ജനങ്ങളുടെ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി തീര്‍പ്പാക്കണം: മന്ത്രി ഇ ചന്ദ്രശേഖരന്‍ തൃപ്രങ്ങോട്ടൂര്‍ വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു
ജനങ്ങളുടെ ആവശ്യങ്ങള്‍ അനന്തമായി നീട്ടിക്കൊണ്ട് പോകാതെ സമയബന്ധിതമായി തീര്‍പ്പാക്കണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. തൃപ്രങ്ങോട്ടൂര്‍ വില്ലേജ് ഓഫീസിന് പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നിസ്സാര ആവശ്യങ്ങള്‍ക്ക് പോലും സാധാരണക്കാരെ നിരവധി തവണ ഓഫീസില്‍ വരുത്തുന്ന രീതി ഒഴിവാക്കണം. ഉദ്യോഗസ്ഥര്‍ക്ക് ചെയ്തു കൊടുക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ അപ്പോള്‍ തന്നെ അവരെ അറിയിക്കുകയാണ് വേണ്ടത്. ഏത് ഓഫീസില്‍ പോയാലാണ് തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറുകയെന്നത് പൊതുജനങ്ങള്‍ക്ക് പറഞ്ഞു കൊടുക്കാനുള്ള ഉത്തരവാദിത്തം ഓരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓരോ ഗവണ്‍മെന്റും മറ്റൊന്നിന്റെ തുടര്‍ച്ചയായതിനാല്‍ ഫണ്ടുകളുടെ വിനിയോഗം അതത് സമയത്ത് തന്നെ പൂര്‍ത്തിയാക്കണം. അല്ലെങ്കില്‍ അത് സര്‍ക്കാരിന് കൂടുതല്‍ ബാധ്യത വരുത്തി വയ്ക്കും. ഓരോ പദ്ധയും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണം. ജനങ്ങളുമായി നിരന്തരം ബന്ധപെടുന്ന വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം കുറ്റമറ്റ രീതിയില്‍ ആവണം എന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരായ ആളുകള്‍ നിരവധി ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടുന്ന വില്ലേജ് ഓഫീസുകള്‍ ഹൈടെക് ആക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് എസ്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം ജഗദീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, എഡിഎം ഇ പി മേഴ്സി, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അശോകന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സല്‍മ മഹമൂദ്, എ വി ബാലന്‍, ടി പി അബൂബക്കര്‍ ഹാജി, തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സുരേഷ് ബാബു, വൈസ് പ്രസിഡന്റ് തെക്കേയില്‍ ഹസീന, പഞ്ചായത്ത് മെമ്പര്‍മാരായ കെ പി ചന്ദ്രന്‍ മാസ്റ്റര്‍, നസീമ ചമാളിയതില്‍, വിവിധ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments