ഓഫീസുകളിലുണ്ടാക്കുന്ന സൗകര്യങ്ങളുടെ ഗുണഫലം ജനങ്ങളിലേക്ക് എത്തണം: മന്ത്രി ഇ ചന്ദ്രശേഖരന്‍
ഓഫീസുകളിലുണ്ടാക്കുന്ന മെച്ചപ്പെട്ട സൗകര്യങ്ങളുടെ ഗുണഫലം ജനങ്ങളിലേക്ക് എത്തിക്കാന്‍ ജീവനക്കാര്‍ക്ക് കഴിയണമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. ഇരിട്ടി ലാന്റ് ട്രിബ്യൂണല്‍ ഓഫീസിന്റെയും ചാവശേരി റവന്യൂ ക്വാര്‍ട്ടേഴ്‌സിന്റെയും ഉദ്ഘാടനവും ആറളം വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജീവനക്കാര്‍ക്ക് വേണ്ടി മാത്രമല്ല ഓഫീസുകളിലെത്തുന്ന ജനങ്ങള്‍ക്ക് കൂടി വേണ്ടിയാണ് ഓഫീസുകളില്‍ വിവിധ സൗകര്യങ്ങളൊരുക്കുന്നത്. ജന സൗഹൃദ ഓഫീസുകളായി വില്ലേജ് ഓഫീസുകള്‍ മാറണം. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്നവരെ വലയ്ക്കാതിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ട പ്രധാനപ്പെട്ട റവന്യൂ ഓഫീസാണ് വില്ലേജ് ഓഫീസുകള്‍. ഇവിടെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമായിരുന്നില്ല. ചോര്‍ന്നൊലിക്കുന്ന കെട്ടിടം, ശൗചാലയ സൗകര്യമില്ല, കുടിവെള്ളമില്ല, കെട്ടിടത്തിന് ചുറ്റുമതിലോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ല തുടങ്ങിയ പരാതികളാണ് വില്ലേജ് ഓഫീസുകളുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്. 14 ജില്ലാ കലക്ടര്‍മാരില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചാണ് ഇതു സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 113 കോടി രൂപയാണ് ഇത്തരം ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സര്‍ക്കാര്‍ അനുവദിച്ചത്. 280 ല്‍ അധികം ഓഫീസുള്‍ക്ക് അധികമുറികള്‍, 270 ഓഫീസുകള്‍ക്ക് ചുറ്റുമതില്‍, 270 ഓഫീസുകളില്‍ അറ്റകുറ്റപ്പണികള്‍, 600 അധികം ഓഫീസുകളില്‍ ശൗചാലയ സൗകര്യങ്ങള്‍ കുടിവെള്ള സൗകര്യം എന്നിവ ഒരുക്കാന്‍ ഈ കാലയളവില്‍ സര്‍ക്കാറിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.146 സ്മാര്‍ട്ട് വില്ലേജുകള്‍ ഈ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. 44 ലക്ഷം രൂപയാണ് ആറളം വില്ലേജ് ഓഫീസ് കെട്ടിടത്തിനായി അനുവദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഡ്വ. സണ്ണി ജോസഫ് എം എല്‍ എ അധ്യക്ഷനായി. ഇരിട്ടി നഗരസഭ ചെയര്‍മാന്‍ പി പി അശോകന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍ ടി റോസമ്മ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജി നടുപ്പറമ്പില്‍, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, എഡിഎം ഇ പി മേഴ്‌സി, മറ്റ് ജനപ്രതിനിധികള്‍, വിവിധ വകപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments