മട്ടന്നൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ അന്താരാഷ്ട്ര കണ്വെന്ഷന് സെന്റര്‍ സ്ഥാപിക്കും: വ്യവസായ മന്ത്രി കിന്‍ഫ്ര പാര്‍ക്ക് വികസനം ആദ്യഘട്ടം മന്ത്രി ഉദ്ഘാടനം ചെയ്തു
വെള്ളിയാംപറമ്പ് കിന്‍ഫ്ര വ്യവസായ പാര്‍ക്കിലെ 15 ഏക്കര്‍ സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെ അന്താരാഷ്ട്ര കണ്വെന്ഷന് സെന്റര്‍ സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്. കിന്‍ഫ്ര പാര്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അന്താരാഷ്ട്ര വിമാനത്താവളം തുറന്നിട്ട സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കണ്വെന്ഷന് സെന്റര്‍ സഹായകമാവും. 3000ത്തോളം ആളുകളെ ഉള്‍ക്കൊള്ളാനാവുന്നതായിരിക്കും കണ്വെന്ഷന് സെന്റര്‍. 137 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സെന്ററിനൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള എക്സിബിഷന് സെന്റര്‍, ഫുഡ് കോര്‍ട്ട് എന്നിവയും സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതിനു പുറമെ, കയറ്റുമതി ഇറക്കുമതി ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ എക്സ്പോര്‍ട്ട് എന്‍ക്ലേവും നിര്‍മിക്കും. കിന്‍ഫ്രയുടെ 10 ഏക്കര്‍ ഭൂമിയില്‍ 12 കോടി ചെലവില്‍ പണിയുന്ന കെട്ടിട സമുച്ഛയത്തില്‍ വെയര്‍ഹൗസ്, കോള്‍ഡ് സ്റ്റോറേജ് തുടങ്ങിയ സൗകര്യങ്ങളുമൊരുക്കും. ഇതോടൊപ്പം യുവാക്കള്‍ക്ക് വിദഗ്ധ തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്നതിനുള്ള സ്കില്‍ ഡെവലപ്മെന്റ് സെന്ററും സ്ഥാപിക്കും.
വ്യാവസായിക-കാര്‍ഷിക രംഗങ്ങളിലെ വികസനത്തിലൂടെ മാത്രമേ കേരളത്തിന് അഭിവൃദ്ധിനേടാന്‍ കഴിയൂ. ഇതിന് അനുസൃതമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നത്. കിന്‍ഫ്ര പാര്‍ക്കില്‍ നിന്ന് വിമാനത്താവളത്തിലേക്ക് നേരിട്ട് റോഡ് നിര്‍മിക്കുന്ന കാര്യവും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ 128.59 ഏക്കര്‍ ഭൂമിയാണ് കിന്‍ഫ്ര പാര്‍ക്കിനായി ഏറ്റെടുത്തിരിക്കുന്നത്. സൗകര്യപ്പെടുമെങ്കില്‍ കൂടുതല്‍ ഭൂമി വ്യവസായ പാര്‍ക്കിനായി ഏറ്റെടുക്കും.
13.5 കോടി രൂപ ചെലവിലാണ് വെള്ളിയാംപറമ്പ് കിന്‍ഫ്ര പാര്‍ക്കിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയത്. പാര്‍ക്കിനകത്ത് അഞ്ച് കിലോമീറ്റര്‍ നീളത്തില്‍ റോഡ്, ഓവുചാലുകള്‍, കലുങ്കുകള്‍, 18 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണി, മനോഹരമായ കവാടം എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്.
അടിസ്ഥാന വികസനത്തിന്റെ രണ്ടാം ഘട്ടത്തില്‍ വെള്ളം, വൈദ്യുതി എന്നിവ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. 2.3 കോടി രൂപ ചെലവിലാണ് ജല വിതരണ സംവിധാനം ഒരുക്കുന്നത്. വൈദ്യുതീകരണത്തിന്റെ ഭാഗമായി കിന്‍ഫ്ര പാര്‍ക്കില്‍ ഒരു സബ്സ്റ്റേഷന് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം രാജന് അധ്യക്ഷനായി. കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ അനിത വേണു, വൈസ് ചെയര്മാന് പി പുരുഷോത്തമന്, കീഴല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി അനില, കിന്‍ഫ്ര ജിഎം ഡോ. ടി ഉണ്ണികൃഷ്ണന്, ജനപ്രതിനിധികള്‍, പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments