Skip to main content

മിഷന്‍ അന്ത്യോദയ  പദ്ധതി: നാഷനല്‍ ലെവല്‍ മോണിറ്റര്‍ ജില്ല സന്ദര്‍ശിച്ചു

മിഷന്‍ അന്ത്യോദയ പദ്ധതിയുടെയും പീപ്പിള്‍സ് ക്യാമ്പയിന്‍ ഓഫ് ജി.പി.ഡി.പിയുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച നാഷനല്‍ ലെവല്‍ മോണിറ്റര്‍ ഡോ.എസ്.റെഡ്ഡി ജില്ലയിലെത്തി സന്ദര്‍ശനം നടത്തി. ജില്ലയിലെ മൂന്ന് ബ്ലോക്ക് പഞ്ചായത്തിലെ തെരഞ്ഞെടുത്ത 10 ഗ്രാമപഞ്ചായത്തുകളിലാണ് സന്ദര്‍ശനം. അങ്ങാടിപ്പുറം, മേലാറ്റൂര്‍, കീഴാറ്റൂര്‍, പുലാമന്തോള്‍ തുടങ്ങിയ നാല് ഗ്രാമപഞ്ചായത്തുകളില്‍ നാഷനല്‍ മോണിറ്റര്‍ സന്ദര്‍ശിക്കുകയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. 2019 മിഷന്‍ അന്ത്യോദയ സര്‍വേയുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന് സമര്‍പ്പിച്ച വിവരങ്ങളില്‍മേല്‍ മോണിറ്റര്‍ പരിശോധന നടത്തി. അടിസ്ഥാന സൗകര്യം, മാനവ വികസനം, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ 142 സൂചകങ്ങള്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തുകളെ റാങ്ക് ചെയ്യുന്നതിന് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം രൂപം നല്‍കിയ സംവിധാനമാണ് മിഷന്‍ അന്ത്യോദയ സര്‍വേ.
സന്ദര്‍ശനം നടത്തുന്നതിനായി നിര്‍ദേശം ലഭിച്ചിട്ടുള്ള താനാളൂര്‍, നിറമരുതൂര്‍, അമരമ്പലം, തുവ്വൂര്‍, ഏലംകുളം, കാളികാവ് തുടങ്ങിയ ആറ് ഗ്രാമപഞ്ചായത്തുകളില്‍ ഇന്ന്(ഡിസംബര്‍ 25) സന്ദര്‍ശനം നടത്തും. മോണിറ്റര്‍ സന്ദര്‍ശനം നടത്തുന്ന സമയങ്ങളില്‍ അതത് പഞ്ചായത്ത് പ്രസിഡന്റ്മാര്‍, സെക്രട്ടറിമാര്‍ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നിര്‍ബന്ധമായും ഗ്രാമപഞ്ചായത്തിലുണ്ടായിരിക്കണമെന്നും ആവശ്യമായ സഹകരണങ്ങള്‍ നല്‍കണമെന്നും പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.
നാഷനല്‍ ലെവല്‍ മോണിറ്ററിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  എന്‍ട്രി യോഗം ചേര്‍ന്നു. യോഗത്തില്‍ പ്രൊജക്ട് ഡയറക്ടര്‍ പ്രീതി മോനോന്‍, എക്കണോമിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉസ്മാന്‍ ഷെരീഫ്, എ.ഡി.പി വി.കെ മുരളി, ഡി.ഡി.പി കെ.സദാനന്ദന്‍ തുടങ്ങിയവരും മറ്റ് ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു. 
 

date