Skip to main content

പെണ്‍കുട്ടിയുടെ മരണം; പട്ടികജാതി-പട്ടികവര്‍ഗ കമ്മിഷന്‍ ചെയര്‍മാന്‍ വീട് സന്ദര്‍ശിച്ചു

 

കാരശ്ശേരി ആനയാംകുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി  ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. മാധ്യമ വാര്‍ത്തകളുടെയും  ഫോണ്‍ വഴി ലഭിച്ച പരാതികളുടെയും അടിസ്ഥാനത്തിലാണ് കമിഷന്‍ ഇടപെട്ടത്. അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നുണ്ടോ, എന്തെങ്കിലും കണ്ടെത്തിയോ, പുതുതായി എന്തെങ്കിലും കണ്ടെത്താന്‍ കഴിയുമോ തുടങ്ങിയ ലക്ഷ്യത്തോടെയാണ് വീട് സന്ദര്‍ശിച്ചതെന്ന് ചെയര്‍മാന്‍ പറഞ്ഞു.

 

മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കാന്‍ ഇപ്പോള്‍ ആവില്ലെന്നും ശാസ്ത്രീയമായി പരിശോധനകള്‍ നടത്തിയ ശേഷം മാത്രമേ ആത്മഹത്യയാണോ അല്ലയോ എന്ന് തീരുമാനിക്കാന്‍  കഴിയുകയുള്ളൂ. മരണത്തിന് പിന്നില്‍ അസ്വാഭാവികമായ എന്തെങ്കിലും സംഭവങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും.

 

മരണം നടന്ന വീട്ടിലെ മുറിയും ചെയര്‍മാന്‍ പരിശോധിച്ചു. അകത്തു നിന്ന് പൂട്ടാന്‍ കഴിയാത്ത മുറിയില്‍ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം അപൂര്‍വ്വമാണെന്ന് ചെയര്‍മാന്‍ നിരീക്ഷിച്ചു. അകത്ത് നിന്ന് പൂട്ടാന്‍ കഴിയുന്ന വിധത്തില്‍ മറ്റ് രണ്ട് മുറികള്‍ വീട്ടിലുണ്ടായിട്ടും ഈ മുറി തെരഞ്ഞെടുത്തത് എന്താണെന്നാണ് ആദ്യത്തെ സംശയം. തൈക്വാണ്ടോയില്‍ യെല്ലോ ബെല്‍റ്റ് നേടിയ, കലാ-കായിക രംഗങ്ങളില്‍  നിരവധി സമ്മാനങ്ങള്‍ നേടിയ മിടുക്കിയായ കുട്ടി നിസാര കാര്യത്തിന് ആത്മഹത്യ ചെയ്യുമെന്ന് കരുതാന്‍ കഴിയില്ല. കുട്ടിയുടെ വീട്ടുകാര്‍ക്കുള്ള ധനസഹായത്തിന് നടപടി സ്വീകരിക്കാന്‍ പട്ടികജാതി വകുപ്പിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കമ്മിഷന്‍ചെയര്‍മാന്‍ പറഞ്ഞു. ഹയര്‍ സെക്കണ്ടറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ഗോകുലകൃഷ്ണന്‍, ജില്ലാ പട്ടികജാതിവികസന ഓഫീസര്‍ കെ രാജാഗോപാല്‍, കമ്മീഷന്‍ സെക്ഷന്‍ ഓഫീസര്‍ വി വിനോദ് കുമാര്‍ എന്നിവരും സംഘത്തില്‍  ഉണ്ടായിരുന്നു.

 

 

 

തീരദേശ ഹൈവേ നിര്‍മാണം മത്സ്യമേഖലക്ക് ഉണര്‍വേകും - മന്ത്രി എ.കെ ശശീന്ദ്രന്‍

 

 

 

തീരദേശത്തെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള തീരദേശ ഹൈവേ യാഥാര്‍ത്ഥ്യമാവുന്നതോടെ മത്സ്യബന്ധന-വിപണന മേഖലയില്‍ ഉണര്‍വുണ്ടാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. മത്സ്യബന്ധന മേഖലകളിലൂടെ കടന്നുപോകുന്ന പാത മത്സ്യമേഖലയിലെ വിപണന സാധ്യതകളെയും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തെയും വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന വിധത്തിലാണ് വിഭാവനം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി കൊല്ലത്ത് നിര്‍മ്മിക്കുന്ന വ്യാപാരസമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വികസനം നടക്കുമ്പോള്‍ ജനങ്ങളെ ദുരിത കയത്തിലേക്ക് തള്ളിവിടുന്ന നയമല്ല സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. വികസനത്തില്‍ അവരെയും പങ്കാളികളാക്കി മാറ്റി അവര്‍ക്കും പ്രയോജനം ലഭ്യമാകുന്ന രീതിയിലുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ജനങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടരുതെന്നും മന്ത്രി പറഞ്ഞു.

 

കൊല്ലം മാര്‍ക്കറ്റ് പ്രവൃത്തി പൂര്‍ത്തിയാവുന്നതോടെ മലബാര്‍ മേഖലയിലെ മറ്റ് മത്സ്യമാര്‍ക്കറ്റുകള്‍ക്ക് അനുകരണീയമായ മാതൃകയായി മാറണം. മത്സ്യമാര്‍ക്കറ്റ് എന്ന സങ്കല്പം നമ്മുടെ മുന്‍പിലുള്ള യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. വൃത്തിഹീനമായ പരിസരമായാണ് മാര്‍ക്കറ്റുകളില്‍ കാണുന്നത്. സൂക്ഷ്മതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്താല്‍ ഏറ്റവും ശുചിത്വപൂര്‍ണവും, ദുര്‍ഗന്ധരഹിതവുമായ ഒരിടമായി മാര്‍ക്കറ്റുകളെ മാറ്റിയെടുക്കാന്‍ സാധിക്കും. അത്തരത്തിലുള്ള പ്ലാനിങ് ആയിരിക്കണം ഇത്തരം സംരംഭങ്ങള്‍ക്ക് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

 

വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പിലാക്കുന്നതിന് കോസ്റ്റല്‍ ഡെവലപ്മെന്റ് ബോര്‍ഡ് എന്ന പേരില്‍ ബോര്‍ഡുണ്ടാക്കി അതത് പ്രദേശത്തെ ആവശ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന പദ്ധതികളാണ് ഏറ്റെടുത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. കൊയിലാണ്ടി മണ്ഡലത്തിലും ബോര്‍ഡിന്റെ കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികസഹായം ലഭിച്ചു വരുന്നുണ്ട്. മത്സ്യ മേഖലയുമായി ബന്ധപ്പെട്ട് നിരവധി നവീകരണ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കെ ദാസന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

 

നഗരസഭയുടെ വാര്‍ഷിക പദ്ധതി പ്രകാരമുള്ള തുകയും സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക സഹായവും ഉള്‍പ്പെടുത്തിയാണ് കൊല്ലം ടൗണില്‍ ആധുനികരീതിയിലുള്ള മത്സ്യമാര്‍ക്കറ്റ്, പച്ചക്കറി മാര്‍ക്കറ്റ്, ഇറച്ചിക്കടകള്‍ എന്നിവ സജ്ജീകരിക്കുന്നത്. അഞ്ചുകോടിയോളം രൂപ ചെലവില്‍ മാര്‍ക്കറ്റിന്റെ വിവിധഘട്ടങ്ങളിലുള്ള നിര്‍മാണം പൂര്‍ത്തിയാവുമ്പോള്‍ കൊല്ലം നഗരത്തിലെ മുഖച്ഛായ മാറുന്ന വികസന പദ്ധതിയായി മാറും. നഗരസഭാ ചെയര്‍മാന്‍ അഡ്വ കെ സത്യന്‍, വൈസ് ചെയര്‍പേഴ്സണ്‍ വി.കെ പത്മിനി, സ്ഥിരം സമിതി അംഗങ്ങളായ എന്‍.കെ ഭാസ്‌കരന്‍, വി.കെ അജിത, ദിവ്യ സെല്‍വരാജ്, കൗണ്‍സിലര്‍മാരായ യു രാജീവന്‍ മാസ്റ്റര്‍, വി.പി ഇബ്രാഹിംകുട്ടി, കെ.വി സുരേഷ്, മാങ്ങോട്ടില്‍ സുരേന്ദ്രന്‍, കെ.ടി സുമ, നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ ടി.കെ ചന്ദ്രന്‍ മാസ്റ്റര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

വ്യവസായ പരിശീലനം  

 

 

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ മഞ്ചേരി, പയ്യനാടുളള കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ റബ്ബര്‍ പാലില്‍ നിന്നും ഡ്രൈ റബ്ബറില്‍ നിന്നും ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് റബ്ബറധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങുന്നതിന് താല്‍പര്യമുളളവര്‍ക്കുവേണ്ടി മൂന്ന് ദിവസത്തെ പരിശീലനം നടത്തും. 2020 ജനുവരിയില്‍ നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ 585 രൂപ രജിസ്ട്രേഷന്‍ ഫീസ് നല്‍കി ജനുവരി നാലിനകം പേര് രജിസ്റ്റര്‍ ചെയ്യണം. വിലാസം - അസിസ്റ്റന്റ് ഡയറക്ടര്‍, കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്റര്‍, പയ്യനാട് (പി.ഒ), മഞ്ചേരി, മലപ്പുറം, പിന്‍ 676122. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9846797000.

 

 

 

വാഹന ലേലം

 

 

 

കോഴിക്കോട് റൂറലിന് കീഴില്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ അവകാശികള്‍ ഇല്ലാത്തതും കോടതി വിചാരണയിലോ/പരിഗണനയിലോ ഇല്ലാത്തതുമായ വാഹനങ്ങള്‍ ഡിസംബര്‍ 19 മുതല്‍ ഒരു മാസത്തിനകം ലേലം ചെയ്യും. ഫോണ്‍ 0496 2523031.

 

 

 

ദര്‍ഘാസ് ക്ഷണിച്ചു

 

 

 

കേരള മാരിടൈം ബോര്‍ഡിനുവേണ്ടി ബേപ്പൂര്‍ തുറമുഖത്തെ എം.ടി കേരളം ടഗ്ഗിന്റെ ഉപയോഗത്തിന് ഹൈ സ്പീഡ് മതില്‍ ഫാന്‍ (ആറ് എണ്ണം) വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഡിസംബര്‍ 30 ന്  ഒരു മണിക്കകം ലഭിക്കണം. ഫോണ്‍ 0495 2414863, 2418610.

 

 

 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

 

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ്  ഡിപ്പാര്‍ട്ട്മെന്റിലെ ഇലക്ട്രോണിക്സ് സര്‍ക്യൂട്ട് ലാബിലേക്ക് ഉപകരണങ്ങള്‍  വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 26 ന് രണ്ട് മണി വരെ. ഫോണ്‍ : 0495 2383220, 2383210. വെബ്സൈറ്റ് : www.geckkd.ac.in.

 

 

 

ജനകീയ കമ്മിറ്റി യോഗം ഇന്ന്

 

 

വ്യാജമദ്യ ഉത്പാദനം, വിതരണം, വില്‍പന, മയക്കുമരുന്നുകളുടെ ഉപഭോഗം എന്നിവ ജനകീയ പങ്കാളിത്തത്തോടെ തടയുന്നതിനുളള ജില്ലാതല ജനകീയ കമ്മിറ്റിയുടെ യോഗം ഇന്ന് (ഡിസംബര്‍ 21) മൂന്ന് മണിക്ക് കോഴിക്കോട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

 

 

 

വോട്ടര്‍പട്ടിക : ആക്ഷേപം ജനുവരി 15 വരെ ബോധിപ്പിക്കാം

 

 

2020 ലെ പ്രത്യേക വോട്ടര്‍പട്ടിക പുതുക്കല്‍ (Special Summary Revision 2020) നടപടികളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിന്‍മേല്‍ അവകാശവാദമോ ആക്ഷേപമോ ഉണ്ടെങ്കില്‍ ജനുവരി 15 വരെ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ തഹസില്‍ദാര്‍ മുമ്പാകെ ബോധിപ്പിക്കാം. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വിട്ടുപോയവര്‍ക്കും 2020 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുളള അവസരം ഉപയോഗപ്പെടുത്താം. ആക്ഷേപങ്ങള്‍, അവകാശ വാദങ്ങള്‍ പരിശോധിച്ച് ജനുവരി 27 ന് തീര്‍പ്പാക്കും. അന്തിമ വോട്ടര്‍പട്ടിക ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും. ജില്ലയിലെ മുഴുവന്‍ ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികളുമായി സഹകരിക്കണമെന്ന് ജില്ലാ  ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രത്യേക വോട്ടര്‍പട്ടിക പുതുക്കലിനോട് (Special Summary Revision 2020) അനുബന്ധിച്ച് ഇലക്ടറല്‍ റോല്‍ ഒബ്സര്‍വ്വര്‍ സജ്ജയ് കൗള്‍, ഗവ. സെക്രട്ടറി, പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് ഡിസംബര്‍ 21, 23 തീയതികളില്‍ കോഴിക്കോട് ജില്ലയില്‍ സന്ദര്‍ശനം നടത്തും. ജില്ലയിലെ പൊതുജനങ്ങള്‍ക്ക് ഒബ്സര്‍വ്വറുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിന് ഒബ്സര്‍വ്വറുടെ ഇ മെയില്‍ ഐ.ഡി (smlcsecy@gmail.com)  യും, ഫോണ്‍ നമ്പറും (0471 2517011, 0471 2333701, 9447011901)

 

 

 

ഉത്തരവാദിത്ത ടൂറിസം മേഖലയിലെ പുതു സാധ്യതകളും സംയുക്ത പദ്ധതികളും ചര്‍ച്ച ചെയ്തു 

 

 

കോഴിക്കോടിന്റെ ടൂറിസം സാധ്യതകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിനും ഉത്തരവാദിത്ത ടൂറിസം മിഷനുമായി ചേര്‍ന്ന്  പുതു സാധ്യതകളും സംയുക്ത പദ്ധതികളും ചര്‍ച്ച ചെയ്യുന്നതിനുമായി ടൂറിസം സംരംഭകയോഗം നടത്തി. ജില്ലാ ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ അംഗീകൃത ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഇതര ടൂറിസം സംരംഭകര്‍ എന്നിവിടങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ചു നടത്തിയ യോഗത്തില്‍ തദ്ദേശീയര്‍ക്കുള്ള ടൂറിസം സാധ്യതകളെക്കുറിച്ചും പ്രാദേശിക ഉത്പന്നങ്ങള്‍ വന്‍കിട മേഖയിലേക്കെത്തിക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും ,വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പാക്കേജുകളും പരിചയപ്പെടുത്തി. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോര്‍ഡിനേറ്റര്‍ രൂപേഷ് കുമാര്‍, ടൂറിസം വകുപ്പ് ജോയിന്റ് ഡയറകടര്‍ സി എന്‍ അനിതകുമാരി, എന്നിവര്‍ നയിച്ച ഗ്രൂപ്പ് ചര്‍ച്ചയില്‍ കോഴിക്കോട് ജില്ലയിലെ മുന്‍നിര ഹോട്ടലുകളും റിസോര്‍ട്ടുകളും തദ്ദേശീയ ഉല്‍പന്നങ്ങളായ വാഴയില, പച്ചക്കറികള്‍, പാല്‍, കരകൗശല വസ്തുക്കള്‍ എന്നിവയുള്ള ലിങ്കേജിനു പൂര്‍ണ്ണ പിന്തുണ നല്‍കി. കര്‍ഷകര്‍ കരകൗശല നിര്‍മ്മാണക്കാര്‍ പാരമ്പര്യ കുല തൊഴിലുകാര്‍ കലാകാരന്മാര്‍ എന്നിങ്ങനെ നിരവധി മേഖലയിലെ ആളുകള്‍ എന്നിവരടങ്ങിയ 3956 ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകളാണ് കോഴിക്കോട് ജില്ലയില്‍  നിലവിലുള്ളത്. മലബാര്‍ ടൂറിസം സൊസൈറ്റി പ്രസിഡണ്ട് മുബഷിര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ടൂറിസം അനില്‍കുമാര്‍, ഡിടിപിസി സെക്രട്ടറി സി പി ബീന , ഉത്തരവാദിത്ത ടൂറിസം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീകലാലക്ഷ്മി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു

 

 

 

കളിപ്പാട്ട നിര്‍മാണ പരിശീലനം 

 

                            

    

കോഴിക്കോട് മാത്തറയിലുളള കനറാബാങ്ക് സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ജനുവരിയില്‍ ആരംഭിക്കുന്ന സൗജന്യ സോഫ്റ്റ് ടോയ്‌സ് മേക്കിങ് കോഴിസിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 9447276470, 0495 2432470. 

 

 

 

തൊഴിലുറപ്പ് പദ്ധതിയില്‍ കോഴിക്കൂട് നിര്‍മിച്ച് നല്‍കി 

 

 

അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച കോഴിക്കൂട് കൈമാറ്റം പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയന്‍ ഉദ്ഘാടനം ചെയ്തു. ഏഴ്  പേര്‍ക്കാണ് 12500 രൂപ യൂനിറ്റ് ചിലവ് വരുന്ന കോഴി കൂട് പദ്ധതി പാസ്സായത്. തൊഴിലാളികള്‍ വിദഗ്ധ തൊഴിലാളികളുടെ സേവനം ഉപയോഗിച്ചാണ് കൂട് നിര്‍മ്മിച്ചത്. എട്ടാം വാര്‍ഡിലെ രേവതി കക്കട്ടിലിന്റെ വീട്ടിലാണ് കോഴി കൂട് നിര്‍മ്മിച്ചത്. വടകര ബ്ലോക്കില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ആദ്യമായി കോഴികൂട് നിര്‍മ്മിച്ച് നല്‍കിയത് അഴിയൂരിലാണ്. തൊഴിലുറപ്പ് പദ്ധതി മേറ്റ് പ്രസീതയുടെ നേതൃത്വത്തിലാണ് കൂട് നിര്‍മ്മിച്ചത്. കൂടിന് ചിലവായ തുക തൊഴിലാളിയുടെ അക്കൗണ്ടിലാണ് എത്തുക. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ ചാത്താംങ്കണ്ടി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, ഓവര്‍സിയര്‍ രഞ്ചിത്ത്, പ്രസീത എന്നിവര്‍ സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാലിത്തൊഴുത്ത്, സോക്ക്പിറ്റ് എന്നിവ വിവിധ വാര്‍ഡുകളില്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

 

 

 

ഫാര്‍മസിസ്റ്റ് തസ്തികയില്‍ കൂടിക്കാഴ്ച 27  ന്

 

 

 

കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്പന്‍സറികള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഒഴിവുളള ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ രണ്ട് മാസം നിയമനത്തിനായി ഡിസംബര്‍ 27 ന് രാവിലെ 10.30 ന് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ബി ബ്ലോക്കില്‍ മൂന്നാം നിലയിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ഹോമിയോ) കൂടിക്കാഴ്ച നടത്തും. ഹോമിയോ നഴ്സ് കം ഫാര്‍മസിസ്റ്റ് അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി പാസ്സായ താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്നതിനുളള അസല്‍ രേഖകളും പകര്‍പ്പും സഹിതം ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0495 2371748.

 

 

 

നഴ്സ് തസ്തിക : കൂടിക്കാഴ്ച 27  ന്

 

 

 

കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ ഒഴിവുളള നഴ്സ് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ രണ്ട് മാസം നിയമനം നടത്തുന്നതിനായി ജനറല്‍ നഴ്സിങ് അന്‍ഡ് മിഡ് വൈഫറി (ജിഎന്‍എം) കോഴ്സ് പാസ്സായ താല്‍പര്യമുളള  ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 27 ന് ഉച്ചക്ക് രണ്ട് മണിക്ക്  കൂടിക്കാഴ്ച നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ബി ബ്ലോക്കില്‍ മൂന്നാം നിലയിലെ ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോ) ല്‍ യോഗ്യത തെളിയിക്കുന്നതിനുളള അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0495 2371748.

date