Skip to main content

നായിക്കാലിയെ അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമാക്കും: മന്ത്രി ഇ പി ജയരാജന്‍

കൂടാളി പഞ്ചായത്തിലെ നായിക്കാലി പ്രദേശത്തെ അന്താരാഷ്ട്ര വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിക്കുന്ന ടൂറിസം കേന്ദ്രമായി വളര്‍ത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. നായിക്കാലിയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രകൃതി സൗന്ദര്യവും ജൈവ വൈവിധ്യവും ഒത്തിണങ്ങിയ നായിക്കാലി മികച്ചൊരു ടൂറിസം കേന്ദ്രമാവാന്‍ എന്തു കൊണ്ടും അനുയോജ്യമാണെന്നും മന്ത്രി പറഞ്ഞു.
ബാവലിപ്പുഴയുടെ തീരത്തുള്ള നായിക്കാലി കുനി കേന്ദ്രമായി നടപ്പിലാക്കുന്ന ടൂറിസം പദ്ധതിക്കായി 20 കോടിയോളം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ബാവലിപ്പുഴയില്‍ ബോട്ടിംഗ് സംവിധാനം, കുട്ടികളുടെ പാര്‍ക്ക്, തൂക്കുപാലം തുടങ്ങിയവയാണ് നടപ്പിലാക്കുക. ഇതിനായി 6.5 കോടി സര്‍ക്കാര്‍ അനുവദിച്ചു കഴിഞ്ഞു. മനോഹരമായ പൂന്തോട്ടം, പക്ഷി സങ്കേതവും താമസ സൗകര്യങ്ങള്‍, ആയുര്‍വേദ ചികില്‍സാ കേന്ദ്രം എന്നിവയും  ഇവിടെ ഒരുക്കും. അടുത്ത ബജറ്റില്‍ 10 കോടി രൂപ കൂടി പദ്ധതിക്കായി വകയിരുത്തും. പദ്ധതി നടപ്പിലാവുന്നതോടെ പ്രദേശത്തിന്റെ സാമ്പത്തിക- തൊഴില്‍ മേഖലകളില്‍ വന്‍ വികസനം സാധ്യമാവുമെന്നും മന്ത്രി പറഞ്ഞു.
അടുത്തകാലം വരെ തെക്കന്‍ കേരളത്തില്‍ മാത്രം ഒതുങ്ങിയിതായിരുന്നു ടൂറിസം വികസനം. എന്നാല്‍ അടുത്ത കാലത്തായി ഉത്തര കേരളത്തില്‍ മികച്ച ടൂറിസം പദ്ധതികള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിച്ചു. 325 കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം ഇതിന് ഉദാഹരണമാണ്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം തുറന്നിടുന്ന ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയില്‍ ടൂറിസം വികസനം ശക്തിപ്പെടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
നായിക്കാലിയില്‍ നടന്ന ചടങ്ങില്‍ കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി പി നൗഫല്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, മട്ടന്നൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍, പഞ്ചായത്ത് അംഗം കെ വി രാജശ്രീ. ടൂറിസം ഡെപ്യൂട്ടി ഡയരക്ടര്‍ പി മുരളീധരന്‍, കെ സി ശ്രീനിവാസന്‍, ജനപ്രതിനിധികള്‍, പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date