Skip to main content

കാര്‍ഷിക- വ്യാവസായിക പ്രദര്‍ശനത്തില്‍ താരമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകൾ

 

ആലപ്പുഴ: എസ്ഡിവി സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന കാര്‍ഷിക വ്യാവസായിക പ്രദര്‍ശനം നാളെ അവസാനിക്കാനിരിക്കെ താരമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകള്‍. ആയിരത്തോളം ആളുകളാണ് ദിനേന പ്രദര്‍ശനം കാണാന്‍ എത്തുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങള്‍ ഉള്‍പ്പടെയുള്ള സ്റ്റാളുകള്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളില്‍ അഗ്നിശമന സേന ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, കെമിക്കല്‍ സ്യൂട്, സ്‌ക്യൂബ സ്യൂട്, കൂളിംഗ് ഹെല്‍മെറ്റ് തുടങ്ങിയവ കാഴ്ചക്കാരില്‍ കൗതുകം ഉണര്‍ത്തുന്നവയാണ്. എക്‌സൈസ് വകുപ്പിന്റെ വിമുക്തി ലഹരി ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഗവ.റ്റി.ഡി മെഡിക്കല്‍ കോളേജിന്റെ നേതൃത്വത്തില്‍ ശ്വാസകോശം, ഹൃദയം, തുടങ്ങിയ അവയവങ്ങളും പ്രദര്‍ശനത്തിനായി എത്തിച്ചിട്ടുണ്ട്.  വിവിധ ഉണക്ക മീന്‍ അടക്കമുള്ള ഉത്പന്നങ്ങളുമായാണ് ഫിഷറീസ് വകുപ്പിന്റെ തീരമൈത്രി സാഫ് പ്രദര്‍ശനത്തിന് എത്തിയിട്ടുള്ളത്. കയര്‍ വകുപ്പ് വിവിധ കയർ ഉത്പന്നങ്ങളുമായാണ് സ്റ്റാളിൽ ഇടം പിടിച്ചിരിക്കുന്നത്.
ക്ഷീര വികസന വകുപ്പ് വിവിധ പാൽ ഉത്പന്നങ്ങളുടെ വിപണനമാണ് ഒരുക്കിയിരിക്കുന്നത്. പേട, മിഠായി, തുടങ്ങി വിവിധ തരം ഫ്ലെവേർഡ് മിൽക്ക്  ഉത്പന്നങ്ങളാണ് സ്റ്റാളിലുള്ളത്. നഗരസഭാ  ഹരിത കര്‍മ സേന തുണി ബാഗ് നിർമിച്ചു പ്ലാസ്റ്റിക് നിരോധന സന്ദേശമാണ് സ്റ്റാളിലുടെ  നൽകുന്നത്. ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ നിന്നുള്ള ആത്മയുടെ സ്റ്റാള്‍, കര്‍ഷകരുടെ സംശയനിവാരണത്തിനായി ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ സ്റ്റാള്‍ തുടങ്ങിയവയും ഇവിടെയുണ്ട്. ജില്ല റ്റി.ബി കേന്ദ്രത്തിന്റെ സ്റ്റാളില്‍ ക്ഷയരോഗ നിര്‍ണയത്തിന്റെ വിശദ വിവരങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ബോധവത്കരണവും നടത്തുന്നുണ്ട്. അന്യംനിന്നു കൊണ്ടിരിക്കുന്ന കാര്‍ഷിക ചെടികളുടെയും ഔഷധ സസ്യങ്ങളുടെയും തൈകള്‍, ജൈവ പച്ചക്കറി വിത്തുകള്‍, മട്ടുപ്പാവില്‍ കൃഷി ചെയ്യാവുന്ന ഗ്രോബാഗുകള്‍, ഹൈബ്രിഡ് വിദേശയിനം തെങ്ങിന്‍ തൈകള്‍, ഒരുവര്‍ഷം കൊണ്ട് കായ്ക്കുന്ന മാവിന്‍ തൈകള്‍ തുടങ്ങി ഒട്ടനവധി പുഷ്പ ഫല കാര്‍ഷിക ഉത്പ്പന്നങ്ങളും മേളയെ വേറിട്ട് നിര്‍ത്തുന്നു.
പ്രദർശനത്തിൻറെ ഭാഗമായി വിവിധ ഇനങ്ങളില്‍പെട്ട മുപ്പതോളം അപൂര്‍വ്വ നായ്ക്കളുടെ പ്രദര്‍ശന മത്സരത്തിൽ കേരള പോലീസിന്റെ ഡോഗ് സ്‌കോഡിലെ നായകളുടെ പ്രത്യേക ഷോ ജനസ്രദ്ധ ആകര്‍ഷിച്ചു. ബെസ്റ്റ് ഓഫ് ദി ഷോ ആയി ഗോപാലിൻറെ സെന്റ് ബെര്‍ണാഡ് വിഭാഗത്തിലെ നായയെ തിരഞ്ഞെടുത്തു.

 

date