പ്രതീക്ഷയേകി നവമുകുളങ്ങള്‍; ജില്ലാതല കര്‍ഷക അവാര്‍ഡുകള്‍ വിതരണം ചെയ്തു
കാര്‍ഷിക രംഗത്തേക്കുള്ള പുതുതലമുറയുടെ കടന്ന് വരവ് പ്രതീക്ഷാ നിര്‍ഭരമാണെന്ന മന്ത്രി വി എസ് സുനില്‍ കുമാറിന്റെ പ്രസ്താവന അക്ഷരം പ്രതി ശരിവെക്കുന്നതായിരുന്നു ജില്ലാതല കര്‍ഷക അവാര്‍ഡ് വിതരണം. നാല്‍പ്പത്തിയഞ്ചോളം അവാര്‍ഡുകള്‍ വിതരണം ചെയ്ത വേദിയില്‍ കയ്യടി നേടിയത് കുട്ടിക്കര്‍ഷകര്‍. തങ്ങളുടെ പ്രായത്തെ വെല്ലുംവിധം തഴക്കം വന്ന കര്‍ഷകരെ പോലെ വിപുലമായ രീതിയില്‍ കൃഷി ചെയ്ത് വിജയം കൊയ്താണ് ഈ നവമുകുളങ്ങള്‍ അവാര്‍ഡ് നേടിയത്. പച്ചക്കറി വികസന പദ്ധതിയിലാണ് പേരാവൂര്‍ സെന്റ് ജോസഫ് ഹൈസ്‌കൂളിലെ ജോസ്മിയ ജോജോ, ചെട്ടിയപറമ്പ ഗവ. യു പി സ്‌കൂളിലെ അലന്‍ എബ്രഹാം, മയ്യില്‍ ഐഎംഎന്‍എസ് ഗവ. എച്ച്എസ്എസിലെ കെ യു ആദിത് എന്നീ വിദ്യാര്‍ഥികള്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയത്. കുട്ടിക്കര്‍ഷകരുടെ മികവിന്റെ മറ്റൊരു ഉദാഹരണമാണ് ഇതേ വിഭാഗത്തില്‍ ആദ്യ മൂന്നൂ സ്ഥാനങ്ങളിലെത്തിയ വിദ്യാലയങ്ങള്‍. ഈ വിഭാഗത്തിലെ പുരസ്‌കാരങ്ങള്‍ കോര്‍പ്പറേഷന്‍ മേയര്‍ സുമാബാലകൃഷ്ണന്‍ വിതരണം ചെയ്തു.
വിദ്യാലയത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അധ്യാപകര്‍, സ്ഥാപന മേധാവി എന്നിവര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കി. മികച്ച സ്വകാര്യമേഖല സ്ഥാപനമായി പിലാത്തറ ചെറുതാഴം സര്‍വ്വീസ് സഹകരണ ബാങ്കും, മികച്ച പൊതുമേഖല സ്ഥാപനമായി കണ്ണൂര്‍ സ്‌പെഷ്യല്‍ സബ്ജ യിലും ഒന്നാംസ്ഥാനത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട മുള്ളന്നൂരിലെ പി പവനന്‍, ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയില്‍ ഒന്നാം സ്ഥാനം നേടിയ പാട്യം പത്തായക്കുന്നിലെ കെ എം സനിത എന്നിവര്‍ക്കും പുരസ്‌കാരം വിതരണം ചെയ്തു. മികച്ച ക്ലസ്റ്ററായി തെരഞ്ഞെടുക്കപ്പെട്ട മട്ടന്നൂര്‍ കീര്‍ത്തി പച്ചക്കറി ക്ലസ്റ്ററിനും മന്ത്രി പുരസ്‌കാരം നല്‍കി. മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ നൂറുദ്ദീന്‍, മികച്ച കൃഷി ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട മാങ്ങാട്ടിടം കൃഷി ഭവനിലെ യു എന്‍ മീര, മികച്ച കൃഷി അസിസ്റ്റന്റായി തിരഞ്ഞെടുക്കപ്പെട്ട പെരിങ്ങോം കൃഷി ഭവനിലെ കെ രമേശന്‍ എന്നിവരെ കെ കെ രാഗേഷ് എം പി ഉപഹാരം നില്‍കി ആദരിച്ചു.
സമ്പൂര്‍ണ്ണ ജൈവകാര്‍ഷിക മണ്ഡലം വിഭാഗത്തില്‍ ചെറുതാഴം, കേളകം, ആറളം എന്നീ ഗ്രാമപഞ്ചായത്തുകള്‍ യഥാക്രമം ഒന്നു മുതല്‍ മൂന്നൂവരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട ഇരിട്ടി ബ്ലോക്കിലെ വി ലത, മികച്ച കൃഷി ഓഫീസര്‍ കാങ്കോല്‍ ആലപ്പടമ്പ കൃഷി ഭവനിലെ കെ പി രസ്‌ന, മികച്ച കൃഷി അസിസ്റ്റന്റായി തെരഞ്ഞെടുക്കപ്പെട്ട പയ്യന്നൂര്‍ കൃഷി ഭവനിലെ പി ഗീത എന്നിവര്‍ക്കുള്ള പുരസ്‌കാരം ചടങ്ങില്‍ മന്ത്രി വി എസ് സുനില്‍ കുമാര്‍ വിതരണം ചെയ്തു. എല്ലാ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനക്കാര്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കിയത്.
- Log in to post comments