Skip to main content

വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാലകോഴ്സ്; അപേക്ഷാ തീയതി മാറ്റി

വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാലകോഴ്സ്; അപേക്ഷാ തീയതി മാറ്റി

 

 

സാംസ്‌കാരികകാര്യ വകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല (നാല് മാസം) കോഴ്സിന്റെ പുതിയ ബാച്ച് ആരംഭിക്കും.  അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കേണ്ട അവസാന തീയതി ജനുവരി 10 വരെ നീട്ടിയതായി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ആകെ സീറ്റ് - 30. യോഗ്യത - ഐ.ടി.ഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെജിസിഇ സിവില്‍ എഞ്ചിനീയറിംഗ്, ഐ,ടി.ഐ ആര്‍ക്കിടെക്ച്ചറല്‍ അസിസ്റ്റന്‍സ്ഷിപ്പ്, ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്/ആര്‍ക്കിടെക്ച്ചര്‍. യോഗ്യതയുളള വിദ്യാര്‍ത്ഥികളില്‍ നിന്നും നിശ്ചിത മാതൃകയിലുളള അപേക്ഷകള്‍ കാണിച്ചു. അപേക്ഷഫോം 200 രൂപയുടെ മണിയോര്‍ഡറോ, പോസ്റ്റല്‍ മുഖാന്തിരമോ ഓഫീസില്‍ നിന്ന് നേരിട്ടോ കൈപ്പറ്റാം. അപേക്ഷ www.vastuvidyagurukulam.com ഓണ്‍ലൈനായി അയക്കാം.  വിശവദ വിവരങ്ങള്‍ക്ക് വാസ്തുവിദ്യാ ഗുരുകുലവുമായി ബന്ധപ്പെടുക. വിലാസം - എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്‍മുള, പത്തനംതിട്ട - 689533. ഫോണ്‍ - 0468-2319740, 9847053293.

 

 

ജില്ലാ ശുചിത്വമിഷന്‍ ഓഫീസില്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

 

 

തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുളള ശുചിത്വമിഷന്‍ ഓഫീസുകളില്‍ അസിസ്റ്റന്റ് ജില്ലാ കോഓര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നും ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുളള ജീവനക്കാരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 26. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോഓര്‍ഡിനേറ്ററുടെ (ഐ.ഇ.സി) ഓരോ ഒഴിവിലേക്കും ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോഓര്‍ഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്മെന്റ്) ന്റെ ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. അസിസ്റ്റന്റ് ജില്ലാ കോഓര്‍ഡിനേറ്റര്‍ ആയി അപേക്ഷിക്കുന്നവര്‍ സയന്‍സ് ബിരുദധാരികളോ, സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയോ ബിരുദധാരികളോ ആയിരിക്കണം. ശമ്പള സ്‌കെയില്‍ അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ (ഐ.ഇ.സി) 27800-59400, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ (എസ്.ഡബ്ല്യൂ.എം) 30700-65400. താല്‍പര്യമുള്ള അപേക്ഷകര്‍ കെഎസ്ആര്‍ പാര്‍ട്ട്(ഒന്ന്) റൂള്‍ പ്രകാരമുള്ള അപേക്ഷയും നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രവും സഹിതം എക്സിക്യൂട്ടീവ് ഡയറക്ടര്‍, സംസ്ഥാന ശുചിത്വമിഷന്‍, സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം - 695003 എന്ന വിലാസത്തില്‍ ലഭ്യമാകും വിധം നേരിട്ടോ, തപാലിലോ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sanitation.kerala.gov.in.

 

 

ലഹരിക്കെതിരെ ബോധവത്ക്കരണം വിപുലമാക്കി വിമുക്തി

 

 

വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സമൂഹ മനസുണര്‍ത്താന്‍ ബോധവത്ക്കരണം ശക്തമാക്കി വിമുക്തി. ജില്ലയിലെ റസിഡന്‍സ് അസോസിയേഷനുകളില്‍ ജനുവരി 1 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ എല്ലാ റസിഡന്‍സ് അസോസിയേഷനും ഉള്‍പ്പെടുന്ന രീതിയില്‍ ലഹരിക്കെതിരെ ബോധവത്ക്കരണം നടത്തും. ലഹരി വിരുദ്ധ സന്ദേശം എല്ലാ കുടുംബങ്ങളും സ്വയം ഏറ്റെടുക്കുന്ന മാതൃക സൃഷ്ടിക്കുക എന്നതാണ് റസിഡന്‍സ് അസോസിയേഷനുകളുടെ ദൗത്യം. ട്രേഡ് യൂണിയനുകളില്‍ ഓരോ യൂണിറ്റുകളും മുന്‍കൈയെടുത്ത് പ്രാദേശിക തലത്തില്‍ അവരുടെ കുടുംബാംഗങ്ങളുടെ സാനിധ്യം കൂടി ഉറപ്പു വരുത്തുന്ന രീതിയില്‍ ലഹരി വിരുദ്ധ കൂട്ടായ്മ നടത്തും. ഫാക്ടറികള്‍, ഓട്ടോ,ടാക്‌സി സ്റ്റാന്റ് എന്നിവിടങ്ങളിലും ബോധവത്ക്കരണം നടത്തുന്നുണ്ട്. ലഹരി ഉപയോഗിച്ച് വാഹനങ്ങള്‍ ഓടിക്കുന്ന പ്രവണത ഏറിയ സാഹചര്യത്തില്‍ ബസ്, ഓട്ടോ, ടാക്‌സി എന്നിവയില്‍ ലഹരി വിരുദ്ധ സ്റ്റിക്കര്‍ പതിക്കും. ഡി അഡിക്ഷന്‍ സെന്ററിന്റെ വിവരങ്ങള്‍ അടങ്ങുന്നതാണ് സ്റ്റിക്കര്‍. എല്ലാ ഗ്രന്ഥശാലകളിലും വിമുക്തി ക്ലബ്ബ് രൂപീകരിക്കും. സംസ്ഥാന തലത്തില്‍ എല്ലാ വിദ്യാലയങ്ങളിലും ജനുവരി 26ന് ലഹരിക്കെതിരെ ദീപം തെളിയിക്കും. ജനുവരി 10 ,11 തീയതികളില്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി ഭവന സന്ദര്‍ശനം നടത്തി ലഘുലേഖ വിതരണം ചെയ്യും.

എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്മറ്റി രൂപീകരിക്കും. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ജനുവരി 15ന് 11 മണിക്ക്  ലഹരിവിരുദ്ധ പ്രതിജ്ഞയുണ്ടാകും.

പട്ടികജാതി, പട്ടികവര്‍ഗ കോളനികളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനം് സംഘടിപ്പിക്കുന്നുണ്ട്. .ക്യാന്‍വാക്ക് എന്ന സംഘടനയുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. സംസ്ഥാന തലത്തില്‍ എല്ലാ വാര്‍ഡുകളിലും 5 പേര്‍ ഉള്‍പ്പെടുന്ന വിമുക്തിസേന രൂചികരിച്ചിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കും. ലഹരിക്കടിമപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ച് ചികിത്സിക്കാനുള്ള പ്രവര്‍ത്തനവും നടക്കുന്നുണ്ട് .

ജില്ലയില്‍ ക്വിക്ക് റാപിഡ് ആക്ഷന്‍ ഫോഴ്‌സ് രൂപികരിക്കുമെന്നും ലഹരിക്കെതിരെ റസിഡന്‍സ് അസോസിയേഷനുകളുടെ വാട്‌സപ്പ് കൂട്ടായ്മ ഉണ്ടാകണമെന്നും നഗരങ്ങളിലെ കാടുമൂടിക്കിടക്കുന്ന പ്രദേശങ്ങള്‍ ശുചീകരിക്കാന്‍ റസിസഡര്‍ സ് അസോസിയേഷനുകള്‍ ശ്രദ്ധ ചെലുത്തണമെന്നും ജില്ലാ കലക്ടര്‍ സാംബശിവറാവു പറഞ്ഞു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിമുക്തി മാനേജര്‍ ജയപ്രകാശ് കെ, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

 

 

കീഴ്മാട് കടത്തില്‍പുറം റോഡിന് 58.60 ലക്ഷം രൂപയുടെ ഭരണാനുമതി

 

 

പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ കീഴ്മാട് കടത്തില്‍പുറം റോഡ് പ്രവൃത്തിക്ക് 58.60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
       
മാമ്പുഴയുടെ തീരത്തുകൂടി കടന്നുപോവുന്ന ഈ റോഡ് ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പാലാഴി പ്രദേശത്തേക്കുള്ള എളുപ്പ മാര്‍ഗമാണ്. ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോവുന്ന റോഡിന് തീരദേശ റോഡ് നിലവാരമുയര്‍ത്തല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഭരണാനുമതി ലഭ്യമാക്കിയതെന്നും എം.എല്‍.എ പറഞ്ഞു. 

 

 

 ഇനി ഞാൻ ഒഴുകട്ടെ; കാടാത്തോട് ശുചീകരിച്ചു

 

നീർച്ചാലുകൾ വീണ്ടെടുക്കാനായി  ഹരിത കേരള മിഷന്റെ ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയുടെ  ഭാഗമായി   ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ പാറക്കുളം കാടാതോട്  ശുചീകരിച്ചു. ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം   പുരുഷൻ കടലുണ്ടി എം.എൽ.എ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവിൽ അധ്യക്ഷത വഹിച്ചു. ജനകീയ പങ്കാളിത്തത്തോടെ വാർഡിലെ തൊഴിലുറപ്പു തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ചേർന്നാണ് ശുചീകരണം
നടത്തിയത്.

വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.ഷാജി, വികസന സമിതി കൺവീനർ എ രവീന്ദ്രൻ,  വാർഡ് മെമ്പർ റീന കോറോത്ത്, അസിസ്റ്റൻന്റ് സെക്രട്ടറി എൻ എം രമേശൻ, തൊഴിലുറപ്പ് അക്രഡിറ്റഡ് എഞ്ചിനിയർ കെ.ഷിജിത്ത്,  വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

date