Skip to main content

 ക്രിസ്മസ് വിപണി: ലീഗല്‍ മെട്രോളജി വകുപ്പ്  പരിശോധന ശക്തമാക്കി

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വ്യാപാര കേന്ദ്രങ്ങളില്‍ ഉപഭോക്താ ക്കളെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായി ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയില്‍ പരിശോധന ശക്തമാക്കി. ഡിസംബര്‍ 20 മുതല്‍ രണ്ടു സ്‌ക്വാഡുകളിലായി നടത്തിയ പരിശോധനയില്‍ 40 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ അറിയിച്ചു. നിലമ്പൂര്‍, വണ്ടൂര്‍, പൂക്കോട്ടുപാടം, തിരൂര്‍, വളാഞ്ചേരി, പുത്തനത്താണി, ചേലേമ്പ്ര, പള്ളിക്കല്‍, എടപ്പാള്‍, പൊന്നാനി, ചെമ്മാട്, മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലാണ് സ്‌ക്വാഡ് മിന്നല്‍ പരിശോധന നടത്തി ക്രമക്കേടുകള്‍ കണ്ടെത്തിയത്. അളവിലും തൂക്കത്തിലും കുറച്ച് വില്‍പന നടത്തുക, നിയമാനുസൃത രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത പായ്ക്കറ്റുകള്‍ വില്‍പനയ്ക്കായി പ്രദര്‍ശിപ്പിക്കുക, പായ്ക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ വില ഈടാക്കുക, കൃത്യത ഇല്ലാത്ത അളവ്-തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക തുടങ്ങിയ കുറ്റകൃതൃങ്ങള്‍ ക്കെതിരെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
വിപണികളില്‍ നിന്നും വാങ്ങുന്ന സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൃത്യമായ അളവിലും തൂക്കത്തിലും എണ്ണത്തിലും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും ഉപഭോക്തൃ ചൂഷണം തടയുന്നതിനുമായാണ് ലീഗല്‍ മെട്രോളജി വകുപ്പിന്റെ  നേതൃത്വത്തില്‍ ജില്ലയിലുടനീളം  പരിശോധന ശക്തമാക്കുന്നത്. വരു ദിവസങ്ങളിലും ജില്ലയിലെ മറ്റ് സ്ഥലങ്ങളിലെ വ്യാപാരകേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കും. ഉപഭോക്താക്കള്‍ക്ക് 0483-2766157 എന്ന നമ്പറില്‍ വിളിച്ച് പരാതി നല്‍കാം. 
പരിശോധനക്ക് ലീഗല്‍ മെട്രോളജി ജില്ലാ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സുജ.എസ്.മണി, ഇന്‍സ്‌പെക്ടര്‍മാരായ സിറാജുദ്ധീന്‍ എസ്.ജവഹര്‍,കെ.കെ സുദേവന്‍,ടി.ജെ ജിന്‍സണ്‍, എന്‍.എസ് ശരത്ത്, ആര്‍.എസ് സജന, കെ.കെ വാസുദേവന്‍,പി.പ്രബിത്ത്,ഇന്‍സ്‌പെക്ടിങ് അശി അസിസ്റ്റന്റുമാരയ മോഹന്‍,കെ.സി കൃഷ്ണന്‍,ബി.മണികണഠന്‍, പി.നാരായണന്‍, വിക്രമന്‍ നായര്‍, കെ.ജി ശശി,കെ.മനോജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

date