Skip to main content

ലൈഫ് മിഷന്‍ വീടുകള്‍ക്ക് കമ്പോസ്റ്റ് പിറ്റ്: സൗജന്യ കോണ്‍ക്രീറ്റ് കട്ടകളുമായി തൊഴിലുറപ്പുകാര്‍

ആലപ്പുഴ: ലൈഫ് മിഷന്‍ വഴി നിര്‍മ്മിക്കുന്ന ഭവനങ്ങളുടെ കമ്പോസ്റ്റ് പിറ്റുകള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ കോണ്‍ക്രീറ്റ് കട്ടകള്‍ സൗജന്യമായി നിര്‍മ്മിച്ച് നല്‍കുകയാണ് അരൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍. പഞ്ചായത്തിലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് കട്ടകള്‍ നിര്‍മിക്കുന്നത്. 2500ഓളം കട്ടകളാണ് നിര്‍മ്മിക്കുന്നത്. തൊഴിലാളികളുടെ വേതന ഇനത്തില്‍ 27100 രൂപയും സാധന സാമഗ്രികള്‍ക്കായി 55720 രൂപയും മറ്റു ചെലവുകള്‍ ഉള്‍പ്പെടെ 93420 രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. പഞ്ചായത്തിലെ 13-ാം വാര്‍ഡിലാണ് കോണ്‍ക്രീറ്റ് കട്ടകളുടെ നിര്‍മ്മാണം. പത്ത് തൊഴില്‍ദിനം ഉപയോഗിച്ച് പത്ത് സ്ത്രീകള്‍ ചേര്‍ന്നാണ് കട്ടകള്‍ നിര്‍മ്മിക്കുന്നത്. ലൈഫ് മിഷന്‍ വഴി നിര്‍മിക്കുന്ന വീടുകള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായമെന്നോണമാണ് ഇത്തരത്തിലൊരു പദ്ധതിയിലേക്ക് തിരിഞ്ഞതെന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാക്കിയ കട്ടകള്‍ ജനുവരിയില്‍ ലൈഫ് മിഷന് കൈമാറുമെന്ന് അരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. രത്നമ്മ പറഞ്ഞു.

 

date