Skip to main content

ജില്ലയിലെ പ്രളയബാധിത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക വിഹിതം

 

ജില്ലയിലെ പ്രളയബാധിത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന ബജറ്റില്‍ പ്രത്യേക വിഹിതം അനുവദിച്ചതായി ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍, ചെയര്‍മാനായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്  ബാബുപറശ്ശേരി അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ബാധിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിശദവിവരങ്ങള്‍ സര്‍ക്കാരിലേക്കും ഡി.പി.സിയിലേക്കും റിപ്പോര്‍ട്ട് ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ ബാധിച്ച സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മുപ്പത് കോടി രൂപ നീക്കി വെച്ചതായും യോഗം അറിയിച്ചു.

ഗ്രാമപഞ്ചായത്തുകളായ കക്കോടി (65.76 ലക്ഷം), കൊടിയത്തൂര്‍ (41.47), കുരുവട്ടൂര്‍ (57.01), മാവൂര്‍ (61.58), കാരശ്ശേരി (57.88), കുന്ദമംഗലം (81.70), ചാത്തമംഗലം (75.60), പെരുവയല്‍ (66.09), ഒളവണ്ണ (100.73) കോഴിക്കോട് കോര്‍പ്പറേഷന്‍ (313.10) എന്നിവക്കാണ് വിഹിതം അനുവദിച്ചത്. പ്രത്യേക വിഹിതമായി ലഭിക്കുന്ന ഈ തുക ജീവനോപാധി പരിപാടി, ജീവനോപാധി ഇതര പരിപാടി എന്നിവ നടപ്പിലാക്കുന്നതിനായാണ് ചെലവഴിക്കേണ്ടത്.  പ്രകൃതി ദുരന്തത്താല്‍ ജീവനോപാധി മാര്‍ഗം ഇല്ലാതായ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും തൊഴിലും വരുമാനവും ഉറപ്പാക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച നടപ്പിലാക്കുന്നതിനായാണ് ഉപയോഗിക്കേണ്ടത്. കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, ചെറകിട വ്യവസായം, തൊഴില്‍ സംരഭങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഗുണഭോക്താക്കള്‍ക്ക് അനുയോജ്യമായ ഉപജീവനമാര്‍ഗ്ഗം കണ്ടെത്താന്‍ സാധിക്കുന്ന വിധത്തിലാണ് ജീവനോപാധി പരിപാടിയില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുക.

മുന്‍ഗണന അര്‍ഹിക്കുന്നതും അടിയന്തിരപ്രാധാന്യത്തോടെ നടപ്പിലാക്കേണ്ടതുമായ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് ജീവനോപാധി ഇതര പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി വിജ്ഞാപനം ചെയ്തിട്ടുള്ള ദുരിതാശ്വാസ കേന്ദ്രങ്ങളുടെ നവീകരണവും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, പുതിയ ഷെല്‍ട്ടറുകള്‍ സ്ഥാപിക്കല്‍, പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറക്കുന്നതിനുള്ള പ്രവൃത്തികള്‍, പൊതു ആസ്തികളുടെ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍, സംസ്ഥാന ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയിതിട്ടുള്ള, പ്രളയത്തില്‍ തകര്‍ന്ന ഗ്രന്ഥശാലകളുടെ പുനര്‍നിര്‍മ്മാണവും പുസ്തകങ്ങള്‍ വാങ്ങി നല്‍കല്‍ എന്നിവയാണ് നടപ്പിലാക്കുക. പദ്ധതികളുടെ വെറ്റിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി ജനുവരി നാലിന് മുന്‍പ് ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കണം.

വാര്‍ഷിക പദ്ധതി ഭേദഗതിക്ക് സര്‍ക്കാരില്‍ നിന്നും പ്രത്യേക അനുമതി ലഭിച്ച ഒന്‍പത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പുതുക്കിയ പദ്ധതിക്ക് യോഗം അംഗീകാരം നല്‍കി.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പുതിയ പദ്ധതികള്‍, വാര്‍ഷിക വിഹിതം ചെലവഴിച്ചത് എന്നിവ സംബന്ധിച്ചുള്ള ജില്ലാതല അവലോകന യോഗം ജനുവരി 13 ന് മന്ത്രി എ.സി മൊയ്തീനിന്റെ അധ്യക്ഷതയില്‍ ടാഗോര്‍ സെന്റിനറി ഹാളില്‍ ചേരും. 2020-21 വര്‍ഷങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഏറ്റെടുക്കേണ്ട പദ്ധതികള്‍,  മുന്‍ഗണന നല്‍കേണ്ട പദ്ധതികള്‍, സംയോജിത പദ്ധതികള്‍, സംയുക്ത പദ്ധതികള്‍ എന്നിവയും യോഗം ചര്‍ച്ച ചെയ്തു. ഓരോ വിഷയമേഖലകളിലും നിര്‍ദേശിക്കാവുന്ന പദ്ധതികള്‍ ഡി.പി.സിക്ക് റിപ്പോര്‍ട്ട് ചെയ്യണം.

കാര്‍ഷിക മേഖല, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യ വികസനം, വ്യവസായം, പരിസ്ഥിതി, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, സാമൂഹ്യക്ഷേമം, ട്രാന്‍സ്ജെന്റര്‍, ടൂറിസം, എസ്.സി, എസ്.ടി, പശ്ചാത്തല വികസനം എന്നീ മേഖലകളില്‍ നടപ്പിലാക്കേണ്ട വികസന പദ്ധതികളും യോഗം ചര്‍ച്ച ചെയ്തു. റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഏറ്റെടുക്കാവുന്ന പദ്ധതികളില്‍ വിശദമായ ചര്‍ച്ച നടത്തി തീരുമാനമെടുക്കും.

ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക്, ജില്ലാപ്ലാനിംഗ് ഓഫീസര്‍ എന്‍.കെ ശ്രീലത,  ആസൂത്രണ സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

കമ്മ്യൂണിറ്റി മീഡിയേഷന്‍ വോളണ്ടിയര്‍ക്ക് പരിശീലനം 

 

ജില്ലയിലെ വിവിധ സാമൂഹ്യസംഘടനകളില്‍ നിന്ന് കമ്മ്യൂണിറ്റി മീഡിയേഷന്‍ വോളണ്ടിയര്‍മാരായി തെരഞ്ഞടുക്കപ്പെടുന്നവര്‍ക്കുള്ള ത്രിദിന പരിശീലന ക്ലാസ് ഡിസംബര്‍ 29 വരെ ജെ.ഡി.ടി നഴ്‌സിങ് കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തും. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് ഇ.കെ അബ്ദുള്‍ റഹീം, കെല്‍സ മെമ്പര്‍ സെക്രട്ടറി നിസാര്‍ അഹമ്മദ്, എ.ഡി.ആര്‍ സെന്റര്‍ ഡയറക്ടര്‍ ജോണി സെബാസ്റ്റിയന്‍, ജില്ലാ ജഡ്ജിമാരായ എം.ആര്‍ അനിത, സുരേഷ് കുമാര്‍, ഡി.എല്‍.എസ്.എ സെക്രട്ടറി എ.വി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. കേരള സ്‌റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, കേരള മീഡിയേഷന്‍ ആന്റ് കണ്‍സീലിയേഷന്‍ സെന്റര്‍, കോഴിക്കോട് ജി്ല്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

 

സൗഹൃദ ഓട്ടമത്സരം നടത്തി

 

കാപ്പാട് ബീച്ചിന് അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള ബ്ലൂ ഫ്ളാഗ് സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഡി.ടി.പി സി യുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി സൗഹൃദ ഓട്ടമത്സരം നടത്തി. കാപ്പാട് ബീച്ചില്‍ നടന്ന കൂട്ടയോട്ടം കെ..ദാസന്‍ എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു. ബ്ലൂഫ്ളാഗ് സര്‍ട്ടിഫിക്കേഷനു വേണ്ടി പരിഗണിക്കുന്ന കേരളത്തിലെ ആദ്യ ബീച്ചാണ് കാപ്പാട്്. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 40 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സബ് കലക്ടര്‍ ജി പ്രിയങ്ക, ഡി.ടി.പി.സി സെക്രട്ടറി സി.പി ബീന, ഗ്രാമപഞ്ചായത്ത് മെമ്പര്‍ സത്യന്‍ തുങ്ങിയവര്‍ സംസാരിച്ചു.

 

പരിശീലന പരിപാടി സംഘടിപ്പിച്ചു

 

ഭക്ഷ്യ ഭദ്രതനിയമം സംബന്ധിച്ചു വടകര താലൂക്കിലെ സി.ഡി.എസ് അംഗങ്ങള്‍ക്ക് വടകര താലൂക്ക് സപ്ലൈ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ പരിശീലനം സംഘടിപ്പിച്ചു. താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി അഡ്വ ഇ.കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് സപ്ലൈ ഓഫീസര്‍ ടി .സി സജീവന്‍ അധ്യക്ഷത വഹിച്ചു. ദേശീയ ഭക്ഷ്യ ഭദ്രത നിയമത്തെ കുറിച്ച് കോഴിക്കോട് സിറ്റി റേഷനിങ് ഓഫീസിലെ റേഷനിങ് ഇന്‍സ്‌പെക്ടര്‍ പി രാധാകൃഷ്ണന്‍ ക്ലാസെടുത്തു. സീനിയര്‍ ക്ലര്‍ക്കുമാരായ നാരായണന്‍, ഒ.കെ പ്രജിത്ത് എന്നിവര്‍ പരിശീലന പരിപാടി നിയന്ത്രിച്ചു. റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ കെ.ടി സജീഷ്, ടി.വി നിജിന്‍  അസിസ്റ്റന്റ് താലൂക് സപ്ലൈ ഓഫീസര്‍ പി സീമ, റേഷനിങ് ഇന്‍സ്‌പെക്ടര്‍ കെ.കെ ശ്രീധരന്‍, സി.ഡി.എസ് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു

date