Skip to main content

വലയ സൂര്യഗ്രഹണം വടക്കന്‍ കേരളത്തില്‍ പൂര്‍ണ്ണം 

ആകാശ വിസ്മയമായ വലയ സൂര്യഗ്രഹണം വടക്കന്‍ കേരളത്തില്‍ പൂര്‍ണ്ണം.രാവിലെ 8.04 ന് ആരംഭിച്ച വലയ സൂര്യ ഗ്രഹണം,9.24 ന് പൂര്‍ണ്ണ വലയമായി മാറാന്‍ തുടങ്ങുകയും 9.25 ന് അതിന്റെ പാരമത്യയില്‍ എത്തുകയും ചെയ്തു.സ്വര്‍ണ്ണ വര്‍ണ്ണത്തില്‍  ആണ് സൂര്യ വലയം  കിഴക്കേ ചെരുവില്‍ തെക്ക്-കിഴക്ക് ഭാഗത്ത്  പ്രത്യക്ഷപ്പെട്ടത്. സൂര്യ വലയം 9.27  ന് ക്ഷയിക്കാന്‍ തുടങ്ങുകയും 11.04 ഓടു കൂടി ഗ്രഹണം അവസാനിക്കുകയും ചെയ്തു.എന്നാല്‍ ഓരോ പ്രദേശത്തിന്റെയും ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളാല്‍ ഗ്രഹണം ആരംഭിക്കുന്നതിനും അവസാനിക്കുന്നതിനും സെക്കന്റുകളുടെ വ്യത്യാസം രേഖപ്പെടുത്തിയിട്ടുണ്ട്. വടക്കന്‍  കേരളത്തില്‍ മൂന്ന് മിനുട്ട് 12 സെക്കന്റ്  സമയമാണ് പൂര്‍ണ്ണ വലയ സൂര്യഗ്രഹണം  നിരീക്ഷിക്കാന്‍ സാധിച്ചത്.

നീലേശ്വരം തൈക്കടപ്പുറം ബീച്ച്,ചെറുവത്തൂര്‍, മാത്തില്‍ ,എരമം,മാതമംഗലം ,പന്നിയൂര്‍,മാമാനിക്കുന്ന്,ഇരിക്കൂര്‍,പേരാവൂര്‍,കൊളക്കാട് ,ഏലപീടിക,പെരിയ,വാലത്ത്, വയനാട്,മീനങ്ങാടി,അമ്പലവയല്‍ എന്നിവിടങ്ങിലൂടെയാണ് വലയ സൂര്യഗ്രഹണം കടന്നുപോയത്.

ചെറുവത്തൂരില്‍ വലയ സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ ആയിരങ്ങള്‍ എത്തി

പ്രപഞ്ച വിസ്മയമായ വലയ സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ ആയിരങ്ങള്‍ കുട്ടമത്ത്  ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൈതാനത്ത് എത്തി.ജില്ലാ ഭരണകൂടത്തിന്റെയും ചെറുവത്തൂര്‍  ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ വിപുലമായ സൗകര്യങ്ങളാണ്  സ്‌കൂള്‍ മൈതാനത്ത് ഒരുക്കിയിരുന്നത്.രാവിലെ  8.04 ന് ആരംഭിച്ച ഗ്രഹണം,സ്‌കൂള്‍ പ്രദേശത്ത് 9 മണി 24 മിനുട്ട്  18 സെക്കന്റോടെ സൂര്യന്‍ പൂര്‍ണ്ണ വലയ രൂപം പ്രാപിക്കാന്‍ തുടങ്ങുകയും 9 മണി 25 മിനുട്ട് 54 സെക്കന്റോടെ അതിന്റെ പാരമത്യയില്‍ എത്തുകയും ചെയ്തു.9 മണി 27  മിനുട്ട്  30 സെക്കന്റോടെ  ഗ്രഹണം ക്ഷയിച്ച് തുടങ്ങുകയും ഈ പ്രദേശത്ത് 11 മണി 04 മിനുട്ട് 48 സെക്കന്റോടെ  കൂടി ഗ്രഹണം അവസാനിക്കുകയും ചെയ്തു. ഗ്രഹണം ആരംഭിച്ച സമയത്ത് ഈ പ്രദേശത്തെ താപനില 27.2 ഡിഗ്രി സെല്‍ഷ്യല്‍സ് ആയിരുന്നുവെങ്കില്‍,9.24 ന് ഇത് 27.1 ഡിഗ്രി സെല്‍ഷ്യല്‍ ആയി കുറഞ്ഞു.പ്രദേശത്തെ ആപേക്ഷിക ആര്‍ദ്രത ആദ്യം 82 ശതമാനം ആയിരുന്നെങ്കില്‍ പിന്നീട് അത് 80 ശതമാനം ആയി ചുരുങ്ങി.ഗ്രഹണം ആരംഭിച്ച  സമയത്തെ  പ്രകാശ തീവ്രത 753 ലെക്‌സ് ആയിരുന്നെങ്കില്‍ അത് 9.25 ഓടു കൂടി 081 ആയി കുറഞ്ഞു.

ഗ്രഹണം നിരീക്ഷിക്കുന്നതിന് എത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി യെയും എം രാജഗോപാല്‍ എം എല്‍ എയെയും ജില്ലാ പഞ്ചായത്ത്  പ്രസിഡണ്ട് എ ജി സി ബഷീറിനെയും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിനെയും സബകളക്ടര്‍ അരുണ്‍ കെ വിജയനെയും ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറയെയും സ്‌കൂളിലെ എസ് പി സി കേഡറ്റുകളുടെ നേതൃ്ത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു .ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്ത് സോളാര്‍ ഫില്‍ട്ടര്‍ കണ്ണടകള്‍ ഉപയോഗിച്ചും മൈതാനത്ത് ഒരുക്കിയ സ്‌ക്രീന്‍ വഴിയും ആണ് നിരീക്ഷിക്കാന്‍ സൗകര്യം ഒരുക്കിയത്.

ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജഞരും ഗവേഷകരും അടക്കം നിരവധി പേരാണ് അതിര്‍ത്തി കടന്ന് ഇ പ്രപഞ്ച സത്യത്തിന് സാക്ഷിയാവാന്‍  കുട്ടമത്ത്  സ്‌കൂള്‍ മൈതാനത്ത് എത്തിയത്. ഇവരെകൂടാതെ നാസയിലെ പ്രതിനിധികളും കേന്ദ്രത്തിലെ വിവിധ വകുപ്പുകളിലെ  ഉയര്‍ന്ന ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ടായിരുന്നു. സെപ്‌സ് ഇന്ത്യയുടെ സഹകരണത്തോടെയാണ് കുട്ടമത്ത് സ്‌കൂള്‍ മൈതാനത്ത് പരിപാടി ഒരുക്കിയത്.

അന്ധവിശ്വാസങ്ങളെ പടിക്ക് പുറത്ത് നിര്‍ത്തി ജില്ലാ കളക്ടര്‍

 ഗ്രഹണവുമായി ബന്ധപ്പെട്ട്  നൂറ്റാണ്ടുകള്‍ പഴക്കമുള്ള അന്ധവിശ്വാസങ്ങളെ  പടിക്ക് പുറത്ത് നിര്‍ത്താന്‍ മുന്നിട്ട് ഇറങ്ങിയത് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ആണ്.കുട്ടമത്ത് ഗവണ്‍മെന്റ്  ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഗ്രഹണം നിരീക്ഷിക്കാന്‍ എത്തിയ കളക്ടര്‍,ഗ്രഹണം ആരംഭിച്ച ഉടന്‍ ഭക്ഷണം കഴിച്ചുകൊണ്ടാണ്,അന്ധവിശ്വാസങ്ങളെ പടിക്ക് പുറത്ത് നിര്‍ത്തിയത്.കൃഷി ശാസ്ത്രജ്ഞന്‍ കൂടിയ ജില്ലാ  കളക്ടര്‍ ഗ്രഹണ സമയത്ത് ഭക്ഷിക്കാന്‍ തുടങ്ങിയതോടെ,ചുറ്റും കൂടിയവര്‍ക്ക് ആവേശമായി. ഇവരും സംഘാടകര്‍ നല്കിയ ഉപ്പുമാവും ബിസ്‌ക്കറ്റ് കഴിച്ച് അന്ധവിശ്വാസത്തെ തുരത്തി. 

ഗ്രഹണത്തെ ക്യാമറയിലാക്കാന്‍ അമേരിക്കയില്‍ നിന്ന്  ഹൃദ്രോഗ ഡോക്ടറും

അമേരിക്കന്‍ പൗരനായ ചൗധരി വോലേറ്റി ചെറുവത്തൂരിലെത്തിയത് ഗ്രഹണം നിരീക്ഷിക്കാന്‍ മാത്രമല്ല.ഗ്രഹണവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഒപ്പിയെടുക്കാന്‍ കൂടിയാണ് ആണ് .അമേരിക്കയില്‍ ഹൃദ് രോഗ ഡോക്ടര്‍ ആയി സേവനം അനുഷ്ഠിച്ചിരുന്ന ഇദ്ദേഹത്തിന്റെ ഇഷ്ടമേഖലയാണ് ബഹിരാകാശവും  ഫോട്ടോഗ്രാഫിയും.വ്യത്യസ്ത സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഗ്രഹണം ക്യാമറയില്‍ പകര്‍ത്തുകയെന്നത്  ഈ 77 കാരന്റെ  പ്രധാന വിനോദമാണ്.ഇത്തരത്തില്‍ ഗ്രഹണ ഫോട്ടോ ഉള്‍പ്പെടുന്ന നിരവധി  ആല്‍ബങ്ങള്‍ ഇദ്ദേഹത്തിന്റെ കൈവശമുണ്ട്.കുട്ടമത്ത് ഗ്രഹണം നിരീക്ഷിക്കാന്‍ എത്തിയവര്‍ക്കുള്ള സംശയങ്ങള്‍ ദൂരിക്കരിക്കുന്നതിനും ഇദ്ദേഹം മുന്നിട്ട് നിന്നു. ചൗധരി വോലേറ്റി ജനിച്ചതും വളര്‍ന്നും ആന്ധ്രയിലെ തിരുപ്പതിയില്‍ ആയിരുന്നു. അമേരിക്കയിലെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച ഇദ്ദേഹം ,തന്റെ ഇഷ്ട മേഖലകളില്‍ വിരഹിക്കുമ്പോഴും ,അവശേഷിക്കുന്ന സമയം തിരുപ്പതിയിലെ  ശ്രീ സത്യസായി ആശുപത്രിയിലെ രോഗികളെ ചികിത്സിക്കുന്നതിനാണ് ചെലവഴിക്കുന്നത്.

വലയ സൂര്യഗ്രഹണത്തെ ആഘോഷമാക്കി തൈക്കടപ്പുറം 

സ്വദേശികളും വിദേശികളും സ്ത്രീകളും കുട്ടികളും വിദ്യാര്‍ത്ഥികളുമടങ്ങുന്ന ആയിരക്കണക്കിനാളുകളാണ് മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സൂര്യഗ്രഹണം കാണാന്‍ നീലേശ്വരം തൈക്കടപ്പുറത്തെത്തിയത്.രാവിലെ 8.04 ആരംഭിച്ച സൂര്യഗ്രഹണം 11.04 ഓടെയാണ് അവസാനിച്ചത്.9.24 ഓടെ വലയസൂര്യഗ്രഹണം ദൃശ്യമായി.കേരളത്തില്‍ ആദ്യം സൂര്യഗ്രഹണം ദ്യശ്യമാകുന്ന സ്ഥലങ്ങളില്‍ ഒന്നാണ് തൈക്കടപ്പുറം ബീച്ച്. തൈക്കടപ്പുറത്ത്  3.12 മിനുട്ടാണ് വലയസൂര്യഗ്രഹണം ദൃശ്യമായത്.

ഗ്രഹണത്തിന് തുടക്കത്തില്‍ ഇടക്കിടെ  കാര്‍മേഘം മറച്ചെങ്കിലും വലയഗ്രഹണം നടക്കുമ്പോഴേക്കും ആകാശം തെളിഞ്ഞു. .നീലേശ്വരം നഗരസഭയുടെയും കോഴിക്കോട് മേഖല ശാസ്ത്ര കേന്ദ്രം ആന്റ്  പ്ലാനിറ്റോറിയത്തിന്റെയും കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് ഫിസിക്സ് വിഭാഗത്തിന്റെയും നെയ്തല്‍ കടലാമ പ്രജനന- സംരക്ഷണ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിലാണ്  ഇവിടെ വലയസൂര്യഗ്രഹണം നിരീക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയത് . ഇവരോടൊപ്പം കര്‍ണ്ണാടകയിലെ ജ്ഞാന്‍ വിജ്ഞാന്‍ പരിഷത്തിന്റെ സഹകരണവും ഉണ്ടായിരുന്നു. 

റഷ്യയിലെ മോസ്‌കോ സയന്റിഫിക് ട്രാവല്‍ ക്ലബായ അസ്ട്രോവെര്‍ട്ടിലെ അംഗങ്ങളായ സ്റ്റെനിസ്ലേവ് കൊറോട്ക്കി, എരീന മാക്സ്, സെര്‍ഗയ്, എവ്ഗയ്നി എന്നിവരും ഐടി പ്രൊഫഷണലായ പായ്വല്‍ ഉക്രെയ്നില്‍ നിന്നുള്ള ഐടി പ്രൊഫഷണലായ അലക്സാണ്ടറും ഗ്രഹണം വീക്ഷിക്കാനും സൂര്യനെ കുറിച്ചുള്ള പഠനങ്ങള്‍ക്കുമായി തൈക്കടപ്പുറത്ത് എത്തിയിരുന്നു. ജനങ്ങള്‍ക്ക് ഫില്‍ട്ടറുകള്‍ ഉപയോഗിച്ച്  മൊബൈലില്‍ ഗ്രഹണത്തിന്റെ ചിത്രം പകര്‍ത്താനും ഇവര്‍ സഹായം നല്‍കി.2020 ജൂണിലെ സൂര്യഗ്രഹണം വീക്ഷിക്കാന്‍ ഡല്‍ഹിയിലെത്തുമെന്ന് ടീം ലീഡറായ സ്റ്റെനിസ്ലേവ് കൊറോട്ക്കി പറഞ്ഞു.

ആടിയുംപാടിയും ഗ്രഹണത്തെ വരവേല്‍ക്കുകയായിരുന്നു കര്‍ണ്ണാടകത്തില്‍ നിന്നെത്തിയ 30 അംഗ സംഘം.കര്‍ണ്ണാടക ഷിമോഗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജ്ഞാന്‍ വിജ്ഞാന്‍ പരിഷത്തിന്റെ നേതൃത്വത്തിലുള്ള ഈ സംഘത്തില്‍ പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും അടക്കമുണ്ട്. ഗ്രഹണം വീക്ഷിക്കാനെത്തിയവര്‍ക്ക് അഞ്ഞൂറോളം കണ്ണടകള്‍ സൗജന്യമായി ഇവര്‍ വിതരണം ചെയ്തു. വലയസൂര്യഗ്രഹണത്തിനു ശേഷം നാട്ടുകാര്‍ക്കും  നാടിനും ജയ് വിളിച്ചാണ്  മടങ്ങിയത്.ഡോ വിജയ് വാമന്‍ ആണ് സംഘത്തിന് നേതൃത്വം നല്‍കിയത്.കേരളത്തില്‍നിന്ന് ലഭിച്ചത് അപൂര്‍വ്വ അനുഭവമാണെന്ന് ഡോക്ടര്‍ വാമന്‍ പറഞ്ഞു.ശാസ്ത്ര യുക്തികൊണ്ട് കൊണ്ട് അന്ധവിശ്വാസങ്ങളെ തടയുന്നതിന് ബോധവല്‍ക്കരണം നടത്തിയതിനും  സൂര്യഗ്രഹണം എല്ലാവര്‍ക്കും കാണുന്നതിന് അവസരമൊരുക്കിയതിലും  അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു

ക്രിസ്മസ് അവധിയില്‍ ഗ്രഹണം ആഘോഷമാക്കുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. തൈക്കടപ്പുറത്ത് ഗ്രഹണം വീക്ഷിക്കാനെത്തിയവരില്‍ നല്ലൊരു ശതമാനം സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു.ഗ്രഹണം കാണാനായി കോഴിക്കോട് പ്ലാനിറ്റോറിയം തയ്യാറാക്കിയ ബ്ലാക്ക് ബോക്സുകള്‍ ഏറ്റെടുത്തത് ഇവരാണ്.ഇവര്‍ കടപ്പുറത്ത് ഗ്രഹണം കണ്ടും കാണിച്ചു കൊടുത്തും ആഘോഷമാക്കി.നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികളും ഗ്രഹണം വീക്ഷിക്കാന്‍ എത്തിയിരുന്നു.

വലയസൂര്യഗ്രഹണം കാണാനെത്തിയവര്‍ക്ക് തൈക്കടപ്പുറത്ത് വിതരണം ചെയ്തത് 2000 ഓളം കണ്ണടകളാണ്. കോഴിക്കോട് മേഖല ശാസ്ത്ര കേന്ദ്രം ആന്റ് പ്ലാനിറ്റോറിയം, കര്‍ണ്ണാടക ജ്ഞാന്‍ വിജ്ഞാന്‍ പരിഷത്ത്, കാസര്‍കോട് എല്‍ ബി എസ് എന്‍ജിനീയറിംഗ് കോളേജ് എന്നിവരാണ്   കണ്ണടകള്‍ ലഭ്യമാക്കിയത്. ഇത് കൂടാതെ രണ്ട് ബ്ലാക്ക് ബോക്സുകള്‍ ( പിന്‍ഹോള്‍ കാമറ), രണ്ട് സിംപിള്‍ ടെലസ്‌കോപ്പ്, ഒരു മിറര്‍ റിഫ്ലളക്ഷന്‍ സംവിധാനം തുടങ്ങിയ പ്ലാനിറ്റോറിയത്തിന്റെ ഭാഗമായി ഗ്രഹണം വീക്ഷിക്കാന്‍ കടപ്പുറത്ത് സജീകരിച്ചിരുന്നു.

വലയ സൂര്യഗ്രഹണം കാണാനെത്തിയവര്‍ക്ക് സേവനങ്ങളുമായി നീശ്വേരം താലൂക്ക് ആശുപത്രിയും നീലേശ്വരം പൊലീസ് സ്റ്റേഷനും തീരദേശ പൊലീസ് സ്റ്റേഷനും  ഫയര്‍ ആന്റ് റെസ്‌ക്യു വിഭാഗവും സേവനവുമായി കടപ്പുറത്ത് എത്തിയിരുന്നു.   നീശ്വേരം താലൂക്ക് ആശുപത്രിയിലെ ഡോ.ജമാല്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആബുലന്‍സ് അടക്കമുള്ള സജീകരണങ്ങളോടെ കടപ്പുറത്ത് എത്തിയത്.ഗ്രഹണം കാണാനെത്തിയ ഒരു കുട്ടിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഉടന്‍ പ്രാഥമിക ചികിത്സ നല്‍കാനും ഇവര്‍ക്കായി.

നീലേശ്വരം നഗരസഭ ചെയര്‍മാന്‍ കെ പി ജയരാജന്‍, വൈസ് ചെയര്‍പേഴ്സണ്‍ വി ഗൗരി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ എ കെ കുഞ്ഞികൃഷ്ണന്‍, ടി പി മുഹമ്മദ് റാഫി, പി എം സന്ധ്യ, വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ പി സുധാകരന്‍, എം ലത, ഏറുമാട് മോഹനന്‍, കെ പ്രകാശന്‍, പി കുഞ്ഞികൃഷ്ണന്‍, സി മാധവി, കെ വി ഉഷ, കെ വി രാധ, ടി പി ബീന, വി കെ റഷീദ, എന്‍ പി അയിഷബീ, കെ തങ്കമണി, കെ വി ഗീത, കെ പി കരുണാകരന്‍, പൊതു പ്രവര്‍ത്തകരായ കെ ബാലകൃഷ്ണന്‍ കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍,   തുടങ്ങിയവര്‍ വലയ സുര്യഗ്രഹണം കാണാന്‍ തൈക്കടപ്പുറത്ത് എത്തിയിരുന്നു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഭക്ഷണ വിതരണവും ഏര്‍പ്പെടുത്തിയിരുന്നു . സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കരുത് എന്ന അന്ധ വിശ്വാസത്തെ തിരുത്തുന്നതിന് ആയിരുന്നു ഇത്

പറഞ്ഞും  പഠിപ്പിച്ചും പ്രദര്‍ശനം

വലയസൂര്യഗ്രഹണം കാണാനെത്തിയവര്‍ക്ക് സൂര്യഗ്രഹണത്തെ കുറിച്ച് അറിവ് നല്‍കാന്‍കോഴിക്കോട്  മേഖല ശാസ്ത്ര കേന്ദ്രം ആന്റ് പ്ലാനിറ്റോറിയം പ്രദര്‍ശനം ഒരുക്കി.  വാഹനത്തില്‍ സജീകരിച്ച എക്സിബിഷനില്‍ സൂര്യഗ്രഹണത്തിലെ പ്രതിഭാസങ്ങളായ ഡയമണ്ട് റിംഗ്, ബെയ്ലി ബീഡ്സ്, സൂര്യന്റെ കൊറോണ,  സൂര്യഗ്രഹണം എങ്ങനെയുണ്ടാകുന്നു എന്നതിനെ കുറിച്ചുമുള്ള വിശദമായ വിവരങ്ങള്‍  ചിത്രങ്ങളിലൂടെ വ്യക്തമാക്കി. കൂടാതെ ഡിസംബര്‍ 26 ന് ദൃശ്യമായ സൂര്യഗ്രഹണത്തിന്റെ പാതയും എക്സിബിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഗ്രഹണം കാണാനെത്തിയ എല്ലാവരും ഈ എക്സിബിഷനുംകാണാനെത്തിയിരുന്നു. 

 

date