വീട്ടമ്മമാര്‍ക്കായി കൃഷിപാഠശാലകള്‍ തുടങ്ങും: മന്ത്രി വി എസ് സുനില്‍കുമാര്‍ കര്‍ഷക കടാശ്വാസ കമ്മീഷന്‍ ഉടന്‍ നടപ്പില്‍ വരും
പരമ്പരാഗത കൃഷി രീതികളെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ വീട്ടമ്മമാര്‍ക്കായി കൃഷിപാഠശാല പദ്ധതി നടപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ജില്ലാതല കര്‍ഷക അവാര്‍ഡ് വിതരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ മുഴുവന്‍ കൃഷി ഭവനുകള്‍ കേന്ദ്രീകരിച്ചാവും കൃഷിപാഠശാല പദ്ധതി നടപ്പിലാക്കുക. ആദ്യഘട്ടത്തില്‍ പരമ്പരാഗത കാര്‍ഷിക രീതിയെ കുറിച്ച് വീട്ടമ്മമാര്‍ക്ക് പരിശീലനവും ക്ലാസുകളും നല്‍കും. പരിശീലനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് വിത്തുകളും തൈകളും നല്‍കി വീട്ടുമുറ്റത്ത് തന്നെ പോഷക പച്ചക്കറിത്തോട്ടം ഒരുക്കുന്നതാണ് പദ്ധതി. കര്‍ഷകര്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ കൃത്യമായി സര്‍ക്കാറിനെ അറിയിക്കണം. എങ്കില്‍ മാത്രമെ ശരിയായ ഇടപെടല്‍ സാധ്യമാകൂ. കര്‍ഷക കടാശ്വാസ കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കര്‍ഷകരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക മേഖലയിലെ പരിഷ്‌കാരങ്ങള്‍ കാരണം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ ഗുണം പോലും കര്‍ഷകര്‍ക്ക് ലഭ്യമാകുന്നില്ല. അഗ്രികള്‍ച്ചര്‍ ഗോള്‍ഡ് ലോണ്‍ പോലെ കര്‍ഷകര്‍ക്കാശ്വാസമായ പദ്ധതികള്‍ പൂര്‍ണമായും ഒഴിവാക്കി കിസാന്‍ ക്രെഡിറ്റ് നിര്‍ബന്ധമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. ഒരു തരത്തിലും ഇത്തരം നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല. കേന്ദ്രത്തിന്റെയും കേരളത്തിന്റെയും പദ്ധതികളെ സാമാന്യവല്‍ക്കരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികൂല കാലാവസ്ഥയുള്‍പ്പടെ ഒരുപാട് പ്രതിസന്ധികള്‍ക്കിടയിലും കാര്‍ഷിക രംഗത്ത് മികച്ച നേട്ടം കൊയ്യാന്‍ കേരളത്തിന് ഈ കാലയളവില്‍ സാധിച്ചിട്ടുണ്ട്. വിളകളെ അടിസ്ഥാനമാക്കി നടപ്പിലാക്കിയ ആസൂത്രണമാണ് നേട്ടത്തിന് പിന്നില്‍. സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ മൈനസ് 4.64 ആയിരുന്ന കേരളത്തിന്റെ കാര്‍ഷികോത്പാദന ശരാശരിയെ മൂന്നര വര്‍ഷം കൊണ്ട് 3.64 ആയി വര്‍ധിപ്പിക്കാന്‍ സാധിച്ചു. ഇത് ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ്. 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു നേട്ടം കേരളം കൈവരിക്കുന്നത്. കാര്‍ഷിക മേഖലയിലേക്കുള്ള പുതുതലമുറയുടെ കടന്നുവരവ് പ്രതീക്ഷ നല്‍കുന്നതാണെന്നും കേരളത്തില്‍ കൃഷി വ്യാവസായിക തലത്തിലേക്ക് ഉയരുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ശിക്ഷക് സദനില്‍ നടന്ന ചടങ്ങില്‍ മേയര്‍ സുമാബാലകൃഷ്ണന്‍ അധ്യക്ഷയായി. കെ കെ രാഗേഷ് എം പി, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം സി മോഹനന്‍, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണന്‍, കണ്ണൂര്‍ പ്രിന്‍സിപ്പള്‍ കൃഷി ഓഫീസര്‍ ലാല്‍ ടി ജോര്‍ജ്ജ്, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ എ സാവിത്രി, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ സുരക്ഷിത പച്ചക്കറി ഉത്പാദനത്തിന്റെ വാണിജ്യ സാധ്യതകള്‍ എന്ന വിഷയത്തില്‍ കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ പി ജയരാജ് ക്ലാസെടുത്തു.
- Log in to post comments