചെയ്തതു കെട്ടികിടക്കുന്ന പട്ടയം അപേക്ഷകളില്‍ ആറു മാസത്തിനകം തീര്‍പ്പാക്കണം: റവന്യു മന്ത്രി
കണ്ണൂര്‍ ജില്ലയില്‍ കാലങ്ങളായി തീര്‍പ്പാകാതെ കിടക്കുന്ന പട്ടയം അപേക്ഷകളില്‍ ആറു മാസത്തിനകം തീര്‍പ്പുകല്‍പ്പിക്കാന്‍ നടപടിക്ക് നിര്‍ദേശം നല്‍കിയതായി റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. പട്ടയ കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ തയ്യാറായേ മതിയാകൂ. ജന്മിത്തം അവസാനിപ്പിച്ചതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന ഘട്ടമാണിത്. ഇന്നും ആ നിയമത്തിന്റെ ഭാഗമായുള്ള പട്ടയങ്ങള്‍ക്കുള്ള അപേക്ഷകള്‍ തീര്‍പ്പാക്കാതെ കിടക്കുന്നത് വേദനാജനകമാണ്- കൂത്തുപറമ്പില്‍ ജില്ലാ തല പട്ടയ വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. റവന്യു ജീവനക്കാര്‍ക്കായി പണിത റവന്യു ക്വാര്‍ട്ടേഴ്‌സിന്റെ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. വിവിധ വിഭാഗങ്ങളിലായി ആകെ 1075 പട്ടയങ്ങളാണ് ചടങ്ങില്‍ വിതരണം ചെയ്തത്.
1957 മുതല്‍ കമ്മ്യൂണിസ്സ് മന്ത്രിസഭ അധികാരത്തില്‍ വന്നതുമുതല്‍ ആരംഭിച്ചതാണ് മണ്ണില്‍പണിയെടുക്കുന്നവന് ഭൂമിയില്‍ അവകാശം കൊടുക്കാനുള്ള നടപടികള്‍. അതിപ്പോഴും പൂര്‍ത്തീകരിച്ചില്ല എന്നത് സങ്കടകരമാണ്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്ത് 1,16,000 ത്തിലേറെ പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ മാത്രം 5330 പട്ടയങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇനിയും 14000 ത്തിലേറെ പേര്‍ ഈ ജില്ലയില്‍ പട്ടയം കിട്ടേണ്ടവരായി ഉണ്ട്. ലാന്‍ഡ് ട്രിബ്യുണല്‍ അടക്കമുള്ള സംവിധാനവും നിയമ വ്യവസ്ഥകളും എല്ലാം ഉണ്ടായിട്ടും ഇവരുടെ പട്ടയകേസുകളില്‍ തീരുമാനമെടുക്കാന്‍ എന്തു കൊണ്ട് ഈ കാലതാമസം എന്ന് മനസിലാവുന്നില്ല. 10ഉം 20ഉം വര്‍ഷം പഴക്കമുള്ള പരാതികള്‍ തീര്‍പ്പാകാതെ പോകുന്നതില്‍ ഒരു ന്യായീകരണവുമില്ല. എന്നോ കിട്ടി കൈവശം വെച്ചുവരുന്ന ഭൂമിയില്‍ അവകാശം കിട്ടേണ്ടവരാണിവര്‍. ഭൂമിയില്‍ അവകാശം കിട്ടാത്തതിനാല്‍ തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് ഉള്‍പ്പെടെയുള്ള അര്‍ഹമായ ആനുകൂല്യങ്ങള്‍ പോലും ഇവര്‍ക്ക് ലഭിക്കാതെ പോകുന്ന നിലയാണ്. അതിനാല്‍ വന്നുകൊണ്ടിരിക്കുന്ന പോരായ്മകള്‍ പരിഹരിക്കുന്നതില്‍ വേഗതയോടെയുള്ള നടപടി വേണം. ഇക്കാര്യം പ്രത്യേകം പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.പട്ടയ അപേക്ഷകള്‍ തീര്‍പ്പാക്കുകയെന്നത് ഏറെ ശ്രകരമായ നടപടിയാണ്. വ്യത്യസ്ത പട്ടയങ്ങള്‍ക്ക് വ്യത്യസ്ത നടപടിക്രമങ്ങളാണ്. ഭൂമി സംബന്ധിച്ച് ഒട്ടേറെ സങ്കീര്‍ണ വിഷയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷേ അതെല്ലാം ഒന്നൊന്നായി പരിഹരിക്കണം-മന്ത്രി വ്യക്തമാക്കി.
ഒരു തുണ്ട് ഭൂമിക്ക് അവകാശികളാവുക എന്നത് സാധാരണ മനുഷ്യനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് ചടങ്ങില്‍ അധ്യക്ഷയായിരുന്ന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കൂത്തുപറമ്പ് മണ്ഡലത്തിലെ വടക്കേക്കളത്തെ കാര്യത്തില്‍ കൂടി എത്രയും വേഗം പട്ടയം ലഭ്യമാക്കാനുള്ള നടപടി ഉണ്ടാവണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
നഗരസഭ ചെയര്‍മാന്‍ എം സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അശോകന്‍, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍എം പി മറിയം ബീവി, എഡിഎം ഇ പി മേഴ്‌സി, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ ധനഞ്ജയന്‍, സി വിജയന്‍, സി ജി തങ്കച്ചന്‍, സി പി ഒ മുഹമ്മദ്, ജ്യോതിര്‍ബാബു, പി കെ ഗിരിജന്‍, പി ഗീത, ശ്രീനിവാസന്‍ മാറോളി, എ ഒ അഹമ്മദ്കുട്ടി, എ പ്രദീപന്‍, കൗണ്‍സിലര്‍ രജീഷ് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. ജില്ലാ കലക്ടര്‍ ടി വി സുഭാഷ് സ്വാഗതവും സബ് കലക്ടര്‍ ആസിഫ് കെ യൂസഫ് നന്ദിയും പറഞ്ഞു.
- Log in to post comments